വിജയം എങ്ങനെ അളക്കാം? ബിൽ ഗേറ്റ്സിന്റെ ഉത്തരം ഇതാണ്
പലപ്പോഴും പ്രായത്തിനനുസരിച്ച് ആളുകളുടെ കാഴ്ച്ചപ്പാടുകളും മാറും. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന് ഈ മാറ്റം ശരിക്കും അനുഭവപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
"ഇരുപതാം വയസിൽ ഞാൻ എന്നോട് ചോദിച്ചിരുന്ന ചോദ്യങ്ങളല്ല 63-മത്തെ വയസിൽ ചോദിക്കുന്നത്," ഗേറ്റ്സ് തന്റെ ബ്ലോഗിൽ പറഞ്ഞു. "പണ്ട് വാർഷിക അവലോകനത്തിൽ എന്നോട് തന്നെ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്. മൈക്രോസോഫ്റ്റ് പേഴ്‌സണൽ കമ്പ്യൂട്ടർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയോ എന്ന്."
എന്നാൽ ഇന്ന് അദ്ദേഹം സ്വന്തം ജോലിക്കാര്യത്തിനപ്പുറം കൂടുതൽ കാര്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. "ഞാൻ എന്റെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ചോ? പുതിയ എന്തെങ്കിലും കാര്യം പഠിച്ചോ? പുതിയ സുഹൃത്തുക്കളെ കണ്ടെത്തിയോ?" എന്നിങ്ങനെ പോകുന്നു ചോദ്യങ്ങൾ.
എന്നാൽ വിജയം അളക്കുന്നതിന് ഞാൻ എന്നോട് ചോദിക്കേണ്ട ഏറ്റവും അർത്ഥവത്തായ ചോദ്യം എനിക്ക് പറഞ്ഞു തന്നത് വാറൻ ബുഫെയാണ്. "നിങ്ങൾ സ്നേഹിക്കുന്നവർ തിരിച്ച് നിങ്ങളെ സ്നേഹിക്കുന്നുണ്ടോ?' ഉണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ വിജയിച്ചു എന്നാണ് ബുഫെയുടെ വാദം. ഗേറ്റ്സും ഇത് സമ്മതിക്കുന്നു.