ഇന്ത്യന്‍ വനിതാ സംരംഭകരെ സഹായിക്കാന്‍ ഗൂഗിള്‍ ഇന്ത്യ; ലക്ഷ്യം സ്ത്രീകളുടെ സാമ്പത്തിക വളര്‍ച്ച
സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനായുള്ള യുഎസ്-ഇന്ത്യ സഖ്യത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് 10 ലക്ഷം ഇന്ത്യന്‍ വനിതാ സംരംഭകരെ സഹായിക്കാന്‍ ഗൂഗിള്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. യുഎസ്-ഇന്ത്യ അലയന്‍സ് ഫോര്‍ വുമണ്‍സ് ഇക്കണോമിക് എംപവര്‍മെന്റ് പോലുള്ള ശ്രമങ്ങള്‍ തുടരുന്നതിലും അവ കൃത്യമായി പ്രവര്‍ത്തിപ്പിക്കുന്നതിലും ശ്രദ്ധ ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വനിതാ സംരംഭകരുടെ ബിസിനസ്സ് വളര്‍ത്താന്‍ സഹായിക്കുന്ന സാങ്കേതിക വൈദഗ്ധ്യവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും ഗൂഗിള്‍ നല്‍കും. കോവിഡ് പ്രതിസന്ധിയില്‍ നിന്നുള്ള പൂര്‍ണ്ണമായ വീണ്ടെടുക്കലിന് നേതൃത്വം നല്‍കാന്‍ സ്ത്രീകളുടെ സമ്പൂര്‍ണ്ണ സാമ്പത്തിക പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും എല്ലാ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള അഭിവൃദ്ധിയ്ക്കും സംഭാവന നല്‍കാനും പ്രയോജനം നേടാനും കഴിയുന്ന ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
2025 ഓടെ തൊഴില്‍ സേനയിലെ ലിംഗ വ്യത്യാസം നികത്തുന്നത് ആഗോള സമ്പദ് വ്യവസ്ഥയില്‍ 28 ട്രില്യണ്‍ ഡോളര്‍ വരെ കൂട്ടിച്ചേര്‍ക്കും. കോവിഡില്‍ നിന്ന് കരകയറാനും കാലാവസ്ഥയുടെ ആഘാതം കൈകാര്യം ചെയ്യാനും ആഗോള സമ്പദ് വ്യവസ്ഥയെ പിന്നോട്ട് വലിക്കുന്ന നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.