റിക്രൂട്ട്‌മെന്റ് ഒരു തലവേദനയാകുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍!

കഴിഞ്ഞ മാസം, കേരളത്തിലെ ഒരു മുന്‍നിര ബിസിനസുകാരനെ പരിചയപ്പെടാനിടയായി. ഹാര്‍ഡ്വെയര്‍, ഗ്രോസറി, റിസോര്‍ട്ട്, പ്ലാസ്റ്റിക് കമ്പനി എന്നിങ്ങനെ വിവിധ ബിസിനസുകള്‍ ചെയ്തു പോന്നിരുന്ന ആളാണ് അദ്ദേഹം… പക്ഷേ, ചോദിച്ചറിഞ്ഞു വന്നപ്പോഴാണ് ഇപ്പോള്‍ ഒന്നും ചെയ്യാതെ പേരക്കുട്ടികളെ നോക്കി വീട്ടിലിരിക്കുകയാണ് എന്ന് മനസിലായത്!

മനുഷ്യരായ മനുഷ്യരെല്ലാം ബിസിനസ് ഒന്നു ക്ലച്ചു പിടിക്കാന്‍ പരക്കം പായുന്ന ഈ കാലത്ത് എന്തേ അങ്ങനെ തോന്നാന്‍ എന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. അന്ന് അദ്ദേഹം പറഞ്ഞ മറുപടിയാണ് ഈ ലേഖനമെഴുതാന്‍ എന്റെ പ്രചോദനം! ''കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓരോന്നും ഏല്‍പ്പിച്ചു കൊടുക്കാന്‍ പറ്റിയ ആളിനെ തിരയുന്നു.

ഒറ്റയ്ക്ക് ഓടി മടുത്തു. ആരെയും കിട്ടിയില്ല. എന്നാല്‍ പിന്നെ പൂട്ടിക്കെട്ടാമെന്നു വച്ചു!'' തന്റെ ചോരയും നീരും കൊടുത്തു വളര്‍ത്തി വലുതാക്കിയ ബിസിനസ് ഒന്നുമല്ലാതായി പോയതിന്റെ നിരാശ ആ മുഖത്ത് കാണാമായിരുന്നു. ഇത് ഇദ്ദേഹത്തിന്റെ മാത്രം ആശങ്കയല്ല. ഒട്ടുമുക്കാല്‍ ബിസിനസുകാരും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പക്ഷേ ഇതിനു വ്യക്തമായ പരിഹാര മാര്‍ഗങ്ങളുമുണ്ട്. മലയാളിയുടെ മായാജാലം!

മറ്റ് ഏതൊരു വര്‍ഗവുമായി തട്ടിച്ചു നോക്കിയാലും മലയാളികള്‍ പൊതുവേ കഴിവ് ഒരല്‍പ്പം കൂടുതലുള്ളവരാണ്. മിക്ക മള്‍ട്ടി നാഷണല്‍ കമ്പനികളുടേയും തലപ്പത്ത് ഒരു മലയാളിയെങ്കിലുമുണ്ടാകും. ഗള്‍ഫ് ഉണ്ടായതു തന്നെ മലയാളി ഉള്ളതു കൊണ്ടാണ്! നമ്മുടെ പൊതു വിജ്ഞാനം, രാഷ്ട്രീയ-സാമൂഹ്യബോധം, ജീവിതരീതി… ഇവയൊക്കെ മറ്റു പലരേക്കാളും ഉന്നത നിലവാരത്തിലുമാണ്.

എന്നിട്ടുമെന്തേ നമുക്ക് നല്ല സ്റ്റാഫിനു പഞ്ഞം? പലരും പറയുന്നത് 'മലയാളി സ്വന്തം നാട്ടില്‍ ഒരു പണിയുമെടുക്കില്ല, എന്നാല്‍ അന്യനാട്ടില്‍ പോയി എന്തു ചെയ്യാനും തയ്യാറാകുന്നു' എന്നാണ്. പക്ഷേ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ മലയാളികള്‍ എങ്ങനെ വെന്നിക്കൊടി പാറിക്കുന്നു എന്നും മനസിലാക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഈ പ്രശ്നത്തിന് ഉത്തരമായി.

എന്താണ് ഒരു നല്ല ജോലി അഥവാ എന്തുകൊണ്ട് നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാനിഷ്ടപ്പെടുന്നു എന്ന വിഷയത്തില്‍ ഒരു സര്‍വേ നടത്തിയപ്പോള്‍ അവര്‍ പറഞ്ഞ കാരണങ്ങള്‍ ഇതൊക്കെയാണ്.

  • ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളും തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യവും

  • ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

  • നല്ല അന്തരീക്ഷം (ജോലിയില്‍)

  • പ്രചോദനം തരുന്ന മാനേജ്മെന്റ്

  • പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം

  • കരിയര്‍ ഉയര്‍ച്ചയ്ക്കുള്ള സാധ്യതകള്‍

ഈ ആറു കാര്യങ്ങളെയും സൂക്ഷ്മമായി പഠിച്ചാല്‍ ഇനി ഒരു മലയാളി ബിസിനസുകാരനും നല്ല സ്റ്റാഫില്ലെന്ന കാരണത്താല്‍ ബിസിനസ് നിര്‍ത്തേണ്ടി വരില്ല. ഉത്തരവാദിത്തം, സ്വാതന്ത്ര്യം സ്റ്റാഫിന് ഉത്തരവാദിത്തമില്ല എന്ന് പറയുന്നവരാണ് അധികവും. പക്ഷേ എന്തൊക്കെയാണ് അവരുടെ ഉത്തരവാദിത്തങ്ങള്‍ എന്നും പരിധി എന്താണെന്നും അവരില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതെ ന്താണെന്നും വ്യക്തമായി പറഞ്ഞു മനസിലാക്കിയിട്ടുണ്ടോ? ഇനി ഉണ്ടെങ്കില്‍ തന്നെ ഇതിനെ ആസ്പദമാക്കി ആഴ്ച തോറും റിവ്യു നടത്താറുണ്ടോ? ഇല്ലെങ്കില്‍ പ്രശ്നം നിങ്ങളുടെ പക്ഷത്താണ്. ചെറിയ കാര്യങ്ങളില്‍ പോലും ഇടപെട്ട്,

സ്റ്റാഫിന് തീരുമാനങ്ങളെടുക്കാനോ ഒന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാനോ പോലും സമ്മതിക്കാത്ത ബിസിനസുകാരുമുണ്ട്. ഇത്തരം മൈക്രോ മാനേജ്മെന്റ് നിര്‍ത്തിയില്ലെങ്കില്‍, സ്റ്റാഫ് നന്നാകുമെന്ന പ്രതീക്ഷ വേണ്ട.

ശമ്പളത്തില്‍ പിശുക്കണ്ട

ശമ്പളം എന്ന കടമ്പ പലരും ശമ്പളം തീരുമാനിക്കുന്നത് വെറും ഊഹാപോഹങ്ങളുടെ പുറത്താണ്. 'തല്‍ക്കാലം ഒരു 6000 രൂപ കൊടുക്കാം.' എന്നൊക്കെയാണ് ചിന്തകള്‍. മനസില്‍ ഈ 6000 വെച്ചാണ് ഇന്റര്‍വ്യൂകള്‍ നടത്തുന്നത്. അപ്പോള്‍ പിന്നെ നിങ്ങള്‍ക്ക് കിട്ടുന്നതും 6000 രൂപയുടെ മൂല്യം തന്നെയായിരിക്കും. നിങ്ങള്‍ക്ക് ചെയ്യാനുള്ള ജോലിയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഒരാളെയാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് മനസിലാക്കുക. അത്തരമൊരാള്‍ക്ക് ഇന്‍ഡസ്ട്രി നല്‍കുന്നതിനേക്കാള്‍ ശമ്പളം ഓഫര്‍ ചെയ്യുക. വ്യക്തമായ ടാര്‍ജറ്റുകളിലൂടെയും പ്ലാനുകളിലൂടെയും ബിസിനസ് വര്‍ധിപ്പിക്കുക. നല്ല ഒരാള്‍ക്ക് നല്ല ശമ്പളം നല്‍കി എടുക്കുന്നതിന്റെ ഗുണങ്ങള്‍ ഏറെയാണ്. ആശയവിനിമയം എളുപ്പമാകും. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കാം, കമ്പനി ഇമേജ് വര്‍ധിക്കുന്നു.

മറ്റു സ്റ്റാഫിന് പ്രചോദനമാകുന്നു. ഉയര്‍ന്ന ശമ്പളം കൊടുക്കുന്നതിനാല്‍ മോട്ടിവേഷന്‍ ലെവലും ഉയര്‍ന്നതായിരിക്കും. ഒപ്പം മറ്റു ജോലികള്‍ തേടിപ്പോകാനുള്ള സാധ്യതയും കുറയും. എന്നാല്‍ ഇത്തരമൊരാളെ കിട്ടുന്നതെങ്ങനെ എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. 'ഹ്യൂമന്‍ റിസോഴ്സസ്' എന്നത് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അത്രയോ അതില്‍കൂടുതലോ പ്രധാനമാണെന്ന് ചിന്തിച്ചാല്‍ മതി. ഓഫീസ് മോടി
പിടിപ്പിക്കാനും അനുബന്ധ കാര്യങ്ങള്‍ക്കുമായി

വിനിയോഗിക്കുന്നതിന്റെ ഒരു ചെറിയ ശതമാനമെടുത്ത് ഒരു നല്ല പത്രത്തില്‍ അത്യാവശ്യം വലുപ്പത്തില്‍ ഒരു റിക്രൂട്ട്മെന്റ് പരസ്യം നല്‍കുക. കമ്പനിയുടെ ഗുണനിലവാരം കാണിക്കുന്ന തരത്തില്‍ ഡിസൈനും ഉള്ളടക്കവും വരാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വരുന്ന കോളുകള്‍ പ്രൊഫഷണലിസത്തോടെ കൈകാര്യം ചെയ്യുക കൂടി ചെയ്താല്‍ സംഭവം റെഡി! ഇത്തരത്തില്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള 99% സാഹചര്യങ്ങളിലും നല്ല ആളുകളെ ലഭിച്ചിട്ടുണ്ടെന്നതു കൂടി ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു. ഇത്രയും മതിയോ? ഒരു നല്ല വ്യക്തിയെ നമ്മുടെ കമ്പനിയില്‍ ജോലിക്ക് എടുക്കാന്‍ ഇത്രയും മതി. പക്ഷേ,

അയാളെ നില നിര്‍ത്താന്‍ ഇത്രയും പോര! ബിസിനസിന് മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും പ്രൊഫഷണല്‍ രീതികളും വേണം. പുതുതായി വരുന്ന ആള്‍ ഇതെല്ലാം ശരിയാക്കും എന്നു തെറ്റിദ്ധരിക്കരുത്. മിക്കവരും സിസ്റ്റം ഉണ്ടാക്കി പരിചയം ഉള്ളവരാകില്ല, സിസ്റ്റത്തിനുള്ളില്‍ പരിചയം സിദ്ധിച്ചവരായിരിക്കും. അതിനാല്‍ തന്നെ അത് മാനേജ്മെന്റിന്റെ കര്‍ത്തവ്യമാണ്. ജോലി ചെയ്യുന്ന സാഹചര്യങ്ങള്‍ നല്ലതാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു നല്ല സെയില്‍സ് മാനേജരെ റിക്രൂട്ട് ചെയ്തിട്ട് ഇരിക്കാന്‍ ഒരു കസേരയില്ലാത്തതിന്റെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിരിഞ്ഞു പോയ സന്ദര്‍ഭങ്ങളുണ്ട്.


വളരാന്‍ അവസരം നല്‍കൂ

ഗൂഗിള്‍ പോലുള്ള കമ്പനികള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തമായി പ്രോജക്ടുകള്‍ ചെയ്യാനും വരെ അവരുടെ സ്റ്റാഫിന് അവസരമൊരുക്കാറുണ്ട്. ഓര്‍ക്കുട്ട് അങ്ങനെ ഉദ്ഭവിച്ച ഒരു പ്രൊഡക്റ്റ് ആണ് എന്നത് നമ്മളെ അത്ഭുതപ്പെടുത്തിയേക്കാം. ഇതിനു പകരം നമ്മളില്‍ പലരും സ്റ്റാഫിന്റെ ഉള്ള കഴിവുകളെ അടിച്ചമര്‍ത്താനും അവരെ കൊച്ചു കൊച്ചു ജോലികളില്‍ തളച്ചിടാനുമാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പുതിയ പ്രചോദനങ്ങള്‍ നേടാനും അവസരങ്ങളൊരുക്കിയാല്‍ നിങ്ങളുടെ സ്റ്റാഫിന് ബിസിനസിനെ സ്വന്തം ബിസിനസായി കാണാനും അതിനെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാനും കഴിയും.

ശരിയായി ഡിസൈന്‍ ചെയ്ത പെര്‍ഫോമന്‍സ് അപ്റൈസലും കമ്പനി വളരുന്നതിനൊപ്പം വളരാനുള്ള അവസരങ്ങളുമൊക്കെ ഉണ്ടെങ്കില്‍ 'ഹ്യൂമന്‍ റിസോഴ്സസ്' നിങ്ങളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാവും. തീര്‍ച്ച. ഒന്നുറപ്പിക്കുക. കേരളത്തില്‍ തന്നെയാണ് നമുക്ക് ചേര്‍ന്ന കഴിവുകള്‍ ഒത്തിണങ്ങിയ ആളുകള്‍ ഉള്ളത്. അവരെ ശരിയായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയും, മുകളില്‍ പറഞ്ഞ രീതികളിലൂടെ ഒപ്പം നിര്‍ത്തുകയുമാണ് വേണ്ടത്. പിന്നെ പമ്പ കടക്കും… എല്ലാ തലവേദനകളും!

(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്‌ലില്‍ അയയ്ക്കാം)

AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles
Next Story
Videos
Share it