

ഗോവ സര്‍ക്കാരിന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് നയം സംസ്ഥാനത്തിന്റെ വ്യവസായ വളര്‍ച്ചക്ക് പുതിയ ഉത്തേജനമാകും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പോലെ ഒരു പൊതു സംവിധാനത്തിന് കീഴില്‍ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുന്നതിനാണ് ഗോവ സര്‍ക്കാര്‍ അടുത്തിടെ കൊണ്ടു വന്ന സ്റ്റാര്‍ട്ടപ്പ് ഉത്തേജന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഗോവയിലെ തദ്ദേശ കമ്പനികള്‍ക്ക് പുറമെ അന്യസംസ്ഥാനങ്ങളിലെ കമ്പനികള്‍ക്കും ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമെന്നത് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ സ്വകാര്യ സംരംഭകര്‍ക്ക് പുതിയ അവസരം തുറക്കുന്നുണ്ട്. നിലവില്‍ ഗോവയില്‍ ബിസിനസ് നടത്തുന്ന കേരള കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ കൂടുതല്‍ വളരുന്നതിന് ഈ പദ്ധതി സഹായിക്കും.
ഗോവ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആന്റ് ഐടി പ്രൊമോഷന്‍ സെല്ലിന് കീഴില്‍ പുതിയ സംരംഭങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന വിപണി സാധ്യതയുള്ള 30 സ്റ്റാര്‍ട്ടപ്പുകളെ ഉയര്‍ത്തി കൊണ്ടു വരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 25 എണ്ണം ഗോവയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളും അഞ്ചെണ്ണം മറ്റു സംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് ഗോവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുമാകും. പൊതു അപേക്ഷകളിലൂടെയും വിപണിയിലെ വിദഗ്ധരുടെ നിര്‍ദേശങ്ങളിലൂടെയുമാണ് ഈ സംരംഭങ്ങളെ തെരഞ്ഞെടുക്കുന്നത്. കമ്പനികള്‍ക്ക് തുടര്‍ച്ചയായ പിന്തുണ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ സ്ഥാപനങ്ങള്‍ക്കും മെന്റര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.
ഗോവയുടെ സ്റ്റാര്‍ട്ടപ്പ് നയമനുസരിച്ച് പുതിയ സംരംഭങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സംരംഭക പിന്തുണാ പദ്ധതികളുമായി ചേര്‍ന്നാണ് നയം രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക് സ്ഥലവാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയ ചെലവുകളിലേക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. കോവര്‍ക്കിംഗ് സ്‌പേസുകളില്‍ ഒരോ കമ്പനിയിലെയും പരമാവധി എട്ട് പേര്‍ക്ക് ഉപയോഗിക്കാവുന്ന സ്ഥലത്തിന് 3,000 രൂപ വീതം പ്രതിമാസ ആനുകൂല്യമുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് ഈ സഹായം. ഇന്‍ക്വിബേറ്ററുകള്‍ക്ക് എട്ട് പേര്‍ക്ക് വീതം 5,000 രൂപ പ്രതിമാസം നല്‍കും. പുതുതായി നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ 25 ലക്ഷം രൂപ വരെയുള്ള സഹായം പ്രീ-സീഡ് ഫണ്ടായും നല്‍കുന്നു. കൂടുതല്‍ സംരംഭങ്ങളെ സഹായിക്കുന്നതിനായി ഗോവ എഞ്ചല്‍ നെറ്റ്‌വര്‍ക്ക് എന്ന പേരില്‍ സര്‍ക്കാര്‍ പ്രത്യേക കൂട്ടായ്മക്കും രൂപം നല്‍കിയിട്ടുണ്ട്.
ഗോവയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും മറ്റു സംസ്ഥാനങ്ങളിലെ കമ്പനികള്‍ ഗോവയില്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും പരിഗണന ലഭിക്കും. നിലവില്‍ കേരളത്തില്‍ നിന്നുള്ള ലോജിസ്റ്റിക്‌സ്, ബിവറേജസ്, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദ കമ്പനികള്‍ ഗോവയില്‍ ബിസിനസുകള്‍ നടത്തുന്നുണ്ട്. മെച്ചപ്പെട്ട ആശയങ്ങളും ഗോവയിലെ ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും ഉറപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്ക് ഗോവ സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഉത്തേജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ക്ക് അവസരമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine