ബിസിനസിലും ജീവിതത്തിലും പ്രതിസന്ധിയാണോ? കരകയറാനുള്ള മൂന്ന് മന്ത്രങ്ങളിതാ

1995ല്‍ ഫോര്‍ബ്സ് മാസിക പ്രസിദ്ധീകരിച്ച മികച്ച കമ്പനികളുടെ പട്ടികയിലെ പല കമ്പനികള്‍ക്കും 15 വര്‍ഷത്തിനുശേഷം എന്താവും സംഭവിച്ചിരിക്കുക? കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാണുമെന്ന് സാധാരണനിലയില്‍ ചിന്തിക്കാം. പക്ഷേ ഇവയില്‍ പകുതിയിലേറെയും തകര്‍ന്നു പോയി എന്നതാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 1955ലെ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ 70 ശതമാനം കമ്പനികളും 1979ലെ ഫോര്‍ച്യൂണ്‍ 500 പട്ടികയിലെ 40 ശതമാനവും ഇന്നില്ല. എന്തിനധികം പറയുന്നു. 2000ത്തിലെ പട്ടികയിലെ 30 ശതമാനം ഇതിനകം അപ്രത്യക്ഷമായി കഴിഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. ഒരിക്കല്‍ ലോകോത്തരമെന്ന് വിശേഷിപ്പിക്കപ്പെട്ട പല കമ്പനികളുടെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്താണ്? ഈ കമ്പനികള്‍ മോശം സാഹചര്യങ്ങളെ മറികടക്കാന്‍ സജ്ജരായിരുന്നില്ല എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള സത്യം. നല്ല കാലം മാത്രം മുന്നില്‍ കണ്ട് പടുത്തുയര്‍ത്തപ്പെട്ട കമ്പനികളുടെ ഒഴുക്ക് ഒരു തടസ്സമുണ്ടാകുമ്പോള്‍ നിലച്ചുപോകും. പക്ഷെ എത്ര കഠിന സാഹചര്യത്തിലും മുന്നോട്ട് തന്നെ ഒഴുകുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍. സാമ്പത്തിക സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികമാന്ദ്യവും സാമ്പത്തിക കെടുതികളും കാട്ടുതീപോലെ ആളിപ്പടരും. പക്ഷെ ശുഭകരമായ കാര്യം, മാറ്റങ്ങള്‍ പുതിയ അവസരങ്ങളും സൃഷ്ടിക്കുന്നുവെന്നതാണ്. നിരാശാജനകമെന്ന് പറയട്ടെ, പലരും ഇത് തിരിച്ചറിയുന്നില്ല. പരാജയപ്പെട്ട കമ്പനികളും വ്യക്തികളും എങ്ങനെ പെരുമാറുന്നുവെന്നുള്ള പഠനത്തില്‍ തെളിഞ്ഞ കാര്യങ്ങളിതാ.

പ്രതിസന്ധിയോ, ഞങ്ങളെ ബാധിക്കില്ല!

വ്യക്തികളാകട്ടെ കമ്പനികളാകട്ടെ പ്രതിസന്ധി വരുമ്പോള്‍ അത് തങ്ങളെ ബാധിക്കില്ലെന്ന നാട്യത്തില്‍ അതിനു നേരെ കണ്ണടയ്ക്കും. പ്രകടമായ പ്രതിസന്ധി സാഹചര്യങ്ങളെ കണ്ടണ്ടില്ലെന്ന് നടിക്കും എന്നു മാത്രമല്ല ഒന്നുമില്ലെന്ന ഭാവത്തില്‍ മുന്നോട്ടുപോകുകയും ചെയ്യും. അപകടം മുന്നില്‍ കാണുമ്പോള്‍ മണ്ണില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയുടെ സ്വഭാവത്തില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല ഇത്. ഇതാണേറ്റവും അപകടം പിടിച്ച നിലപാട്. സാമ്പത്തിക മാന്ദ്യം കൊണ്ട് കെടുതിയിലായവര്‍ പലരും, മാന്ദ്യം തങ്ങളെ ബാധിക്കില്ല എന്ന് വിശ്വസിച്ചവരാണ്.

നിലവിലുള്ള ഒരവസ്ഥയെ നിഷേധിക്കുകയും അവഗണിക്കുകയും ചെയ്യുന്നത് ഒരു പ്രശ്നത്തിനും പരിഹാരമാകില്ല. പ്രതിസന്ധിയെക്കുറിച്ച് പഠിക്കുക. വൈകാരികമായി സമീപിക്കാതെ വിദഗ്‌ധോപദേശത്തോടെ മുന്നേറാം. ജീവിതത്തിലും അങ്ങനെ തന്നെ പരാജയങ്ങളില്‍ തളര്‍ന്നു പോകുമ്പോള്‍ ദീര്‍ഘകാലമായി ചെയ്യാതെ മാറ്റി വച്ച ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാം.

കപ്പല്‍ മുങ്ങുമോ എന്ന ഭയം

പ്രതിസന്ധി വരുമ്പോള്‍ വ്യക്തികളും കമ്പനികളും ചെലവ് വെട്ടിച്ചുരുക്കും. ജീവനക്കാരെ പിരിച്ചുവിടും. ഒരു കപ്പല്‍ മുങ്ങുമ്പോള്‍ അതിന്റെ വെപ്രാളത്തില്‍ ഒരു കപ്പിത്താന് സംഭവിക്കുന്നതുപോലെ, കര കയറാനുള്ള ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്ക് സ്വന്തമായ വിഭവശേഷിയും കഴിവുകളും വരെ ഒലിച്ചുപോകും. സ്വന്തമായ ഓരോ നാണയത്തുട്ടും സംരക്ഷിക്കാന്‍ പെടാപ്പാടു പെടും. നല്ല പദ്ധതികള്‍ പലതും
പറ്റിയ അവസരം വരട്ടെയെന്ന് കരുതി പിന്നാമ്പുറത്തേക്ക് തള്ളും. തെറ്റായ കണക്കുകൂട്ടലുകള്‍ എന്നൊന്നില്ല, പക്ഷെ തെറ്റാകുന്നത് സമയമാണ് എന്ന് ആരോ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് വീര്‍ത്തുപൊള്ളിയത് മറ്റൊരവസരത്തില്‍ കുമിളപോലെ പൊട്ടിപോയേക്കാം.

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയിലും ഊതിപ്പെരുപ്പിച്ച ഊഹാപോഹങ്ങള്‍ക്കിടയിലും കുമിളകള്‍ സൃഷ്ടിക്കാതെ എങ്ങനെ സ്ഥായിയായി വളര്‍ച്ച കൈവരിച്ച് നിലനില്‍ക്കാമെന്നതാണ് ഗൗരവകരമായി ചിന്തിക്കേണ്ടത്. നിയന്ത്രണാതീതമായ ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ അതിജീവിക്കാനുള്ള ജന്മവാസന പ്രകടമാവുന്നത് സ്വാഭാവികമാണ്. പക്ഷെ, സംഗതികള്‍ നിയന്ത്രണവിധേയമാകുന്നതുവരെ പിടിച്ചുനില്‍ക്കാനുള്ള തല്‍ക്കാല മാര്‍ഗങ്ങള്‍ കണ്ടെത്താനേ ഇത് ഉപയോഗപ്പെടുത്താവൂ. പലരും ഇക്കാര്യം വിസ്മരിക്കുന്നു എന്നതാണ് വാസ്തവം.

പ്രതിസന്ധിയിലും അവസരം

ഒരു ദുരവസ്ഥയുണ്ടാകുമ്പോള്‍ യഥാര്‍ത്ഥ വിജയവാസനയുള്ളയാളെ നയിക്കുന്ന രണ്ട് ചോദ്യങ്ങള്‍ ഇവയായിരിക്കും. എങ്ങനെ ഈ പ്രതിസന്ധിയില്‍ നിന്നും കര കയറാം? എങ്ങനെ ഈ തടസങ്ങളെ എനിക്കനുകൂലമായി മാറ്റി മുന്നേറാം? യഥാര്‍ത്ഥ വിജയി ഒരു പ്രതിസന്ധിയോ കെടുതിയോ വരുമ്പോള്‍ അതിന്റെ മറുവശം കാണാന്‍ ശ്രമിക്കും. അതായിരിക്കും ഒരുപക്ഷെ പ്രശ്ന പരിഹാരത്തിന് സഹായിക്കുന്നത്.

പ്രശ്നങ്ങളുടെ കുരുക്കഴിച്ച് മുന്നേറാനുള്ള വാസനയാണ് ശക്തന്മാരെ വീഴാതെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നത്. പ്രതിസന്ധികളുടെ കുരുക്കഴിച്ചു മുന്നേറുന്നത് ഒരു വ്യക്തിയെ അയാളുടെ ഭാവിയുടെ ചുക്കാന്‍ പിടിക്കാനും സ്വന്തം വിധിയുടെ സൃഷ്ടാവാകാനും പ്രാപ്തനാക്കും.

ചരിത്രത്തിലെ എല്ലാ മുന്നേറ്റങ്ങള്‍ക്ക് പിന്നിലും ഒരു വീഴ്ചയുണ്ടായിട്ടുണ്ട്. അത്തരം വീഴ്ചകളാണ് കുതിക്കാനുള്ള പ്രചോദനവും ശക്തിയും തരുന്നത്. ഓരോ പ്രതികൂല സാഹചര്യത്തിലും തുല്യമായ നേട്ടത്തിന്റെ വിത്തുകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട് എന്നാണ് റോബര്‍ട്ട് കോളിയര്‍ എഴുതിയിട്ടുള്ളത്.

ജീവിതത്തിലും ബിസിനസിലും സാമ്പത്തിക പ്രതിസന്ധി നേരിട്ടാല്‍ ഒരു കാര്യം മനസിലാക്കുക - നിങ്ങള്‍ ഇതേവരെ ചെയ്തുകൊണ്ടിരുന്നതുപോലെ പോയാല്‍ നിങ്ങളുദ്ദേശിക്കുന്ന ഫലപ്രാപ്തി ഉണ്ടാകില്ല. പിന്തുടര്‍ന്ന രീതികളും പ്രവൃത്തികളും മാറ്റേണ്ട സമയം ആസന്നമായിരിക്കുന്നു. എന്താണെങ്കിലും പ്രതിസന്ധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനമാണ്. ഇവിടെ നിങ്ങള്‍ കേവലം പിടിച്ചു നില്‍ക്കുകയല്ല വേണ്ടത്. ഇതുവരെ സ്വീകരിക്കാത്ത തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുക, പഴയ തന്ത്രങ്ങള്‍ പരിഷ്‌കരിക്കുകയും പുനര്‍ജ്ജീവിപ്പിക്കുകയും ചെയ്യുക. മാറ്റം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, നിരന്തരമായ മെച്ചപ്പെടലിനുവേണ്ടി സ്ഥിരമായി തന്ത്രങ്ങളും രീതികളും പൊളിച്ചെഴുതി പരിഷ്‌കരിക്കുക എന്നതാണ്.

കാലാതീതമായി നിലനില്‍ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നത് അവ എത്ര കടുത്ത ദുരവസ്ഥയേയും നേരിടാന്‍ വേണ്ടത്ര തയാറെടുപ്പുള്ളവയാണെന്നതുകൊണ്ടാണ്. പ്രതിസന്ധികള്‍ തലപൊക്കുമ്പോള്‍ അവര്‍ വെപ്രാളം കാണിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അത് നേരിടാനുള്ള തന്ത്രം പുറത്തെടുത്ത് പ്രതിസന്ധിയെ തങ്ങളുടെ നേട്ടത്തിനായി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്.

മറ്റുള്ളവര്‍ പ്രശ്നങ്ങള്‍ മുക്കിക്കളയാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ പ്രശ്നങ്ങളിലേക്കൂഴിയിട്ടിറങ്ങി അതിന്റെ കുരുക്കഴിച്ച് മുന്നേറും. മറ്റുള്ളവര്‍ പരാതിപ്പെടുമ്പോള്‍ ഇവര്‍ മല്‍സരിക്കാനാണ് ഇറങ്ങുന്നത്. പോരാളിയാവുന്നവര്‍ വിജയിക്കുക തന്നെ ചെയ്യും. സംരംഭത്തിലും ജീവിതത്തിലും.

Related Articles
Next Story
Videos
Share it