സമ്പന്നനാകണോ? വാറന്‍ ബഫറ്റില്‍ നിന്നും ബെസോസില്‍ നിന്നും മോഷ്ടിക്കേണ്ട ശീലങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ് ശതകോടീശ്വര പദവി ലഭിച്ചിട്ടും ഹോണ്ടയുടെ അക്കോര്‍ഡ് കാര്‍ ഓടിച്ചാണ് ഇപ്പോഴും നടക്കുന്നത്. ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായ വാറന്‍ ബഫറ്റ് തന്റെ പ്രഭാതഭക്ഷണത്തിന് 3.17 ഡോളറില്‍ കൂടുതല്‍ ചെലഴിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നയാളാണ്.

പണമുണ്ടാക്കാനുള്ള വഴികള്‍ തേടുന്നതുപോലെ തന്നെ പ്രധാനമാണ് ഉള്ള പണം മികച്ച രീതിയില്‍ മാനേജ് ചെയ്യാന്‍ പഠിക്കുകയെന്നത്. വലിയ തോതില്‍ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ സാധിക്കുന്നില്ലെങ്കിലും അതിസമ്പന്നരുടെ സാമ്പത്തികശീലങ്ങള്‍ അനുകരിക്കുന്നതിലൂടെ സമ്പന്നരാകാന്‍ സാധിക്കും. പ്രശസ്തരായ അതിസമ്പന്നരുടെ നാല് സാമ്പത്തികശീലങ്ങള്‍.

1. നിങ്ങളുടെ പിരിധിക്കുള്ളില്‍ നിന്നോ അതിന് താഴെനിന്നോ പണം ചെലവഴിക്കുക.

സമ്പന്നനാകുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഈ ശീലം നിങ്ങളെ അതിന് സഹായിക്കും. സാമ്പത്തിക അച്ചടക്കം നിര്‍ബന്ധമാണ്. ശതകോടീശ്വരനായ വാറന്‍ ബഫറ്റ് ഇപ്പോഴും ജീവിക്കുന്നത് അദ്ദേഹം 1958ല്‍ വാങ്ങിയ വീട്ടിലാണ്. കൂപ്പണുകള്‍ ഉപയോഗിച്ചാണ് ഇപ്പോഴും അ്‌ദ്ദേഹം പ്രഭാതഭക്ഷണം വാങ്ങുന്നത്. 3.17 ഡോളറില്‍ കൂടുതല്‍ തുക പ്രഭാതഭക്ഷണത്തിനായി ഒരിക്കലും ചെലവാക്കുകയുമില്ല.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസ് ഇപ്പോഴും ഉപയോഗിക്കുന്നത് ഒരു ഹോണ്ട അക്കോര്‍ഡ് കാറാണ്. ജോലിയില്‍ ശമ്പളവര്‍ദ്ധനവുണ്ടായാല്‍ പുതിയ കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കണം.

2. ഇതെനിക്ക് വേണ്ടതാണോ?

നിങ്ങളുടെ വീട്ടില്‍ ഒന്ന് വെറുതെ കണ്ണോടിച്ചുനോക്കൂ. ആവശ്യമില്ലാത്ത എത്രയോ സാധനങ്ങള്‍ വാങ്ങിയിട്ട് ഒരിക്കല്‍പ്പോലും ഉപയോഗിക്കാതെ മാറ്റിയിട്ടിരിക്കുന്നുവെന്ന് കാണാം. അലമാര തുറന്നാല്‍ വസ്ത്രങ്ങള്‍ നോക്കൂ. അതില്‍ ഒരിക്കല്‍പോലും ഉപയോഗിക്കാത്തവ കണ്ടേക്കും. കടയില്‍ നിന്ന് എന്ത് വാങ്ങാന്‍ പോകുമ്പോഴും ഇത് ശരിക്കും എനിക്ക് വേണ്ടതാണോ എന്ന് സ്വയം ചോദിച്ചാല്‍ ഒരുപരിധി വരെ എന്തും വാങ്ങിക്കൂട്ടുന്ന ശീലത്തില്‍ നിന്ന് രക്ഷനേടാം. ഷാര്‍ക് ടാങ്ക് താരമായ കെവിന്‍ ഒ'ലിയറി ഈ ടെക്‌നിക്ക് ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

3. കടം വാങ്ങല്‍

വിദ്യാഭ്യാസ വായ്പ, ഭവനവായ്പ തുടങ്ങിയ വായ്പകള്‍ അവശ്യമായിരിക്കാം. എന്നാല്‍ സമ്പന്നര്‍ പറയുന്നത് കഴിയുന്നതും വായ്പകള്‍ ഒഴിവാക്കാനാണ്. എന്തുതരം വായ്പയാണെങ്കിലും അതിനായി നല്‍കുന്ന പലിശ നഷ്ടം തന്നെയാണ്. ഒമ്പത് ശതമാനം പലിശയാണ് നിങ്ങള്‍ നല്‍കുന്നതെങ്കില്‍ വായ്പ അടച്ചുതീര്‍ക്കുമ്പോള്‍ നിങ്ങള്‍ ഒമ്പത് ശതമാനം അധികവരുമാനം നേടുന്നതുപോലെയാണ്.

4. പണം സേവ് ചെയ്യരുത്, ഇന്‍വെസ്റ്റ് ചെയ്യുക

സേവിംഗ്‌സ് എക്കൗണ്ടില്‍ പണം ഇട്ടാല്‍ അതുകൊണ്ട് കാര്യമായി ഒരു പ്രയോജനവും ലഭിച്ചെന്നിരിക്കില്ല. പണപ്പെരുപ്പം നിങ്ങളുടെ പണത്തിന്റെ മൂല്യവും കുറയ്ക്കും. സ്മാര്‍ട്ടായി ചിന്തിച്ച് മികച്ച നിക്ഷേപപദ്ധതികളില്‍ നിക്ഷേപിച്ച് മികച്ച വരുമാനം നേടുകയാണ് വേണ്ടത് നിക്ഷേപം എത്രനേരത്തെ തുടങ്ങാമോ അത്രയും സമ്പന്നനാകാം.

Related Articles
Next Story
Videos
Share it