
അടുത്തിടെ ഒരു സുഹൃത്തിനെ കാണാനായി ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നു. ഏറെ തിടുക്കപ്പെട്ട് എന്റെ സമീപത്തേക്ക് വരുന്ന സുഹൃത്തിനെ അകലെ നിന്ന് കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ചെവിയില്‍ നിന്ന് പുക ഉയരും പോലെയാണ് തോന്നിയത്. ആകെ ക്ഷീണിച്ച് വലഞ്ഞ പോലെ. ഞാനത് ചോദിക്കുകയും ചെയ്തു. ''എന്ത് പറയാനാണ് അജയ്. ഒന്നിനു പിറകെ ഒന്നായി മീറ്റിംഗുകളാണ്. ഹെഡ്ഡോഫീസിലുള്ളവരുമായി സൂം മീറ്റിംഗ്. ഈ ഓഫീസിലുള്ളവരുമായി ഫിസിക്കല്‍ മീറ്റിംഗ്. പിന്നെ ബാക്കിയുള്ള സമയം മറ്റ് ബിസിനസ് മീറ്റിംഗുകള്‍. തലവലിക്കാന്‍ പറ്റുന്നില്ല.'' സുഹൃത്ത് നിസ്സഹായനായി പറഞ്ഞു.
ഇതിനിടയില്‍ എപ്പോഴാണ് ബിസിനസില്‍ കൊണ്ടുവരേണ്ട പുതിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത്? എപ്പോഴെങ്കിലും മനസ് ശാന്തമാക്കി വെയ്ക്കാന്‍ സാധിക്കാറുണ്ടോ? എന്റെ ഈ ചോദ്യങ്ങള്‍ക്ക് കഷ്ടപ്പെട്ട് മുഖത്ത് ചിരി വരുത്തി സുഹൃത്ത് പറഞ്ഞു. ''നിത്യേനയുള്ള കാര്യങ്ങള്‍ തീര്‍ക്കാന്‍ നേരമില്ലാതെ ഓടുമ്പോള്‍ എന്ത് പുതിയ കാര്യം അജയ്?''
ഇന്ന് ബിസിനസുകാര്‍ അന്നന്നത്തെ കാര്യം മാത്രം ചിന്തിച്ചാല്‍ പോര. മുന്നിലുള്ളവ മാത്രം കണ്ടാല്‍ പോര. വരാനിടയുള്ളതും മറഞ്ഞിരിക്കുന്നതുമായ കാര്യങ്ങള്‍ കൂടി കണ്ടറിയണം. അതിന് നമ്മള്‍ ശാന്തമായി കുറച്ച് നേരമെങ്കിലും ഇരിക്കണം. നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒന്ന് വിശകലനം ചെയ്യണം. ചിലപ്പോള്‍ അക്കാര്യങ്ങള്‍ ഒന്ന് വ്യത്യസ്തമായി ചെയ്താല്‍ കുറച്ചുകൂടി നല്ല റിസള്‍ട്ട് കിട്ടിയെന്നിരിക്കും. പക്ഷേ ഇതിനൊക്കെ ക്രിയാത്മക ചിന്തയ്ക്കായി സമയം വേണം. ഈ സമയം എങ്ങനെ കണ്ടെത്തും?
പുതിയ ആശയങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ ഒരു സമയം വേണ്ടേ നിങ്ങള്‍ക്ക്? അതിനായി ആഴ്ചയുടെ ആദ്യ ദിനത്തിലോ മാസത്തിലെ അവസാന ദിനങ്ങളിലോ ഒരു ദിവസം കണ്ടെത്തണം. എന്നിട്ട് മുന്‍കൂട്ടി ആ ദിവസം കലണ്ടറില്‍ ബ്ലോക്ക് ചെയ്തുവെയ്ക്കണം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മാസത്തില്‍ രണ്ട് ദിവസം യാതൊന്നും ഷെഡ്യൂള്‍ ചെയ്യില്ല. ഈ അണ്‍ഷെഡ്യൂള്‍ഡ് ദിവസത്തിലാണ് അദ്ദേഹം പുതിയ ആശയങ്ങള്‍ക്ക് പിറകെ പോകുന്നതത്രെ. ഇതുപോലെ നമുക്കും ഒരു ദിവസമോ അല്ലെങ്കില്‍ രണ്ട് ദിവസമോ മാറ്റിവെയ്ക്കാം. അതിന് ഇന്നൊവേഷന്‍ ടൈം എന്നോ ക്രിയേറ്റിവിറ്റി ടൈം എന്നോ മറ്റോ പേരിടുകയും ചെയ്യാം. എന്താ, അപ്പോള്‍ പുതിയ ചിന്തകള്‍ക്കായി സമയം മാറ്റിവെയ്ക്കുകയല്ലേ?
* മാനേജ്‌മെന്റ് ചിന്തകനും എഴുത്തുകാരനും ടെഡ്എക്‌സ് പ്രഭാഷകനും എമിര്‍കോം അബുദാബി കമ്പനിയുടെ സിഒഒയുമാണ് ലേഖകന്‍.
(This article was originally published in Dhanam Business Magazine June 15th issue)
Read DhanamOnline in English
Subscribe to Dhanam Magazine