ഹോട്ടല്‍ മേഖലയിലെ ഹോം ഡെലിവറി ഇനി വളരെ എളുപ്പം; പുതു സംരംഭവുമായി യുവാക്കള്‍

കോവിഡ് പ്രതിസന്ധിയായതോടെ ഹോം ഡെലിവറിയും ഓണ്‍ലൈന്‍ പാഴ്‌സലും മറ്റുമാണ് ഹോട്ടല്‍ മേഖലയിലെ സംരംഭകര്‍ക്ക് ഏക ആശ്രയം. എന്നാല്‍ വിവിധ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ വരുന്ന പാഴ്‌സല്‍ ഓര്‍ഡറുകള്‍ ആദ്യമായി ഡിജിറ്റലായവര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം തലവേദനയാണ്. ഹോട്ടല്‍ മേഖലയില്‍ ഹോം ഡെലിവറി നല്‍കാനുള്ള ഈ ബുദ്ധിമുട്ടുകള്‍ സരളമാക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന ലാസ്പര്‍ ടെക്‌നോളജീസ്.

വിവിധ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ വരുന്ന ഓര്‍ഡറുകള്‍ ഫൊപ്‌സിലൂടെ സമന്വയിപ്പിച്ച് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ ഇവര്‍ വികസിപ്പിച്ച ഫോപ്‌സ് എന്ന ആപ്പിലൂടെ ഹോട്ടലുകള്‍ക്ക് സാധിക്കും. കൊവിഡ് കാലമായതിനാല്‍ ആദ്യ മൂന്നുമാസത്തേക്ക് ഈ ആപ് സൗജന്യമായി നല്‍കാന്‍ സംരംഭകര്‍ തീരുമാനിച്ചിട്ടുണ്ട്.
സോമറ്റോ, സ്വിഗി, ഫുഡ് പാണ്ട, ആമസോണ്‍ റസ്റ്ററന്റ്, ഡാന്‍സോ തുടങ്ങിയ ഓണ്‍ലൈന്‍ ഫുഡ് ആപുകളില്‍ നിന്ന് ഹോട്ടലുകള്‍ ഓര്‍ഡറുകള്‍ വ്യാപകമായി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാനും ഉല്‍പ്പന്നങ്ങളുടെ ലഭ്യത യഥാസമയം അപ്‌ഡേറ്റ് ചെയ്യാനും പല ഹോട്ടലുകളും പ്രയാസപ്പെടുന്നു. ഈ സാഹചര്യം മനസിലാക്കിയാണ് 'ലാസ്പര്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനി ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും ഫ്‌ളാറ്റ്‌സിക് സ്ലാബ്‌സ് ബഹ്‌െൈറന്റയും സഹകരണത്തോടെയാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചെടുത്തത്.
ഹൈടെക് സൗകര്യം
ഒരേസമയം വ്യത്യസ്ത ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഒരുസ്ഥലത്ത് സ്വീകരിക്കാനും അവയുടെ മെനു ഒരു സ്ഥലത്ത് നിന്ന് കൈകാര്യം ചെയ്യാനും സാധിക്കുമെന്നതാണ് ഫോപ്‌സിന്റെ പ്രത്യേകതയെന്ന് സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകന്‍ അബ്ദുള്‍ സലാഹ് പറഞ്ഞു. ഇതുമൂലം ഒരേസമയം ഹോട്ടലുകളുടെയും ഫുഡ് ഡെലിവറി ആപ്പുകളുടെയും കാര്യക്ഷമമായ നടത്തിപ്പിന് അവസരം ലഭിക്കും. വരുന്ന ഓര്‍ഡറുകള്‍ തെറ്റുകളില്ലാതെ വേഗത്തില്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും ഫോപ്‌സ് ഹോട്ടലുകളെ സഹായിക്കും. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ നടന്ന കച്ചവടത്തിന്റെ കണക്കുകള്‍ എളുപ്പത്തില്‍ ഒരിടത്തു കാണാനും അവലോകനം ചെയ്യാനാവും ഫൊപ്‌സിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യവും ആവശ്യവും കണക്കിലെടുത്ത് ഫൊപ്‌സ് ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കൊനൊരുങ്ങുകയാണ്. ഫോപ്‌സിന്റെ സേവനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും മനസിലാക്കാനും www.foaps.co എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


Related Articles
Next Story
Videos
Share it