ജീവനക്കാരില്‍ നിന്ന് തന്നെ സിഇഒ: കഴിവിന് അംഗീകാരമായി ഹാരിസ് ആന്റ് കോയിലെ നിയമനം

വിജയിച്ചൊരു ബിസിനസിനു പിന്നില്‍ ഒരുപാട് കഠിനാധ്വാനികളായ ജീവനക്കാരുണ്ടാവും. അവരെ അംഗീകരിച്ച് സിഇഒ പദവി തന്നെ നല്‍കുകയാണെങ്കിലോ... അത്തരമൊരു നിയമനം നടത്തിയിരിക്കുകയാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാരിസ് ആന്റ് കോ (https://harisand.co/). കമ്പനിക്ക് കീഴില്‍ തുടങ്ങിയ ഹാരിസ് ആന്റ് കോ അക്കാദമിയുടെ സിഇഒയും സഹസ്ഥാപകനുമായാണ് നേരത്തെ ക്രിയേറ്റീവ് സ്ട്രാറ്റജിസ്റ്റും പോഡ്കാസ്റ്ററുമായ റിസ്വാന്‍ റംസാനെ നിമയിച്ചിരിക്കുന്നത്.

ബൈജൂസിൽ നിന്ന് നേരെ

ബൈജൂസില്‍ നിന്ന് രാജിവെച്ച ശേഷം 2019ലാണ് റിസ്വാന്‍ റംസാന്‍ ഹാരിസ് ആന്റ് കോയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച പ്രവര്‍ത്തനമാണ് ഈ ഇരുപത്തഞ്ചുകാരന്‍ കാഴ്ചവെച്ചത്. കമ്പനിയുടെ പല സുപ്രധാന നീക്കങ്ങളിലും പങ്കാളിയായി. വൈറലായ നിരവധി സോഷ്യല്‍മീഡിയ കാമ്പയിനുകള്‍ക്കു പിന്നിലും റിസ്വാന്‍ റംസാന്‍ പ്രവര്‍ത്തിച്ചു. ഒരു ലക്ഷത്തിനടുത്ത് ഫോളോവര്‍മാരുള്ള റിസ്വാന്‍ സെല്‍ഫ് ഇംപ്രൂവ്മെന്റ്-വിദ്യാഭ്യാസ വീഡിയോകളും ചെയ്തുവരുന്നു.

'ഞാന്‍ വിദ്യാഭ്യാസത്തോട് എപ്പോഴും അഭിനിവേശമുള്ള ആളാണ്, വ്യവസായങ്ങളുടെയും തൊഴിലവസരങ്ങളുടെയും ആവശ്യകതകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിപ്ലവമുണ്ടാക്കാനാണ് ആഗ്രഹം. വിദ്യാര്‍ത്ഥികളുടെയും ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിന്റെയും ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തണമെന്ന കാഴ്ചപ്പാടാണ് കമ്പനിക്കുള്ളത്. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ അവരുടെ പൂര്‍ണ്ണമായ കഴിവില്‍ എത്തിക്കാനും സഹായിക്കുന്ന ഒരു ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു', നേട്ടത്തെക്കുറിച്ച് റിസ്വാന്‍ പറഞ്ഞു.

പുതിയ അധ്യായം

'ഞങ്ങളുടെ അക്കാദമിയുടെ സിഇഒയായും സഹസ്ഥാപകനായും നയിക്കാന്‍ റിസ്വാനെ സ്വാഗതം ചെയ്യുന്നതോടെ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ തന്ത്രപരമായ വീക്ഷണത്തിന്റെയും ഭാവനാത്മക ചിന്തയുടെയും കൂട്ട് ഞങ്ങളുടെ ടീമിന് ഒരു പുതിയ തിളക്കം നല്‍കുന്നു. അസാധാരണമായ നേതൃപാടവവും അമൂല്യമായ വ്യവസായ പരിചയവുമുള്ള അദ്ദേഹം, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും വിളക്കുമാടമായി ഞങ്ങളോടൊപ്പം ചേരുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്, വിജയത്തിലേക്കും വളര്‍ച്ചയിലേക്കും ഞങ്ങള്‍ കുതിക്കും. ആവേശകരമായ ഭാവിയാണ് ഞങ്ങളെ കാത്തിരിക്കുന്നത്'', ഹാരിസ്& കോ ഡയറക്ടര്‍ ഹാരിസ് അബൂബക്കര്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it