പാടവരമ്പിലൊരു ബഹുരാഷ്ട്ര ഐടി കമ്പനി!

ലോകത്തിലെ മുന്‍നിര റിവ്യൂ പോര്‍ട്ടലായ ക്ലച്ചില്‍ നെറ്റ്‌സ്യൂട്ട് സേവനദാതാക്കളെ തിരഞ്ഞാല്‍ ലോകത്തിലെ മൂന്നാമത്തെ പ്രമുഖ കമ്പനിയായി ഒരു പേര് വരും. ജോബിന്‍ ആന്‍ഡ് ജിസ്മി ഐ ടി സര്‍വീസസ് എല്‍ എല്‍ പി. ഡിലോയ്റ്റ്, കാപ് ജെമിനി, ഇന്‍ഫോസിസ് എന്നിങ്ങനെയുള്ള ഐ ടി ഭീമന്മാരും വാഴുന്ന ക്ലൗഡ് അധിഷ്ഠിത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍പി) സേവനരംഗത്ത് ലോകത്തെ മുന്‍നിര കമ്പനിയായി മാറുകയെന്നത് ചില്ലറ കാര്യമല്ല. അതും തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് കോട്ടാറ്റ് എന്ന ഗ്രാമത്തില്‍ നിന്നും.

പേരുമുതല്‍ തുടങ്ങുന്ന ജോബിന്‍ ആന്‍ഡ് ജിസ്മി ഐടി കമ്പനിയുടെ സവിശേഷതകള്‍. ജോബിന്‍ ജോസ്, ജിസ്മി ജോബിന്‍ ദമ്പതികള്‍ 2012ല്‍ തുടക്കമിട്ട ഈ ഐടി സ്റ്റാര്‍ട്ടപ്പ് ഒരു ദശകം പിന്നിടുമ്പോള്‍ കൊയ്‌തെടുത്ത നേട്ടങ്ങള്‍ കൊണ്ട് മാത്രമല്ല, സഞ്ചരിച്ച വഴികളിലൂടെയും ശ്രദ്ധേയമാവുകയാണ്.
ഒറ്റമുറിയും രണ്ട് ലാപ്‌ടോപ്പും
കണ്ണൂരുകാരനായ ജോബിന്‍ ജോസും കോഴിക്കോട് ജില്ലക്കാരിയായ ജിസ്മിയും ജോലിയുടെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. മാധ്യമപ്രവര്‍ത്തനം വിട്ട് ജോബിനും ഐറ്റി കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കംപ്യൂട്ടര്‍ എന്‍ജിനീയറായ ജിസ്മിയും കോട്ടാറ്റെ വീടിന്റെ മുകള്‍ നിലയില്‍ ഐറ്റി സേവനങ്ങള്‍ നല്‍കി തുടങ്ങുമ്പോള്‍ കൈമുതലായുണ്ടായത് രണ്ട് ലാപ്‌ടോപും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും മാത്രമായിരുന്നു. ''വീടുവെയ്ക്കാന്‍ ചുരുങ്ങിയ വിലയ്ക്ക് സ്ഥലം തേടിയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. അല്‍പ്പം ദൂരമുണ്ടെങ്കിലും നഗരത്തിലേക്ക് എത്തിച്ചേരാനുള്ള യാത്രാസൗകര്യങ്ങളുമുണ്ട്. വായ്പയെടുത്ത് വീട് വെച്ചു. ബാധ്യതയായി. അതിനിടെ ഞങ്ങള്‍ ജോലിയും ഉപേക്ഷിച്ചു. ബിസിനസ് അനലിസ്റ്റ് എന്ന നിലയിലുള്ള എന്റെ പരിചയവും പാഷനും പൊടിത്തട്ടിയെടുത്തു. ആന്‍ഡ്രോയ്ഡ് മൊബീല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, ബിസിനസ് അനലിസ്റ്റ്, ടെക്‌നിക്കല്‍ റൈറ്റിംഗ് എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ഞങ്ങള്‍ നല്‍കി തുടങ്ങി,'' കമ്പനിയുടെ തുടക്കകാലം ജോബിന്‍ വിവരിക്കുന്നതിങ്ങനെ. പതുക്കെ ഇടപാടുകാര്‍ കൂടി. മറ്റൊരാളെ കൂടി നിയമിച്ചു. ചെറിയൊരു വാടക മുറിയിലേക്ക് ഓഫീസ് മാറ്റി.
ലെസ്ലിയെന്ന ആസ്‌ത്രേലിയക്കാരന്‍ തുറന്നിട്ട വഴി
കമ്പനിയുടെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ സേവനം തേടിയിരുന്ന ഒരു ആസ്‌ത്രേലിയക്കാരന്‍ നെറ്റ് സ്യൂട്ട് സേവനം കൂടി ലഭ്യമാക്കുമോയെന്ന അന്വേഷണമാണ് ജോബിന്‍ ആന്‍ഡ് ജിസ്മിയുടെ യാത്രയില്‍ വഴി തിരിവായത്. ക്ലൗഡ് അധിഷ്ഠിത ഇ ആര്‍ പി സോഫ്റ്റ് വെയര്‍ സംവിധാനമായ നെറ്റ് സ്യൂട്ട് സേവനം നല്‍കാന്‍ ജോബിനും ജിസ്മിയും തീരുമാനിച്ചു. ജിസ്മി അത് പഠിച്ചെടുത്തു. ഇന്ത്യയിലെ തന്നെ ഈ രംഗത്തെ ആദ്യകാലത്തെ മികച്ച സര്‍ട്ടിഫൈഡ് ഡെവലപ്പര്‍മാരില്‍ ഒരാളുമായി. 2016ല്‍ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു കെട്ടിടത്തിലേക്ക് ഓഫീസ് മാറി. ഒറാക്കിള്‍ കമ്പനി നെറ്റ് സ്യൂട്ടിനെ ഏറ്റെടുത്തപ്പോള്‍ ഇന്ത്യയിലെ ഒറാക്കിള്‍ നെറ്റ് സ്യൂട്ട് അലയന്‍സ് പാര്‍ട്ണറെന്ന പദവിയിലേക്ക് ജോബിന്‍ ആന്‍ഡ് ജിസ്മിയും ഉയര്‍ന്നു. 2017ഓടെ കമ്പനി പൂര്‍ണമായും നെറ്റ് സ്യൂട്ട് സേവനരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി.
വളര്‍ച്ചയുടെ പടവുകള്‍
ഉപഭോക്താക്കള്‍ കൂടിയതോടെ ടീമംഗങ്ങളുടെ എണ്ണവും കൂടി. ''ഒരു ഐറ്റി കമ്പനിക്ക് അത്യാവശ്യം വേണ്ടത് മികച്ച ഇന്റര്‍നെറ്റ് സൗകര്യവും വൈദ്യുതിയുമാണ്. കഴിവുറ്റ പ്രൊഫഷണലുകളും ആവശ്യമാണ്. ഇതിനെല്ലാം നഗരത്തിലോ ഐറ്റി പാര്‍ക്കിലോ കമ്പനി വേണമെന്നില്ല. അതുകൊണ്ടാണ് കോട്ടാറ്റ് തന്നെ സ്ഥലം വാങ്ങി കെട്ടിടം പണിത് ഓഫീസ് അവിടേക്ക് മാറ്റിയത്,'' ജോബിന്‍ പറയുന്നു. ഗ്രാമത്തിലേക്ക് ഐടി പ്രൊഫഷണലുകള്‍ വരുമോ? ഈ സംശയത്തിനും അടിസ്ഥാനമില്ലെന്ന് ജോബിന്‍ പറയുന്നു. ''വിവാഹം, പ്രസവം എന്നിവയെ തുടര്‍ന്നെല്ലാം കരിയര്‍ ബ്രേക്കായ നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് അവസരം നല്‍കിയാല്‍ ആത്മാര്‍ത്ഥമായി, മികവുറ്റ രീതിയില്‍ അവര്‍ ജോലി ചെയ്യും. തുടക്കക്കാരെ പരിശീലിപ്പിക്കുന്നത്ര പ്രയാസവുമില്ല,'' ജിസ്മി പറയുന്നു.

കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് ശ്രമിക്കാതെ കുടുംബിനിയായിരുന്നവര്‍ക്കും ജോലി ഉപേക്ഷിച്ച സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കി ജോബിന്‍ ആന്‍ഡ് ജിസ്മി നല്‍കിയ പരസ്യം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒരു ബഹുരാഷ്ട്ര ഐറ്റി കമ്പനിക്ക് തുല്യമായ സേവന വേതന വ്യവസ്ഥകളാണ് ജോബിന്‍ ആന്‍ഡ് ജിസ്മിയിലുമുള്ളത്. ടീമംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും കൃത്യമായ ചട്ടങ്ങളും രീതികളുമുണ്ട്.

ഇന്ന് 27 രാജ്യങ്ങളിലായി 200 ഓളം കമ്പനികള്‍ ജോബിന്‍ ആന്‍ഡ് ജിസ്മിയുടെ സേവനം തേടുന്നുണ്ട്. ടീമില്‍ 150 പേരുമുണ്ട്. 2025ഓടെ 1000 പേരുടെ ടീമായി കമ്പനിയെ വളര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ തന്നെ നെറ്റ്‌സ്യൂട്ട് സേവനരംഗത്തെ ഏറ്റവും വലിയ ടീമാണ് ജോബിന്‍ ആന്‍ഡ് ജിസ്മി. ഇതിന് പുറമേ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം സേവനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്.
വളരണമെങ്കില്‍ ഐറ്റിയില്‍ നിക്ഷേപിക്കണം!
ക്ലൗഡ് അധിഷ്ഠിത ഇ ആര്‍ പി സോഫ്റ്റ് വെയര്‍ ആയതിനാല്‍ എവിടെയിരുന്നു ഏത് ഡിവൈസിലും ഇത് ആക്‌സസ് ചെയ്യാന്‍ പറ്റും. മാത്രമല്ല, കമ്പനിയിലെ ഓരോ റോളിലുമുള്ളവര്‍ ശ്രദ്ധിക്കേണ്ട ഡാറ്റ കസ്റ്റമൈസ് ചെയ്ത് ഡാഷ് ബോര്‍ഡില്‍ ലഭിക്കുന്ന സംവിധാനവും ഇതിലുണ്ട്. ക്ലൗഡ് അധിഷ്ഠിത സേവനമായതിനാല്‍ അപ്‌ഡേഷനുകള്‍ ഓട്ടോമാറ്റിക്കായി നടക്കും. എപ്പോഴും ഏറ്റവും പുതിയ ടെക്‌നോളജി പ്ലാറ്റ്‌ഫോമില്‍ തന്നെ നിലനില്‍ക്കാനും സാധിക്കും.
ഇക്കാലത്ത് ബിസിനസുകള്‍ വളരണമെങ്കില്‍ ഐറ്റിയില്‍ നിക്ഷേപിക്കാന്‍ തയ്യാറാകണമെന്നാണ് ജോബിനും ജിസ്മിയും പറയുന്നത്. ''ഡാറ്റയാണ് ഇന്ന് ബിസിനസുകളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. ഡാറ്റ അപ്പപ്പോള്‍ ലഭിക്കുകയും വിലയിരുത്തുകയും വേണം. ഇന്ന് സംഭവിച്ച കാര്യം ഒരു മാസം കഴിഞ്ഞ് വിലയിരുത്തിയാല്‍ അത് തിരുത്താനുള്ള സമയമാണ് പോകുന്നത്. അതുമൂലമുണ്ടാകുന്ന നഷ്ടങ്ങളും വലുതാകും. അതുകൊണ്ട് റിയല്‍ ടൈം ഡാറ്റ ലഭിക്കുന്ന ഐറ്റി സംവിധാനങ്ങള്‍ ബിസിനസുകളില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് നടത്തുന്ന നിക്ഷേപം നഷ്ടമായല്ല മറിച്ച് വളരാനുള്ള പടവായി വേണം കരുതാന്‍,'' ജിസ്മി പറയുന്നു. ബിസിനസിന്റെ മൊത്തവരുമാനത്തിന്റെ ഏറ്റവും ചുരുങ്ങിയത് 3-5 ശതമാനമെങ്കിലും ഐറ്റി രംഗത്തെ നിക്ഷേപത്തിനായി വിനിയോഗിക്കണമെന്ന് ജോബിന്‍ അഭിപ്രായപ്പെടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it