11 കോടി രൂപ സമാഹരിച്ച് മലയാളിയുടെ 'ഹീല്‍'

2020ല്‍ സാനിറ്റൈസറുകള്‍ വിപണിയിലിറക്കിക്കൊണ്ടെത്തിയ 'ഹീല്‍ എന്റര്‍പ്രൈസസ് വളരുകയാണ്. എഫ്എംസിജി രംഗത്തെ ഈ സ്റ്റാര്‍ട്ടപ്പ് സംരംഭം (haeal.com) 11 കോടി രൂപയുടെ എയ്ഞ്ചല്‍ ഫണ്ടിംഗ് ആണ് നേടിയത്. ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ സ്വന്തമാക്കിയ എറണാകുളം സ്വദേശി രാഹുല്‍ മാമ്മന്റെ നേതൃത്വത്തില്‍ 2020 ല്‍ ആരംഭിച്ച സംരംഭത്തിലേക്ക് ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്‌സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവരടക്കമുള്ളവര്‍ നിക്ഷേപം നടത്തിയത്.

ലക്‌ഷ്യമിട്ടിരിക്കുന്നത് അഞ്ച് വര്‍ഷത്തില്‍ 500 കോടിയുടെ വില്‍പ്പന
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 രൂപയുടെ വില്‍പ്പന നേടാനാണ് 'ഹീല്‍' ലക്ഷ്യമിടുന്നത്. ക്ലീനിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഒറോക്ലീനക്‌സിനെ ഇക്കഴിഞ്ഞിടെ ഹീല്‍ ഏറ്റെടുത്തിരുന്നു. ചാലക്കുടി ആസ്ഥാനമായ കമ്പനി സ്‌ക്വാഡ്, ക്ലിക്ക്, ഡേ നൈറ്റ്, ചെക്കൗട്ട് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഓറോക്ലീനക്‌സ് വിപണിയിലെത്തിച്ചിരുന്നത്. ഈ ഏറ്റെടുക്കലോടെ ഹോം കെയര്‍ രംഗത്ത് കൂടി സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഹീലിന് സാധിക്കും.
ഫ്‌ളോര്‍ ക്ലീനര്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഡ്രെയിന്‍ ക്ലീനര്‍, ഡിഷ് വാഷിംഗ് ലിക്വിഡ്, വാഷിംഗ് പൗഡര്‍, ബ്ലീച്ചിംഗ് പൗഡര്‍, ഫിനോയില്‍ തുടങ്ങി ഹോം കെയര്‍ വിഭാഗത്തില്‍ 120 ഉല്‍പ്പന്നങ്ങള്‍ ഒറോക്ലീനക്‌സിന്റേതായിട്ടുണ്ട്. പുതിയ മൂലധനസമാഹരണവും ഈ ഏറ്റെടുക്കലുകള്‍ക്കും വിപുലീകരണത്തിനുമായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍ ഇന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്. ശ്രീലങ്കയിലെ പ്രശസ്തമായ കുമാരി ഹെയര്‍ ഓയില്‍ കേരള വിപണിയില്‍ എത്തിക്കാന്‍ ഹേമാസ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി ഈയിടെ കമ്പനി ധാരണയിലെത്തിയിരുന്നു.
ബിസിനസ് വിപുലീകരണവുമായി മുന്നോട്ട് പോകുന്ന ഹീല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാനുള്ള സാധ്യതകളുണ്ട്. ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിലും, പ്രത്യേകിച്ച് ജിസിസി രാജ്യങ്ങളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it