Begin typing your search above and press return to search.
നിങ്ങള്‍ക്ക് നല്ല നേതാവാകണോ?
ഓഫീസില്‍ അന്നൊരു സാധാരണ ദിവസമായിരുന്നു. പതിവുപോലെ എന്റെ സീറ്റിലേക്ക് നടക്കുമ്പോള്‍ സഹപ്രവര്‍ത്തകന്‍ രജിത്തിന്റെ സീറ്റിലേക്ക് നോക്കാതിരിക്കാനായില്ല. ലളിതമായ ആ വര്‍ക്ക്സ്പേസില്‍ അന്ന് ഒരു സൂപ്പര്‍സ്റ്റാറിന്റെ വലിയ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നു.
''വലിയ ആരാധകനാണല്ലേ?''
എന്റെ ചോദ്യം കേട്ട് രജിത് തലയുയര്‍ത്തി നോക്കി. ''അതെ'' എന്ന ഉത്തരത്തില്‍ ആവേശവും ഒപ്പം അല്‍പ്പം നിരാശയുമുണ്ടായിരുന്നു. ''അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാന്‍. പക്ഷേ എന്നെ പോലുള്ള കടുത്ത ആരാധകര്‍ക്കുപോലും അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ ഇഷ്ടപ്പെട്ടില്ല. അടുത്തിടെ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ സിനിമകളെല്ലാം ബോക്സ് ഓഫീസ് പരാജയവും,'' നിരാശയുടെ കാരണം രജിത് തന്നെ വെളിപ്പെടുത്തി.
സിനിമാ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുണ്ട് ആ സൂപ്പര്‍സ്റ്റാറിന്. ഒട്ടനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഭിനയം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭ. പക്ഷേ എന്തുകൊണ്ടാണ് ഇപ്പോള്‍ മോശം തിരക്കഥ അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിക്കാത്തത് എന്നായിരുന്നു രജിത്തിന്റെ സംശയം.
ഈ ചോദ്യം എന്നെയും ഒന്ന് ചിന്തിപ്പിപ്പിച്ചു.
ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം ഞാന്‍ പറഞ്ഞു. ''റോളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇപ്പോള്‍ അദ്ദേഹത്തെ ഒട്ടേറെ ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടാകാം. നേരത്തെ നല്‍കിയ ചില ഉറപ്പുകളുണ്ടാകാം. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ ബന്ധങ്ങളുടെ പുറത്ത് ഒഴിഞ്ഞുമാറാന്‍ പറ്റാതെ ചിലത് ഏറ്റെടുക്കേണ്ടി വരുന്നുണ്ടാകും. ചിലപ്പോള്‍ നല്ല തിരക്കഥയാകും അത് സംവിധാനം ചെയ്തപ്പോള്‍ വന്ന പാകപ്പിഴയാകാം. പക്ഷേ ഇതിനേക്കാള്‍ ഏറ്റവും പ്രധാനം അദ്ദേഹം സ്വയം തന്റെ ആരാധകനെ പോലെ ചിന്തിക്കാന്‍ മടി കാണിച്ചതാകും''.
''ആരാധകനെ പോലെ ചിന്തിക്കുകയോ? അതെങ്ങനെ, മനസിലായില്ല''. രജിത്ത് പെട്ടെന്ന് അടുത്ത സംശയം ചോദിച്ചു. ഞാന്‍ പറഞ്ഞു;
''പൊതുവേ രണ്ടുതരം ആളുകള്‍ ഉണ്ടെന്നാണ് ധാരണ. ഒരു നേതാവിനെ പോലെ ചിന്തിക്കുന്നവരും. അനുയായികളെ പോലെ ചിന്തിക്കുന്നവരും. ഇത്തരം ധാരണകളോട് പൂര്‍ണമായും യോജിപ്പ് എനിക്കില്ല. പക്ഷേ നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് വിഭിന്നമായ വ്യക്തിത്വങ്ങള്‍ക്ക് നടുവിലാണ്. അതുകൊണ്ട് തന്നെ ചുറ്റിലും നടക്കുന്ന മാറ്റങ്ങളുടെ ഗതി അറിയാനും ജനസമൂഹത്തിന്റെ സ്പന്ദനം തൊട്ടറിയാനും ഒരു നേതാവിന് അനുയായിയെ പോലെ ചിന്തിക്കേണ്ടി വരും.
പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല ഇത്. നേതൃത്വത്തോടൊപ്പം വരുന്ന പ്രശസ്തിയും അധികാരവും നമ്മെ നിയന്ത്രിക്കുന്ന ഘടകങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അങ്ങനെ സംഭവിച്ചാല്‍ നമ്മെ അനുഗമിക്കുന്നവരുമായുള്ള ബന്ധം എന്നെന്നേക്കുമായി വിച്ഛേദിക്കപ്പെടും. നമ്മള്‍ നാം തന്നെ തീര്‍ക്കുന്ന ഒരു ഇടുങ്ങിയ അറയ്ക്കുള്ളില്‍ അറിയാതെ തളയ്ക്കപ്പെടും''.
സ്വയം വിലയിരുത്തുക
സത്യത്തില്‍ രജിത്തിന്റെ സംശയത്തിന് മറുപടി നല്‍കിയതാണെങ്കിലും ഏതൊരു മേഖലയിലുള്ളവര്‍ക്കും ബാധകമാണിതെന്ന് തോന്നി. നിങ്ങള്‍ നാളെയുടെ നക്ഷത്രങ്ങളാണ്. ഓരോ പടവുകള്‍ കയറുന്തോറും നേതൃമികവ് ആര്‍ജിക്കുന്നതിനൊപ്പം സ്വന്തം അനുയായി എങ്ങനെ ചിന്തിക്കുന്നുവോ അതുപോലെ ചിന്തിക്കാന്‍ ശ്രമിക്കുക. ഒരു ചുവട് പിന്നിലേക്ക് മാറിനിന്ന് നിങ്ങളുടെ ഓരോ പ്രവര്‍ത്തികളുടെയും സ്വാധീനം സ്വയം വിലയിരുത്തുക. ഒരേസമയം ഒരു നേതാവിന്റെയും അനുയായിയുടെയും ദ്വന്ദഭാവം ഉള്‍ക്കൊള്ളുക.
Next Story
Videos