ഹാര്‍ഡ്‌വെയര്‍ വിപ്ലവത്തിന് വഴിയൊരുക്കി സൂപ്പര്‍ ഫാബ്‌ലാബ്

കേരളത്തിലെ സ്റ്റാര്‍ട്ടപ് മേഖലയ്ക്ക് കിട്ടുന്നൊരു സുവര്‍ണ്ണ സമ്മാനമാണ് 2020 ജനുവരിയില്‍ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സില്‍ (ISC) പ്രവര്‍ത്തനം ആരംഭിക്കുന്ന സൂപ്പര്‍ ഫാബ്‌ലാബ്. അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി (MIT) സഹകരിച്ചുകൊണ്ടാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സൂപ്പര്‍ ഫാബ്‌ലാബ് യാഥാര്‍ത്ഥ്യമാക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് MIT നിര്‍മിക്കുന്ന ആദ്യ സൂപ്പര്‍ ഫാബ്‌ലാബാണ് കൊച്ചിയിലേത്.

ഫാബ്രിക്കേഷന്‍ ലബോറട്ടറികളെയാണ് ഫാബ്‌ലാബ് എന്ന് വിളിക്കുന്നത്. വിവിധതരം ഉല്‍പ്പന്നങ്ങളും മെഷീനുകളുമൊക്കെ വികസിപ്പിച്ചെടുക്കാനുള്ള എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും ഫാബ്‌ലാബുകളില്‍ ഉണ്ടാകും. തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലും കൊച്ചിയിലെ ISCയിലും ഇപ്പോള്‍ 2 ഇലക്ട്രോണിക്‌സ് ഫാബ്‌ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലായി 20 മിനി ഫാബ്‌ലാബുകളും നിലവിലുണ്ട്. ഇവയ്ക്ക് പുറമേയാണ് ലോകത്തെ തന്നെ രണ്ടാമത്തെ സൂപ്പര്‍ ഫാബ്‌ലാബ് കൊച്ചിയില്‍ അണിഞ്ഞൊരുങ്ങുന്നത്.

സവിശേഷതകള്‍

ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലെ 10,000 ചതുരശ്ര അടി സ്ഥലത്താണ് സൂപ്പര്‍ ഫാബ്‌ലാബ് വരുന്നത്. ഒരു മില്യണ്‍ യു.എസ് ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള വിവിധതരം എക്വിപ്‌മെന്റുകളാണ് സൂപ്പര്‍ ഫാബ്‌ലാബിന്റെ കരുത്ത്. നിലവിലുള്ള ഫാബ്‌ലാബുകളില്‍ ലോഹങ്ങളിലുള്ള (Metal) പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ലെങ്കിലും സൂപ്പര്‍ ഫാബ്‌ലാബില്‍ അതിനുള്ള ഏറ്റവും മികച്ച മെഷീനുകള്‍ ലഭ്യമാകും. മിനി ബ്‌ലാബുകള്‍ക്കാവശ്യമുള്ള മെഷീനുകളും സൂപ്പര്‍ ഫാബ്‌ലാബില്‍ നിര്‍മ്മിക്കാനാകും.

മെറ്റല്‍ മെഷീനിംഗ് രംഗത്ത് മള്‍ട്ടി- ആക്‌സിസ് മാനുവല്‍ ആന്റ് സി.എന്‍.ജി മില്ലിംഗ്, ടേണിംഗ്, കട്ടിംഗ് തുടങ്ങിയവയൊക്കെ ഇവിടെ നിര്‍വ്വഹിക്കാനാകും. പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യുന്നതിനുള്ള ഹൈസ്പീഡ് മെഷീനുകളും സൂപ്പര്‍ ഫാബ്‌ലാബിലുണ്ടാകും. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പ്രൊഡക്ഷനുള്ള സൗകര്യത്തിന് പുറമേ അവയുടെ ടെസ്റ്റിംഗ് എക്വിപ്‌മെന്റുകളും ഇവിടെയുണ്ടായിരിക്കും. തടിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഫര്‍ണിച്ചര്‍ പ്രൊട്ടോടൈപ്പിംഗിനുള്ള മെഷീനുകളും ലഭ്യമാകും.

'കേരളത്തിലെ ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകളുടെയും ഹാര്‍ഡ്‌വെയര്‍ കമ്പനികളുടെയും മികച്ച വളര്‍ച്ചയ്ക്ക് സൂപ്പര്‍ ഫാബ് ലാബ് വഴിയൊരുക്കുന്നതോടെ ഹാര്‍ഡ്‌വെയര്‍ രംഗത്തും സംസ്ഥാനത്തിന് വലിയൊരു മുന്നേറ്റം നടത്താന്‍ സാധിക്കുന്നതാണ്' കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സി.ഇ.ഒയായ ഡോ.സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.

സുസജ്ജമായ 3D പ്രിന്റിംഗ് ഫാം
അള്‍ട്രാ ഹൈ റെസലൂഷന്‍ 3D സ്‌കാനിംഗ് ആന്റ് പ്രിന്റിംഗിനുള്ള സൗകര്യമാണ് സൂപ്പര്‍ ഫാബ്‌ലാബിനെ വേറിട്ട് നിര്‍ത്തുന്നത്. വ്യത്യസ്ത തരത്തിലുള്ള അനേകം 3D പ്രിന്ററുകളുണ്ടെന്നതിനാല്‍ ഒരു ഉല്‍പ്പന്നത്തിന്റെ ഓരോ ഭാഗവും വിവിധ പ്രിന്ററുകളില്‍ ഒരുമിച്ച് പ്രിന്റ് ചെയ്ത് നിര്‍മിക്കാന്‍ സാധിക്കും.


വിശദവിവരങ്ങള്‍ക്ക്: www.startupmission.kerala.gov.in, 0471- 2700270.

Related Articles
Next Story
Videos
Share it