എങ്ങനെ ഒരു ദിവസം തുടങ്ങാം? സെലബ്രിറ്റികള്‍ ഇങ്ങനെയാണ്

എല്ലാ വിജയികളായ സെലബ്രിറ്റികളും തന്നെ കൃത്യമായ ഒരു പ്രഭാതചര്യ പിന്തുടരുന്നവരാണ്. തങ്ങളുടെ തിരക്കുകള്‍ക്കിടയിലും അവര്‍ വ്യായാമം അടക്കമുള്ള ശീലങ്ങള്‍ മറക്കാറില്ല. ഈ സെലബ്രിറ്റികള്‍ അവരുടെ ദിവസം തുടങ്ങുന്നത് എങ്ങനെയാണെന്ന് നോക്കാം.

1. നേരത്തെ എഴുന്നേല്‍ക്കുന്നു

നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറേ സമയം കൂടുതല്‍ കിട്ടുന്നു. അതും ആരുംതന്നെ ശല്യപ്പെടുത്താത്ത സമയം. മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാറക് ഒബാമ രാത്രി വൈകി ഉറങ്ങുന്ന ആളാണെങ്കിലും രാവിലെ നേരത്ത തന്നെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നു. എട്ടരയ്ക്ക് അദ്ദേഹം ഓഫീസിലെത്തും. മിഷേല്‍ ഒബാമയും നേരത്തെ എഴുന്നേല്‍ക്കുന്ന രീതി പിന്തുടരുന്നു. വാള്‍ട്ട് ഡിസ്‌നി സിഇഎ ആയ റോബര്‍ട്ട് ഈഗെര്‍ രാവിലെ നാലരയ്ക്കാണ് എഴുന്നേല്‍ക്കുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക് മൂന്നേ മുക്കാലിന് എഴുന്നേല്‍ക്കുമത്രെ. ഒപ്രാ വിന്‍ഫ്രീ, ഇന്ദ്രാ നൂയി തുടങ്ങിയ വിജയികളായ വനിതകളും അതിരാവിലെ എഴുന്നേല്‍ക്കുന്നവരാണ്.

2. മെഡിറ്റേഷന്‍

മിക്ക സെലബ്രിറ്റികളും രാവിലെ ഉണര്‍ന്നശേഷം ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് മെഡിറ്റേഷന്‍. കണ്ണുകള്‍ അടച്ച് 20 മിനിറ്റുനേരം ധ്യാനിക്കുന്നത് ജോലിയുടെയും വ്യക്തിജീവിതത്തിലെയും സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാനും കഠിനമായ ഒരു ദിവസത്തിനുവേണ്ടി തയാറെടുക്കാനും സഹായിക്കുന്നു. ടെലിവിഷന്‍ സെലബ്രിറ്റിയായ ഒപ്രാ വിന്‍ഫ്രീ ദിവസം രണ്ടുനേരം ധ്യാനിക്കുന്ന വ്യക്തിയാണ്. പ്രതീക്ഷ, സന്തോഷം, മനശാന്തി എന്നിവയാണ് ധ്യാനം തരുന്നതെന്ന് അവര്‍ പറയുന്നു.

3. ചൂടുവെള്ളം കുടിക്കുന്നു

അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുന്നതിന് നിരവധി ഗുണങ്ങളുണ്ടത്രെ. ചെറുചൂടുള്ള വെള്ളത്തില്‍ നാരങ്ങാനീര് ഒഴിച്ച് കുടിച്ചശേഷം വ്യായാമം ചെയ്താല്‍ കൂടുതല്‍ ഫലം ലഭിക്കും. വ്യായാമത്തിന് ശേഷവും ആവശ്യത്തിന് വെള്ളം കുടിക്കണം. പല മോഡലുകളും ട്രെയ്‌നര്‍മാരും ഈ ശീലം പിന്തുടരുന്നവരാണ്.

4. വ്യായാമം

വ്യായാമം ചെയ്യാനുള്ള ഏറ്റവും നല്ല സമയമായി പറയുന്നത് രാവിലെയാണ്. ഓട്ടം, നടത്തം, നീന്തല്‍, കായികവിനോദങ്ങള്‍... ഇങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്ത് വ്യായാമവുമാകാം. ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീ രാവിലെ ആറ് മൈലുകള്‍ നടക്കാന്‍ സമയം കണ്ടെത്തുന്നു. ബില്‍ ഗേറ്റ്‌സ് ട്രെഡ്മില്ലില്‍ രാവിലെ ഒരു മണിക്കൂര്‍ നേരം വര്‍കൗട്ട് ചെയ്യുന്നു. വോഗ് മാസികയുടെ ചീഫ് എഡിറ്ററായ അന്ന വിന്റോര്‍ ടെന്നിസ് കളിച്ചാണ് ഒരു ദിവസം ആരംഭിക്കുന്നത്.

5. ആരോഗ്യകരമായ പ്രഭാതഭക്ഷണം

ദിവസത്തില്‍ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. പോഷകസമ്പുഷ്ടമായ ബ്രേക്ക്ഫാസ്റ്റ് ആരോഗ്യമുള്ള ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്. മുട്ടയുടെ വെള്ള, പഴങ്ങള്‍, ജൂസ്, നട്ട്‌സ്, ഓട്ട്‌സ്, കൊഴുപ്പുകുറഞ്ഞ പാല്‍ തുടങ്ങിയവ അടങ്ങിയ പ്രഭാതഭക്ഷണമാണ് സെലബ്രിറ്റികളേറെയും പിന്തുടരുന്നത്. ഗ്രീന്‍ടീയും രാവിലെ സ്ഥിരമായി കുടിക്കുന്നവരുണ്ട്.

Related Articles
Next Story
Videos
Share it