ഒരു സ്മാർട്ട്ഫോൺ മാത്രം കൊണ്ട് കോടികളുടെ റീറ്റെയ്ൽ ബിസിനസ് നടത്തുന്നവർ
സോഷ്യൽ മീഡിയ വളർത്തുന്ന ഓൺലൈൻ ഉപഭോക്‌തൃ സംസ്കാരം ഒരു പറ്റം നവമാധ്യമ റീറ്റെയ്ൽ സംരംഭകരെ ഇന്ന് വാർത്തെടുത്തിട്ടുണ്ട്. ഇവരിലെല്ലാം പൊതുവായി കാണപ്പെടുന്ന പ്രത്യേകതയെന്താണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ. ആരും കമ്പ്യൂട്ടർ എന്ന ഉപകരണം തൊടാറുപോലുമില്ലാത്തവരാണ്.
ഇവരെല്ലാം തങ്ങളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുന്നത് സ്മാർട്ട്ഫോണിൽ നിന്നാണ്. മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ്, ഓർഡർ ട്രാക്കിങ്, ക്ലയന്റ്-കസ്റ്റമർ മാനേജ്മെന്റ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സ്മാർട്ടഫോൺ ഉപയോഗിച്ചാണ്.
രണ്ട് കാര്യങ്ങളാണ് ഈ മാറ്റത്തിന് ആക്കം കൂട്ടുന്നത്. ഒന്ന് ഇൻസ്റ്റാഗ്രാം. മറ്റൊന്ന് വീഡിയോകൾ.
ഈ പ്രവണത ഏറിവരികയാണെന്നാണ് ബ്ലൂംബെർഗ് ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പാരീസിലുള്ള അനീസ ഖിലോഫൈ എന്ന 21 കാരി ഇൻസ്റ്റാഗ്രാം എക്കൗണ്ടിൽ നിന്നാണ് തന്റെ വസ്ത്രവ്യാപാര ബിസിനസ് വളർത്തുന്നത്.
തന്റെ സുഹൃത്തായ സിന്ധ്യ കാർസ്ൺന്റിയുമൊത്ത് 'ബെൽമിറാസ്' എന്ന കമ്പനിയുടെ ലേബലിലുള്ള വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യും. അങ്ങനെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ്നെ 'ബെൽമിറാസ്' ലേക്ക് ആകർഷിക്കും. ഒരു മാസം 40000 ഡോളർ ആണ് അനീസയുടെ വരുമാനം.
പ്രശസ്ത ഓസ്‌ട്രേലിയൻ മോഡലായ മിറാൻഡ കേർ ഈ പുതിയ സംരംഭക ഗണത്തിന്റെ ഭാഗമാണ്. ഓർഗാനിക് സ്കിൻ കെയർ ഉല്പന്നങ്ങളുടെ ഓൺലൈൻ സ്റ്റോർ നടത്തുന്ന മിറാൻഡ പറയുന്നത് കമ്പ്യൂട്ടർ ഉപയോഗിച്ചിട്ട് കാലമേറെയായി എന്നാണ്. സോഷ്യൽ മീഡിയ എക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതു തുടങ്ങി ഓർഡർ ട്രാക്ക് ചെയ്യുന്നത് വരെ സ്മാർട്ട് ഫോണിലാണ്.
മൻഹാട്ടനിലെ തന്റെ അപ്പാർട്മെന്റിൽ നിന്നാണ് അനീറ്റ ബെരിഷ ജ്വല്ലറി ബിസിനസ് നടത്തുന്നത്. വീട്ടിലിരുന്ന് തയ്യാറാക്കുന്ന ഹാൻഡ്‌മെയ്‌ഡ് ജ്വല്ലറി തന്റെ 32,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ്ന് വിൽക്കുന്നു. 10000 ഡോളർ ആണ് അനീറ്റയുടെ മാസ വരുമാനം.
ഇതിന്റെ സാധ്യത മനസിലാക്കി, പല ഇ-കോമേഴ്‌സ് വെബ്സൈറ്റുകളും ഇൻസ്റ്റാഗ്രാമിലൂടെ കൂടുതൽ ട്രാഫിക് വരത്തക്ക രീതിയിൽ തങ്ങളുടെ വെബ്സൈറ്റിന് മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കുകയാണ്.
2016 ലാണ് ഇൻസ്റ്റാഗ്രാം തങ്ങളുടെ ആപ്പിൽ റീറ്റെയ്ൽ വെബ്സൈറ്റുകളുടെ ലിങ്ക് നല്കാൻ തുടങ്ങിയത്. 'ഷോപ് നൗ' എന്ന ഫീച്ചറിലൂടെയായിരുന്നു അത്. പിന്നീട് ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇതേ റീറ്റെയ്ൽ സൈറ്റുകളിൽ നിന്ന് ഇൻസ്റ്റാഗ്രാം പ്ലാറ്റഫോമിൽ തന്നെ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യവുമൊരുക്കി.
എന്തായാലും, ഈ ട്രെൻഡ് അധികം വൈകാതെ റീറ്റെയ്ൽ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റുമെന്നതിൽ സംശയമില്ല. ഒരിക്കൽ ആമസോൺ പോലുള്ള ഇ-കോമേഴ്‌സ് സൈറ്റുകൾ ഷോപ്പിംഗ് മാളുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും വെല്ലുവിളി ഉയർത്തിയിരുന്നുവെങ്കിൽ, ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഒരു നിശബ്ദ റീറ്റെയ്ൽ വിപ്ലവത്തിന് കളമൊരുക്കിക്കൊണ്ടിരിക്കുകയാണ്.