സംരംഭക വര്‍ഷം പദ്ധതി: ആയിരത്തിലേറെ നിയമനം; എംബിഎ, ബി ടെക് ബിരുദധാരികള്‍ക്ക് അവസരം

ഇന്റേണുകളായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. 1155 ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തേക്കാണ് നിയമനം നടത്തുന്നത്.
സംരംഭക വര്‍ഷം പദ്ധതി: ആയിരത്തിലേറെ നിയമനം; എംബിഎ, ബി ടെക് ബിരുദധാരികള്‍ക്ക് അവസരം
Published on

2022-23 വര്‍ഷത്തില്‍ കേരളത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പദ്ധതിയാണ് 'സംരംഭക വര്‍ഷം'. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ, സഹകരണ വകുപ്പുകളുടെയുള്‍പ്പെടെ സഹകരണത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ലക്ഷം സംരംഭങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പദ്ധതിയുടെ വിശദമായ ആസൂത്രണം നടന്നുകൊണ്ടിരിക്കുന്നു. ഫെബ്രുവരി മാസം ഉദ്ഘാടനം നടന്നതിന് ശേഷം മാര്‍ച്ച് മുതല്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച അവസരങ്ങളൊരുക്കാനും വായ്പ അടക്കം സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയിലൂടെ കൂടുതല്‍ സംരംഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരും.

ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഈ ശില്‍പശാലയിലൂടെ എങ്ങനെ ലൈസന്‍സ് കിട്ടും, ഏതൊക്കെ സബ്‌സിഡി ലഭിക്കും, ബാങ്ക്‌ലോണ്‍ എങ്ങനെ ലഭ്യമാകും, പ്രദേശത്തിനനുസരിച്ച് ഏത് സംരംഭമാണ് നല്ലത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കും. തുടര്‍ന്ന് ലൈസന്‍സ്, ലോണ്‍, സബ്‌സിഡി മേളകള്‍ സംഘടിപ്പിക്കും. ഇത്തരത്തിലുള്ള ഒരു കാമ്പെയിന് പ്രാദേശിക തലത്തില്‍ ഏകോപനം നടത്താനും തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം ഓരോ തദ്ദേശ സ്ഥാപന തലത്തിലും സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ട ഏകോപനവും നേതൃത്വവും നല്‍കാനായി 1155 ഇന്റേണ്‍സിനെ വ്യവസായ വകുപ്പ് നിയമിക്കുന്നു. 20,000 രൂപ പ്രതിമാസ വേതന നിരക്കില്‍ എം ബി എ, ബി ടെക്ക് ബിരുദധാരികള്‍ക്കാണ് അവസരം.

1155 പേരെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിയമിക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്ന് വ്യവസായ വകുപ്പ് പുറപ്പെടുവിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് വെബ്‌സൈറ്റായ www.cmdkerala.net വഴി 23/02/2022 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മികച്ച ഇടപെടല്‍ നടത്താന്‍ താല്‍പ്പര്യമുള്ള യുവതീ യുവാക്കള്‍ www.cmdkerala.net എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കുക.

(വ്യവസായ മന്ത്രി, പി രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com