
മനുഷ്യവിഭവ ശേഷിയാണ് രാജ്യത്തിന്റെ കരുത്ത്. കേരളം ഈ മേഖലയിൽ ഏറെ കരുത്താര്‍ജിക്കേണ്ടിയിരിക്കുന്നുവെന്ന് തമിഴ്‌നാട് ഐ.ടി, ഡിജിറ്റല്‍ സേവന മന്ത്രി ഡോ.പളനിവേല്‍ ത്യാഗരാജന്‍. കേരളത്തിന് ടൂറിസം മേഖലയിലും സാധ്യതകളേറെയെന്ന് അദ്ദേഹം വിശദമാക്കി. കൊച്ചിയില്‍ നടന്ന 12-ാമത് ടൈകോണ്‍ കേരള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥയില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
''വനിതകള്‍ ഫോര്‍മല്‍ ഇക്കണോമിയുടെ (formal economy) ഭാഗമാകണം. തമിഴ്‌നാട്ടില്‍ 43 ശതമാനം സ്ത്രീകളാണ് നിര്‍മാണ മേഖലയുടെ ഭാഗമായുള്ളത്. എന്നാല്‍ കേരളത്തില്‍ അത് വളരെ പിന്നോട്ടാണ്. എങ്കിലും പല മേഖലകളിലും മുന്നേറ്റം കാണാം. കേരളത്തില്‍ വിവിധ മേഖലകളിലായി സംരംഭകത്വത്തിലേക്ക് എത്തുന്ന സ്ത്രീകളുടെ പ്രാതിനിധ്യം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രധാന മേഖലയില്‍ നിന്നും സംഭാവനയെത്തുമ്പോള്‍ കേരളത്തിലെ വനിതകളുടെ പ്രാതിനിധ്യം അതില്‍ വളരെ കുറവാണെന്ന് പറയേണ്ടിയിരിക്കുന്നു'' പളനിവേല്‍ ത്യാഗരാജന്‍ വിശദമാക്കി.
മാനവ ശേഷിയുടെ കരുത്താണ് ഒരു സമ്പന്ന ഇക്കണോമിയെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നത്. അതിനെ പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ വരണമെന്നും മന്ത്രി പറഞ്ഞു.
''From Corporate to Minister:Unleash Kerala Potential Insights'' എന്ന വിഷയത്തിൽ നടന്ന ഫയര്‍സൈഡ് ചാറ്റിലാണ് മന്ത്രി കേരളത്തിന്റെ പുതു സാധ്യതകളെക്കുറിച്ച് വിശദമാക്കിയത്. ഐ.ഐ.പി ടൈ കേരള, ചെമ്മണ്ണൂര്‍ അക്കാദമി ആന്‍ഡ് സിസ്റ്റംസ് എം.ഡി അനീഷ ചെറിയാന്‍ ആണ് പാനല്‍ ചര്‍ച്ച നയിച്ചത്. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ടൈ കേരള സംരംഭക സമ്മേളനം ഇന്ന് അവസാനിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine