സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലാക്കണം, 2024 സെപ്റ്റംബര്‍ വരെ സമയം

രാജ്യത്തെ ചെറു കമ്പനികള്‍ ഒഴികെയുള്ള എല്ലാ സ്വകാര്യ കമ്പനികളും 2024 സെപ്റ്റംബറിനുള്ളില്‍ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലേക്ക് മാറ്റണമെന്ന് കമ്പനികാര്യ മന്ത്രാലയത്തിന്റെ (Ministry of Corporate Affairs /MCA) ഉത്തരവ്. കമ്പനീസ് റഗുലേഷന്‍ ആക്ടില്‍ ഭേദഗതി വരുത്തികൊണ്ട് ഒക്ടോബര്‍ 27നാണ് എം.സി.എ പുതിയ നിയമം കൊണ്ടു വന്നത്.

നാല് കോടിയില്‍ താഴെ മൂലധനമുള്ള കമ്പനികളേയും (paid up capital) 40 കോടിയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളേയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നാല് കോടി രൂപയില്‍ താഴെ പെയ്ഡ് അപ് ക്യാപിറ്റലുള്ള കമ്പനികളെയാണ് ചെറു കമ്പനികളായി എം.സി.എ കണക്കാക്കുന്നത്. ഒരു കമ്പനി ചെറുകമ്പനി അല്ലാതായി മാറിയാല്‍ ആ സാമ്പത്തിക വര്‍ഷം മുതല്‍ 18 മാസത്തിനുള്ളില്‍ ഓഹരികള്‍ ഡീമാറ്റ് രൂപത്തിലേക്ക് മാറ്റണം.

2024 സെപ്റ്റംബറിനു ശേഷം ഓഹരികള്‍ കൈമാറ്റം നടത്താന്‍ ഉദ്ദേശിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ അതിനു മുന്‍പായി അവ ഡീമെറ്റീരിയലൈസ് ചെയ്യണം. അതായത് പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയോ ബോണസ് ഷെയര്‍, റൈറ്റ് ഓഫര്‍ എന്നിവ വഴിയോ ഓഹരി ഇടപാട് നടത്തുന്നവർ ഈ സമയപരിധിക്കു മുമ്പായി ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തിലാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.

നിലവില്‍ എം.സി.എയുടേയും സെബിയുടേയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിയന്ത്രണത്തിലുള്ള എല്ലാ ലിസ്റ്റഡ് കമ്പനികളും ഓഹരികള്‍ ഡീമെറ്റീരിയലൈസ് ചെയ്യേണ്ടതുണ്ട്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഭൗതിക രൂപത്തില്‍ ഓഹരി സൂക്ഷിക്കുന്നതിന് നിയന്ത്രണങ്ങളില്ല. ഇനി മുതല്‍ അവ കൈമാറ്റം ചെയ്യണമെങ്കില്‍ ഭൗതിക രൂപത്തില്‍ നിന്ന് ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റണം.
പ്രയോജനം പലവിധത്തില്‍
സ്വകാര്യ കമ്പനികളുടെ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റണമെന്ന നിയമം വരുന്നതോട വമ്പന്‍ കമ്പനികളെല്ലാം ഇതിലേക്ക് മാറേണ്ടി വരും. കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാന്‍ ഗുണകരമാകുന്നതാണ്‌ പുതിയ നിയമം.

രജിസ്റ്റേഡ് കമ്പനികളില്‍ ഭൂരിഭാഗവും ലിസ്റ്റ് ചെയ്യാത്ത സ്വകാര്യ കമ്പനികളാണ്. ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 14 ലക്ഷം കമ്പനികള്‍ എം.സി.എയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സജീവമായ കമ്പനികളില്‍ 95 ശതമാനവും സ്വകാര്യ കമ്പനികളാണ്. 50,000ത്തോളം ചെറുകമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു.

കമ്പനികളെ സംബന്ധിച്ച് ചെലവ് വര്‍ധിപ്പിക്കുമെങ്കിലും ഇതിന് പലവിധ മെച്ചങ്ങളുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് ഓഹരികള്‍ നഷ്ടപ്പെടുന്നതും കളവുപോകുന്നതുമായ സാഹചര്യം ഒഴിവാക്കാനാകും. മാത്രമല്ല കൈമാറ്റം നടത്താനും പുതിയ ഓഹരികള്‍ വാങ്ങാനും വേഗത്തില്‍ സാധിക്കും. കമ്പനികള്‍ക്കാകട്ടെ പ്രിന്റിംഗ്, വിതരണ ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കമ്പനി നിയന്ത്രിതാക്കളെ സംബന്ധിച്ച് ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ദുഷ്പ്രവണതകള്‍ക്ക് തടയിടാന്‍ ഇതുവഴി സാധിക്കും. മാത്രമല്ല നികുതി ശേഖരണം കൂടുതല്‍ കാര്യക്ഷമമാകുകയും അത് വഴി സമ്പദ്ഘടന മെച്ചപ്പെടുകയും ചെയ്യുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it