ബിസിനസിലും 'അയേണ്‍ മാന്‍' ആണ്‌ ജോബി

നീന്തല്‍, സൈക്ലിംഗ്, പിന്നെ മാരത്തോണ്‍ ഇവ മൂന്നും ചേരുന്ന അയേണ്‍ മാന്‍ ഇവന്റ് ഒരു തവണയല്ല, മൂന്ന് തവണ വിജയകരമായി പൂര്‍ത്തിയാക്കിയ ബിസിനസ് സാരഥിയാണ് കൊച്ചിയിലെ റഫറന്‍സ് പോയ്ന്റ് ടെക്‌നോളജി സര്‍വീസസ് മാനേജിംഗ് ഡയറക്റ്റര്‍ ജോബി പോള്‍.

അയേണ്‍ മാന്‍ മത്സരവേദിയിലേക്ക് എത്തിയ വഴിയും ആ മത്സരങ്ങള്‍ ബിസിനസ് വിജയത്തിനെങ്ങനെ സ്വാധീനിക്കുന്നുവെന്നും ജോബി പോള്‍ വിശദീകരിക്കുന്നു:

ചെറുപ്പം മുതല്‍ ഫിറ്റ്‌നസില്‍ ശ്രദ്ധയുണ്ടായിരുന്നു. എന്നാല്‍ സജീവമായി കായികയിനങ്ങളില്‍ പങ്കെടുത്തിരുന്നുമില്ല. ജോലിയുടെ ഭാഗമായി 2012ല്‍ അമേരിക്കയിലെത്തിയപ്പോഴാണ് പാശ്ചാത്യര്‍ എത്രമാത്രം ഫിറ്റ്‌നസിന് ശ്രദ്ധ കൊടുക്കുന്നുവെന്ന് മനസ്സിലായത്. നമ്മള്‍ ചെയ്ത വര്‍ക്കൗട്ടിന് പോയ്ന്റ് നല്‍കി റെസ്‌റ്റോറന്റുകളില്‍ ഇളവുകള്‍ വരെ ലഭിക്കും. യുഎസിലെ അന്നത്തെ സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായി ഞാന്‍ ഓടാന്‍ തുടങ്ങി. ഓട്ടം നമ്മുടെ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. 2013ല്‍ സോള്‍സ് കൊച്ചിയോട് ചേര്‍ന്ന് ഓട്ടം ജീവിതത്തിന്റെ ഭാഗമാക്കി.

ഒരിക്കല്‍ കൂര്‍ഗ് മാരത്തോണില്‍ പങ്കെടുക്കുമ്പോഴാണ് ആദ്യമായി മിലിന്ദ് സോമനെ പരിചയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യതലമുറ അയേണ്‍ മാനാണ് അദ്ദേഹം. മിലിന്ദ് സോമനുമായുള്ള ആ കൂടിക്കാഴ്ചയാണ് എന്നെ അയേണ്‍ മാന്‍ ഇവന്റിലേക്ക് അടുപ്പിക്കുന്നത്. നീന്തല്‍, സൈക്ലിംഗ്, ഓട്ടം ഇവ മൂന്നും ചേരുന്നതാണ് അയേണ്‍ മാന്‍. ട്രയാത്‌ലണില്‍ 1.5 കിലോമീറ്റര്‍ നീന്തല്‍, 40 കിലോമീറ്റര്‍ സൈക്ലിംഗ്, 10 കിലോമീറ്റര്‍ ഓട്ടം ഇവയാണെങ്കില്‍ അയേണ്‍മാന്‍ ചാംമ്പ്യന്‍ഷിപ്പില്‍ ഇത് നാല് കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ സൈക്ലിംഗ്, 42.2 കിലോമീറ്റര്‍ ഓട്ടം എന്നിവയാണ്.

ഒരേ തരത്തിലുള്ള വ്യായാമം ഒഴിവാക്കാന്‍ വേണ്ടിയാണ് ഓട്ടത്തിനൊപ്പം നീന്തലും സൈക്ലിംഗുമൊക്കെ ഞാന്‍ ആദ്യം പരിശീലിച്ചത്. ഒരേ കാര്യം നാം സ്ഥിരം ചെയ്താല്‍ വിരസമാകും. ഞങ്ങളുടെ പ്രോജക്റ്റുകളും അതുപോലെയാണ്. എംബഡഡ് സിസ്റ്റം രംഗത്താണ് ഞങ്ങളുടെ കമ്പനി പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ മെഡിക്കല്‍ രംഗത്തെ കമ്പനിയുടെ പ്രോജക്റ്റാവാം ചിലപ്പോള്‍ കണ്‍സ്ട്രക്ഷന്‍ രംഗത്തേതാകാം. പരസ്പര ബന്ധമില്ലാത്ത മേഖലകളിലെ പുതുമയേറിയ കാര്യങ്ങള്‍ വെറും ആശയത്തിന്റെ ഘട്ടത്തില്‍ നിന്ന് പുതിയൊരു കണ്ടുപിടുത്തത്തിന്റെ തലത്തിലേക്ക് എത്തിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഇതിനിടെ അപ്രതീക്ഷിതമായ പലതും സംഭവിക്കും. നമ്മള്‍ വികസിപ്പിച്ചെടുത്ത ഒന്ന് റിയല്‍ സാഹചര്യത്തിലെത്തുമ്പോള്‍ പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കണമെന്നില്ല. എന്തിനെയും നേരിടാനുള്ള കരുത്തും ഏത് പ്രതികൂല സാഹചര്യത്തിലും അതിവേഗം മനസ് നേരെയാക്കി മറികടക്കാനുള്ള കഴിവും ഉണ്ടെങ്കില്‍ മാത്രമേ ഈ ഘട്ടങ്ങളെ എതിരിടാന്‍ സാധിക്കൂ.

ഓട്ടം എനിക്ക് അതൊക്കെയാണ് സമ്മാനിച്ചത്. ഞാനൊരു അള്‍ട്രാ റണ്ണറാണ്. എങ്കിലും അയേണ്‍മാന്‍ ഇവന്റ് ചെയ്യാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു.
ഞാന്‍ ആദ്യം ചെയ്ത ഹാഫ് അയേണ്‍മാനിന് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതോടെ ഒരു ലക്ഷ്യമായി. എന്റെ ക്ലയന്റുകള്‍ പാശ്ചാത്യരാണ്. അവര്‍ക്ക് നമ്മുടെ രാത്രിയാണ് പകല്‍. പക്ഷേ അവരോടൊക്കെ എന്റെ ലക്ഷ്യം പറഞ്ഞു. അധികം രാത്രിയാകാതെ മീറ്റിംഗുകള്‍ അവര്‍ ക്രമീകരിച്ചു. രാത്രി നേരത്തെ ഉറങ്ങി അതിരാവിലെ ഉണര്‍ന്ന് ഓടാനും തിരുമുപ്പം അമ്പലക്കുളം വരെ സൈക്കിളില്‍ പോയി നീന്താനും തുടങ്ങി.
ഇതൊരു സ്റ്റാര്‍ട്ടപ്പ് ഘട്ടത്തിന് സമാനമാണ്. നീന്തല്‍, സൈക്ലിംഗ് എന്നിവയിലെ ടെക്‌നിക്കുകള്‍ ശരിയാക്കാനാണ് ആദ്യം ഞാന്‍ ശ്രമിച്ചത്. പിന്നീട് അടുത്ത ഘട്ടത്തില്‍ വേഗത ആര്‍ജ്ജിച്ചു. ശരീരം നമ്മുടെ പരിശീലനത്തിനൊത്ത് പ്രതികരിക്കും. നാം എന്താണോ നിത്യം ചെയ്യുന്നത് അതുപോലെയാകും നമ്മുടെ ശരീരവും. നിത്യം ഭാരമുയര്‍ത്തിയാല്‍ മസിലുകള്‍ ശക്തിയാര്‍ജ്ജിക്കും. നിത്യം സൈക്ലിംഗ് നടത്തിയാല്‍ കാലുകള്‍ ഉരുക്ക് പോലാകും.

2016ല്‍ ബഹ്‌റിനില്‍ ഞാന്‍ ഹാഫ് അയേണ്‍ മാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. പിന്നീട് 2017ല്‍ ഫ്‌ളോറിഡയിലും 2018ല്‍ സൗത്ത് ആഫ്രിക്കയിലും 2019ല്‍ ഡെ•ാര്‍ക്കിലും അയേണ്‍മാന്‍ പട്ടം നേടി. അടുത്ത ലക്ഷ്യം ആസ്‌ത്രേലിയയാണ്.
സ്‌പോര്‍ട്‌സിലെന്ന പോലെ ബിസിനസിലും എനിക്ക് കുടുംബ പാരമ്പര്യമില്ല. ഓണക്കൂറില്‍ കാര്‍ഷികകുടുംബത്തിലാണ് ജനിച്ചത്. സ്‌പോര്‍ട്‌സില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ബിസിനസിലും കരിയറില്‍ നിന്നു പഠിച്ചവ സ്‌പോര്‍ട്‌സിലും പ്രയോഗിക്കാറുണ്ട്.

എന്റെ ആദ്യ ബോസ് പറയുന്ന ഒരു കാര്യമുണ്ട്. 'നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ആഡംബര വാഹനം വാങ്ങാം; അടുത്ത ആറുമാസത്തേക്ക് ഒരു ബിസിനസും ലഭിച്ചില്ലെങ്കിലും സംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെങ്കില്‍ മാത്രം.''
അയേണ്‍മാന്‍ ചെയ്യുമ്പോള്‍ ഓരോ ഘട്ടത്തിലും ശരീരിക ക്ഷമതയും മാനസിക ശക്തിയുമാണ് പരീക്ഷിക്കപ്പെടുന്നത്. നിരന്തര പരിശീലനം, മികവുറ്റ ടെക്‌നിക്ക്, സഹനക്ഷമത എന്നിവയിലൂടെയാണ് മനസും ശരീരവും ഫിറ്റ് ആയി നിലനിര്‍ത്തുന്നത്. ഡെ•ാര്‍ക്കില്‍ തണുത്തുറഞ്ഞ സമുദ്രത്തില്‍ നീന്തുമ്പോഴും കനത്ത മഴയില്‍ സൈക്ലിംഗ് നടത്തുമ്പോഴും തെന്നുന്ന പ്രതലത്തില്‍ മാരത്തോണ്‍ ഓടുമ്പോഴും മനസില്‍ ഈ ദുര്‍ഘടാവസ്ഥയും കഴിഞ്ഞുപോകും, 'ജോബി പോള്‍.. ദ് അയേണ്‍ മാന്‍' എന്ന പ്രഖ്യാപനവും ഇന്ത്യന്‍ പതാക പുതച്ചുള്ള ആഹ്ലാദവും മാത്രമായിരുന്നു മനസില്‍.
ഇന്ന് ഞങ്ങള്‍ക്ക് ലഭിച്ച കരാറുകള്‍ പോലും ഹോള്‍ഡ് ചെയ്യുന്ന അവസ്ഥയുണ്ട്. രാജ്യാന്തരതലത്തിലെ സാമ്പത്തിക ഞെരുക്കം മൂലം കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയതാണ് കാരണം. പക്ഷേ സാമ്പത്തികരംഗത്തെ തളര്‍ച്ച താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്. ഒരിടത്ത് തളര്‍ച്ച വരുമ്പോള്‍ മറ്റേതെങ്കിലും രംഗത്ത് വളര്‍ച്ചയുണ്ടാകും. മനസ് തളരാതെ അതിലേക്ക് ശ്രദ്ധയൂന്നാന്‍ പോസിറ്റീവായൊരു മനസും മനഃസാന്നിധ്യവും വേണം.

അത് സാധിക്കുമെന്നാണ് അയേണ്‍മാന്‍ പട്ടം എന്നെ പഠിപ്പിക്കുന്നത്. ഡെ•ാര്‍ക്കിലെ മത്സരത്തില്‍ അവസാനയിനമായ മാരത്തോണ്‍ ഓടുമ്പോള്‍ നാലുമണിക്കൂറില്‍ താഴെ അത് പൂര്‍ത്തിയാക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. പ്രതികൂലഘടകങ്ങള്‍ ഏറെയുണ്ടായെങ്കിലും 3.46 മണിക്കൂറില്‍ അത് പൂര്‍ത്തിയാക്കി. 12.37 മണിക്കൂറിലാണ് അയേണ്‍മാന്‍ ഇനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 17 മണിക്കൂറാണ് അനുവദനീയമായ സമയം.

'മാരത്തോണ്‍' കുടുംബം

ജോബി പോളിന്റെ കുടുംബാംഗങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ മാരത്തോണ്‍ വേദിയിലുണ്ട്. ഭാര്യ സ്വീറ്റി ഐടി പ്രൊഫഷണലാണ്. ഫുള്‍ മാരത്തോണ്‍ ഓടും. മകള്‍ ഏഴാംക്ലാസുകാരി നന്ദന 5 കിലോമീറ്റര്‍ ഓടാറുണ്ട്. എല്‍പി ക്ലാസുകാരനായ മകനും ഓടിതുടങ്ങി. ''ഓടി വരുമ്പോള്‍ ജോബിയുടെ വിവരണങ്ങള്‍ കേട്ടാണ് ഞാനും ഒപ്പം ചേര്‍ന്നത്. ആദ്യം ശരീരം തളര്‍ന്നുപോകും പോലെയായിരുന്നു. ഇപ്പോള്‍ കോയമ്പത്തൂര്‍ മാരത്തോണിലെ നിത്യം പങ്കെടുക്കുന്നവരാണ് ഞങ്ങള്‍,'' സ്വീറ്റി പറയുന്നു.
മനുഷ്യസാധ്യമാണോയെന്ന് ജോബി ആദ്യം കരുതിയ കാര്യമാണ് അയേണ്‍മാന്‍ പട്ടം. ഇന്നിപ്പോള്‍ മൂന്നെണ്ണമായി. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള അയേണ്‍മാന്‍ പട്ടമാണ് ഇനി ലക്ഷ്യം. ഒപ്പം ബിസിനസില്‍ തളരാതുള്ള മുന്നേറ്റവും.

സ്‌പോര്‍ട്‌സ് നായകന്മാരില്‍ നിന്നും ബിസിനസുകാര്‍ക്ക് പഠിക്കാനുണ്ട് ഇനിയും ഏറെ കാര്യങ്ങള്‍; അടുത്ത ലേഖനത്തില്‍ മാരത്തോണ്‍ വേദികള്‍ ബിസിനസ് വിജയത്തെ സഹായിച്ചതെങ്ങനെയെന്ന് എഡ്ഗാര്‍ പിന്റോ പറയുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it