Begin typing your search above and press return to search.
ബിസിനസുകള്‍ അറിയണം ജപ്പാന്റെ 'ഗെഞ്ചി ഗെന്‍ബുട്ട്‌സു' തത്വം
ചില കാര്യങ്ങള്‍ കേട്ടുകേള്‍വികൊണ്ടുമാത്രം വിശ്വസിക്കരുത്, അത് അനുഭവിച്ചറിയണം. ജാപ്പനീസ് മാനേജ്‌മെന്റ് തത്വങ്ങള്‍, ആഗോള മാനേജ്‌മെന്റ് രീതികളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ഈ തത്വങ്ങള്‍ ജാപ്പനീസ് സംസ്‌കാരം, ചരിത്രം, തത്വചിന്തകള്‍ എന്നിവയില്‍ ആഴത്തില്‍ വേരൂന്നിയതാണ്. കൈസന്‍ (Kaizen), ജസ്റ്റ്- ഇന്‍- ടൈം (Just-in-Time), ടോട്ടല്‍ ക്വാളിറ്റി മാനേജ്മന്റ് (TQM) തുടങ്ങി ഒത്തിരി മാനേജ്‌മെന്റ് രീതികള്‍ അവര്‍ ലോകത്തിന് കൈമാറിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ഗെഞ്ചി ഗെന്‍ബുട്ട്‌സു (Genchi Genbutsu).
1980 ല്‍ ടൊയോട്ട അമേരിക്കയില്‍ ഒരു ആഡംബര കാര്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ടോയോട്ടയുടെ ആസ്ഥാനം ജപ്പാന്‍ ആയതുകൊണ്ടുതന്നെ അവിടെയിരുന്ന് അമേരിക്കന്‍ മാര്‍ക്കറ്റ് പഠിക്കുക എന്നത് അന്നത്തെകാലത്ത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പരമ്പരാഗതമായ സര്‍വ്വേ രീതികള്‍ അവര്‍ക്ക് അവലംബിക്കാമായിരുന്നു. എന്നാല്‍ അവര്‍ ചെയ്തത്, ടൊയോട്ടയുടെ ഡിസൈനര്‍മാരെ അമേരിക്കയിലേക്ക് അയച്ച് അവിടത്തെ സമ്പന്നര്‍ക്ക് ഒരു ആഡംബര കാറില്‍ എന്തെല്ലാമാണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് ചോദിച്ച് മനസിലാക്കാനുള്ള ദൗത്യം ഏല്‍പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ടൊയോട്ട അമേരിക്കയില്‍ ലെക്‌സസ് (Lexus) എന്ന കാര്‍ ഇറക്കിയത്. ഇത്തരത്തില്‍ ഉത്ഭവത്തില്‍ നിന്നും കാര്യങ്ങള്‍ പഠിച്ച് തീരുമാനമെടുക്കുന്ന പ്രക്രിയയെയാണ് ജാപ്പനീസില്‍ ഗെഞ്ചി ഗെന്‍ബുട്ട്‌സു എന്ന് വിളിക്കുന്നത്.
ഗെഞ്ചി ഗെന്‍ബുട്ട്‌സു- ഉത്ഭവം
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റത്തില്‍ (ടി.പി.എസ്) ആണ് ഗെഞ്ചി ഗെന്‍ബുട്ട്‌സു എന്ന ആശയത്തിന്റെ ആദ്യ വേരുകള്‍ കണ്ടെത്തുന്നത്. ടി.പി.എസിന്റെ പിതാവായ Taiichi Ohno, മാനേജര്‍മാര്‍ അവരുടെ ഓഫീസുകള്‍ ഉപേക്ഷിച്ച് ഷോപ്പ് ഫ്‌ളോറുമായി ഇടപഴകേണ്ടതിന്റെ ആവശ്യകത അവരെ അറിയിച്ചു, ഉത്പാദന പ്രക്രിയകളുടെ സങ്കീര്‍ണതകള്‍ ശരിക്കും മനസിലാക്കാന്‍ അത് സഹായകരമാകും. യഥാര്‍ത്ഥ തൊഴില്‍ അന്തരീക്ഷത്തില്‍ മുഴുകുന്നതിലൂടെ, മാനേജര്‍മാര്‍ക്ക് ഉത്പാദന പ്രക്രിയയിലെ കാര്യക്ഷമതയില്ലായ്മ, അസംസ്‌കൃത വസ്തുക്കളുടെ ഉപഭോഗം, തൊഴില്‍ രീതി മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ എന്നിവ നേരിട്ട് തിരിച്ചറിയാന്‍ കഴിയും.
കാലക്രമേണ, ഹെല്‍ത്ത്‌കെയര്‍, സോഫ്റ്റ്‌വെയര്‍ വികസനം, സേവന മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഒരു പ്രധാന തത്വമായി ഗെഞ്ചി ഗെന്‍ബുട്ട്‌സു മാനുഫാക്ചറിംഗ് മണ്ഡലത്തിനപ്പുറം പരിണമിച്ചു.
മറ്റ് സ്ഥാപനങ്ങള്‍
ആമസോണ്‍: ഉപഭോക്തൃ കേന്ദ്രീകൃത (Customer Centric) സമീപനത്തിന് പേരുകേട്ട ആമസോണ്‍, നേരിട്ടുള്ള നിരീക്ഷണത്തിലൂടെയും ഡാറ്റ വിശകലനത്തിലൂടെയും ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും മനസിലാക്കുന്നതിന് ശക്തമായ ഊന്നല്‍ നല്‍കുന്ന സ്ഥാപനമാണ്. 'ഉപഭോക്തൃ ഒബ്‌സഷന്‍', (അതായത് മറ്റ് ബിസിനസ് ലക്ഷ്യങ്ങളേക്കാള്‍ ഉപഭോക്തൃ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബിസിനസ് മോഡലാണ് കസ്റ്റമര്‍ ഒബ്‌സഷന്‍.) 'Bias for action'(അതായത് ആവശ്യമായ എല്ലാ വിവരങ്ങളും ഇല്ലെങ്കിലും ഫലത്തെക്കുറിച്ച് അനിശ്ചിതത്വത്തില്‍ ആണെങ്കില്‍പോലും പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന രീതിയാണിത്) എന്നിവ പോലുള്ള ആമസോണിന്റെ നേതൃത്വ തത്വങ്ങള്‍, അതിന്റെ ഉത്പന്നങ്ങളിലും സേവനങ്ങളിലും മറ്റുള്ളവരെക്കാളും മികച്ചതാക്കാന്‍ സഹായിക്കുന്നു.
ടെസ്‌ല: എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല, ഓട്ടോമോട്ടീവ് നിര്‍മ്മാണത്തിലും നവീകരണത്തിലും പ്രത്യേക സമീപനത്തിന് പേരുകേട്ടതാണ്. ഉപഭോക്തൃ അഭിപ്രായം അവരില്‍ നിന്നുമുള്ള ഡാറ്റ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങളിലും സേവനങ്ങളിലും തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകള്‍, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലും ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റങ്ങളിലും വരുത്തുന്ന മെച്ചപ്പെടുത്തലുകള്‍ എന്നിവ ഗെഞ്ചി ഗെന്‍ബുട്ട്‌സു എന്ന തത്വത്തിന്റെ ഉദാഹരണമാണ്.
ഗൂഗ്ള്‍: ഏറ്റവും മികച്ച ഉദാഹരണമാണ് ഗൂഗ്ള്‍. ഉപഭോക്തൃ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയുള്ളതാണ് അവരുടെ ഓരോ ഉത്പന്നവും. ഉപയോക്തൃ പരിശോധന(User test), ഉപയോഗക്ഷമത പഠനങ്ങള്‍, ആവര്‍ത്തന ഡിസൈന്‍ പ്രക്രിയകള്‍ എന്നിവയിലൂടെ ഉപയോഗക്ഷമത, പ്രകടനം എന്നിവ സ്ഥിരമായി അവര്‍ ഒപ്റ്റിമൈസ് ചെയ്യാറുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അവലംബിച്ച ഗെഞ്ചി ഗെന്‍ബുട്ട്‌സു ഒരു കാലാതീത തത്വമായി ഇന്നും നിലകൊള്ളുന്നു.
Next Story
Videos