സച്ചിനും ബിന്നിയും ഇല്ലാത്ത ഫ്ലിപ്കാർട്ട്
വർഷം 2007. സ്റ്റാർട്ടപ്പ് എന്ന വാക്ക് ഇന്ത്യക്കാർക്ക് അത്ര പരിചിതമല്ലാത്ത കാലം. ആമസോണിൽ ജോലി ചെയ്തിരുന്ന രണ്ട് സുഹൃത്തുക്കൾ സ്വന്തമായി ഒരു ഓൺലൈൻ ബുക്ക്സ്റ്റോർ തുടങ്ങാൻ തീരുമാനിച്ചു.
ഐഐടി-ഡൽഹിയിൽ നിന്ന് നേടിയ ബിരുദവും അധ്വാനിക്കാനുള്ള മനസും നിശ്ചയദാര്‍ഢ്യവുമായിരുന്നു ഫ്ലിപ്കാർട്ട് എന്ന സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ സച്ചിൻ ബൻസാലിന്റെയും ബിന്നി ബൻസാലിന്റെയും കയ്യിൽ ആകെ ഉണ്ടായിന്ന നിക്ഷേപം.
2008 ജനുവരിയിൽ ആദ്യ ഓഫീസ് കോറമംഗലയിൽ തുറന്നു. ഒരു വർഷത്തിനുള്ളിൽ 3,400 ഷിപ്മെന്റുകൾ വിജയകരമായി പൂർത്തിയാക്കി. പിന്നീട് ഇരുവർക്കും തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചെറുതും വലുതുമായ നിരവധി നിക്ഷേപകർ ഫ്ലിപ്കാർട്ടിനെ തേടിയെത്തി.
വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് കമ്പനിയായി വളർന്നു. കമ്പനിയുടെ വളർച്ച ഒടുവിൽ അമേരിക്കൻ റീറ്റെയ്ൽ ഭീമനായ വാൾമാർട്ടിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ 2018 ൽ 16 ബില്യൺ ഡോളർ നിക്ഷേപം നടത്തി ഫ്ലിപ്കാട്ടിന്റെ 77 ശതമാനം ഓഹരികളും വാൾമാർട്ട് സ്വന്തമാക്കി.
പിന്നെ വന്നത് എല്ലാവരെയും അൽഭുതപ്പെടുത്തിയ ഒരു തീരുമാനമായിരുന്നു. സച്ചിൻ ബൻസാൽ ഫ്ലിപ്കാർട്ട് വിടുന്നു. കരാർ പ്രഖ്യാപിച്ച ഉടൻ അദ്ദേഹം പൂർണമായും ഫ്ലിപ്കാർട്ടിൽ നിന്ന് പിൻവാങ്ങി.
ഇപ്പോഴിതാ ബിന്നിയും ഫ്ലിപ്കാർട്ടിൽ നിന്ന് പടിയിറങ്ങുകയാണ്. 'പെരുമാറ്റ ദൂഷ്യത്തിന്' അന്വേഷണം നേരിടേണ്ടി വന്നതിനാൽ ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ എന്ന സ്ഥാനം അദ്ദേഹം ഒഴിയും. എന്നാൽ കമ്പനിയിലെ 4 ശതമാനം ഓഹരി ബിന്നി വിറ്റൊഴിയില്ല. ഡയറക്ടർ ബോർഡിൽ തുടരും.
ഫ്ലിപ്കാർട്ടിന്റെ രണ്ട് സഹസ്ഥാപകരും കമ്പനിയിൽ നിന്ന് പോയതോടുകൂടി അത് മുഴുവനായും നിക്ഷേപകരുടെ കമ്പനിയായി എന്ന് വേണമെങ്കിൽ പറയാം.
ബിന്നിയുടെ രാജി ജീവനക്കാരിൽ അത്ര നല്ല പ്രതികരണമല്ല ഉണ്ടാക്കിയത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരുടെ വിശ്വാസം നേടിയെടുക്കുക എന്നതായിരിക്കും ഫ്ലിപ്കാർട്ട് മാനേജ്‌മന്റ് ഇനി നേരിടാൻ പോകുന്ന വെല്ലുവിളി.
ബൻസാൽമാരുടെ അത്ര സുഖകരമല്ലാത്ത ഈ പടിയിറക്കം യുവ സംരംഭകർക്ക് വൻകിട ഏറ്റെടുക്കലോടുകളോടുള്ള മനോഭാവം മാറ്റുമോ? കാത്തിരുന്നു കാണാം.