ഞാന്‍ പഠിച്ച പാഠങ്ങള്‍ - ഡോ. ജി.പി.സി നായര്‍

സ്വന്തം വീടിനോട് ചേര്‍ന്ന് വിരലിലെണ്ണാവുന്ന കുട്ടികളുമായി ജി.പി.സി നായര്‍ ആരംഭിച്ച എസ്.സി.എം.എസ് ഗ്രൂപ്പ് ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന്റെ അഭിമാനമാണ്

ഓരോ അനുഭവവും ഓരോ പാഠമാണ്. ബിസിനസ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി ഞാന്‍ കാണുന്നതും അത്തരം പാഠങ്ങളാണ്. വിദ്യാഭ്യാസ രംഗമായിരുന്നു എന്റെ തുടക്കത്തിലേയുള്ള പ്രവര്‍ത്തന മണ്ഡലം. അതോടൊപ്പം തന്നെ 1981ല്‍ 15 ലക്ഷം രൂപ മുതല്‍മുടക്കോടെ ഞാന്‍ ഒരു സ്റ്റീല്‍ ഉല്‍പ്പാദനയൂണിറ്റ് ആരംഭിച്ചു. ആദ്യമായാണ് ഞാന്‍ അത്തരമൊരു ബിസിനസിലേക്ക് കടക്കുന്നത്. തുടക്കം മുതല്‍ തന്നെ വിവിധ പ്രശ്‌നങ്ങള്‍. തൊഴിലാളി സമരങ്ങള്‍. ഒടുവില്‍ അത് അടച്ചുപൂട്ടി. വലിയ നഷ്ടം ഉണ്ടായെങ്കിലും അതുവഴി ഞാന്‍ അതിലും വലിയ ഒരു പാഠം പഠിച്ചു- അറിയാവുന്ന മേഖലയിലേ കൈവെക്കാവൂ.

സ്വയം വിശ്വാസമുണ്ടോ? എങ്കില്‍ റിസ്‌ക് എടുക്കാം

എന്‍ജിനീയറിംഗ് കോളെജിനായി വലിയ തുക (മൂന്നരകോടിയോളം രൂപ) ബാങ്കില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ എനിക്കറിയില്ല, ഇതെങ്ങനെ അടച്ചുതീര്‍ക്കുമെന്ന്. അതിലും രസകരമായ കാര്യം വായ്പയെടുക്കാന്‍ പോകുമ്പോള്‍ കോളെജിന് അനുമതി കിട്ടുമോയെന്ന് പോലും നിശ്ചയമില്ല. ഈ സാഹചര്യത്തില്‍ ബാങ്കുകാര്‍ വായ്പ നല്‍കാന്‍ വിസമ്മതിച്ചു. വായ്പ ലഭിക്കാതെ ബാങ്കില്‍ നിന്ന് പോകില്ല എന്ന ദൃഢനിശ്ചയത്തോടെ രാവിലെ വന്ന ഞാന്‍ വൈകുന്നേരം ആറ് മണിവരെ ജനറല്‍ മാനേജരുടെ ഓഫീസിന്റെ മുന്നിലിരുന്നു. ഒടുവില്‍ വായ്പ ലഭിച്ചു. അങ്ങനെ സാധാരണഗതിയില്‍ ഒരാളും ചെയ്യാത്ത ധൈര്യത്തില്‍ കോളെജിനുള്ള സൗകര്യങ്ങളൊരുക്കി. പക്ഷെ എനിക്കുറപ്പുണ്ടായിരുന്നു കോളെജിന് അനുമതി കിട്ടുമെന്ന്. പ്രതീക്ഷ തെറ്റിയില്ല, അനുമതി കിട്ടി.

ഗ്രൂപ്പിന്റെ കീഴിലുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് വായ്പാ തവണകള്‍ അടച്ചുതീര്‍ക്കാനും കഴിഞ്ഞു. സത്യത്തില്‍ എന്റെ എല്ലാ ബിസിനസ് തീരുമാനങ്ങളിലും വലിയ റിസ്‌ക് ഉണ്ടായിരുന്നെന്ന് തന്നെ പറയാം.

ഗുണമേന്മയിലൂടെ നേടിയ വിജയം

എക്കാലവും എന്റെ വിജയരഹസ്യം ഗുണമേന്മ മാത്രമാണ്. 1976ല്‍ പബ്ലിക് റിലേഷന്‍, ജേര്‍ണലിസം എന്നിവയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സുകളുമായി തുടക്കം കുറിച്ച എസ്.സി.എം.എസ് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ മികച്ച 25 ബിസിനസ് സ്‌കൂളുകളിലൊന്നായി മാറിയതിന്റെ രഹസ്യവും മറ്റൊന്നല്ല. ഉയര്‍ന്ന ഫീസ് വാങ്ങി ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കുകയെന്നതാണ് ഗ്രൂപ്പിന്റെ നയം. വന്‍ മുതല്‍മുടക്കിയാണ് എസ്.സി.എം.എസ് കൊച്ചിന്റെ രാജ്യാന്തര തലത്തിലുള്ള കെട്ടിടസമുച്ചയം യാഥാര്‍ത്ഥ്യമാക്കിയത്. ഉയര്‍ന്ന വേതനം നല്‍കി മികച്ച അദ്ധ്യാപകരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. മാത്രമല്ല പ്രമുഖ ഒമ്പത് വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള അധ്യാപകര്‍ എല്ലാ വര്‍ഷവും വന്ന് ക്ലാസുകളെടുക്കുന്നു.

കഠിനാധ്വാനം വെറുതെയാകില്ല

കഠിനാധ്വാനം ചെയ്യാനുള്ള മനസും വിജയത്തില്‍ നിര്‍ണായക ഘടകമാണ്. ആദ്യകാലഘട്ടങ്ങളില്‍ രാവിലെ രണ്ട് മണിക്ക് ഉണര്‍ന്ന് ഞാന്‍ നോട്ട് തയ്യാറാക്കുമായിരുന്നു. ഇങ്ങനെ കറസ്‌പോണ്ടന്‍സ് കോഴ്‌സിനായി 36,000 പേജ് വരെ നോട്ട് തനിയെ എഴുതി തയ്യാറാക്കിയിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. അതില്‍ ഉന്നതരായവരുടെ ജീവിത കഥകള്‍ മുതല്‍ മാനേജ്‌മെന്റ് സംബന്ധമായ പുസ്തകങ്ങള്‍ വരെയുണ്ട്. ഇപ്പോഴും വായന എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. അദമ്യമായ ആഗ്രഹവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ എന്തും നേടാമെന്നാണ് എന്റെ അനുഭവം.

പ്രചോദനം പകര്‍ന്ന വാക്കുകള്‍

Success often comes to those who dare and act. It seldom goes to the timid who are ever afraid of the consequences.” ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഈ വാക്കുകള്‍ എന്റെ പ്രവര്‍ത്തനമണ്ഡലത്തെ മാത്രമല്ല, ജീവിതത്തെയൊട്ടാകെ സ്വാധീനിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it