സര്‍ക്കാര്‍ ബിസിനസ് ആശയങ്ങള്‍ ക്ഷണിക്കുന്നു, മികച്ചവയ്ക്ക് 15 ലക്ഷം രൂപ
മനസില്‍ നല്ല ബിസിനസ് ആശയങ്ങളുണ്ടോ? എങ്കില്‍ സര്‍ക്കാര്‍ തരുന്ന 15 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കാന്‍ അവസരം. മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ് (MSMEs) മന്ത്രാലയം നല്ല ബിസിനസ് ആശയങ്ങള്‍ ക്ഷണിക്കുന്നു. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ടെക്‌നോക്രാറ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ഇതിന് അപേക്ഷിക്കാം.
അംഗീകരിച്ച ആശയങ്ങള്‍ക്ക് ഓരോരുത്തരും തെരഞ്ഞെടുത്തിരിക്കുന്ന ബിസിനസ് ഇന്‍കുബേറ്ററുകള്‍ വഴിയാണ് 15 ലക്ഷം രൂപ ഫണ്ടിംഗ് സപ്പോര്‍ട്ട് ലഭിക്കുന്നത്.
എംഎസ്എംഇ ഓഫീസ് ഓഫ് ഡെവലപ്‌മെന്റ് കമ്മീഷണറുടെ കീഴിലുള്ള സപ്പോര്‍ട്ട് ഫോര്‍ എന്റര്‍പ്രണേറിയല്‍ & മാനേജീരിയല്‍ ഡെവലപ്‌മെന്റ് ഓഫ് എംഎസ്എംഇ എന്ന പദ്ധതി വഴി ഇന്‍കുബേറ്ററുകളിലൂടെയാണ് ഇത് നടപ്പാക്കുന്നത്. ന്യു ഇന്ത്യ ചലഞ്ച് 2020 എന്ന പേരില്‍ നടത്തുന്ന ഈ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്കായി സ്വീകരിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ ഫണ്ടിംഗിലൂടെ എംഎസ്എംഇകള്‍ക്ക് തങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പുതുമയുള്ള പരിഹാരരീതികള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2020 കേന്ദ്രബജറ്റില്‍ എംഎസ്എംഇകള്‍ക്കായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 900 കോടി ഡെബ്റ്റ് ഫണ്ടിംഗ് അനുവദിച്ചിരുന്നു.
innovate.mygov.in/ideas-2020 എന്ന വെബ്‌സൈറ്റില്‍ 2020 ഫെബ്രുവരി 20ന് മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഏതൊക്കെ അപേക്ഷകള്‍ തെരഞ്ഞെടുത്തുവെന്ന് ഫെബ്രുവരി 22-29 തീയതികള്‍ക്കിടയില്‍ പ്രഖ്യാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പരിശോധിക്കുക