
ആഗോളതലത്തില്‍ ഐടി പവര്‍ഹൗസായി തലയെടുപ്പോടെ നില്‍ക്കുകയാണ് ഇന്ത്യ. ബഹുരാഷ്ട്ര കമ്പനികള്‍ക്കായി ഐടി സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ വമ്പന്മാരുടെ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഈ നേട്ടത്തിന് കാരണവും. ഏറ്റവും മികച്ച പ്രതിഭകളുടെ സേവനം താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയാണ് ഐടി സേവന രംഗത്തെ കമ്പനികള്‍ ചെയ്യുന്നത്. ഇതിനിടയില്‍ വേറിട്ട് നില്‍ക്കുകയാണ് മലയാളിയായ വി.കെ മാത്യൂസ് സ്ഥാപിച്ച ഐബിഎസ് സോഫ്റ്റ്‌വെയർ.
ഐബിഎസ് ഒരു ഐടി സേവന കമ്പനിയല്ല. മറിച്ച് ഐടി ഉല്‍പ്പന്ന കമ്പനിയാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ആഴത്തില്‍ പഠിച്ച്, ഒന്നോ രണ്ടോ പതിറ്റാണ്ടിനപ്പുറം നടക്കാനിടയുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട്, ഇടപാടുകാരുടെ ബിസിനസ് വളര്‍ച്ചയില്‍ മൂല്യവത്തായ സംഭാവന നല്‍കുന്ന ഐടി ഉല്‍പ്പന്നം വികസിപ്പിച്ച് നല്‍കുകയാണ് ഐടി ഉല്‍പ്പന്ന കമ്പനികള്‍ ചെയ്യുന്നത്.
അതായത് നിലവിലുള്ള ബിസിനസുകള്‍ക്ക് വേണ്ട പിന്തുണ താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്ന ജോലിയല്ല ഇവരുടേതെന്ന് ചുരുക്കം. ഐടി മേഖലയിലെ ഉന്നതശ്രേണിയിലാണ് ഈ കമ്പനികളുടെ സ്ഥാനം. ഓരോ ബിസിനസിനും വേണ്ട സവിശേഷ സോഫ്റ്റ്വെയറുകള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പാക്കുകയാണ് ഐടി ഉല്‍പ്പന്ന കമ്പനികള്‍. ഐബിഎസ് വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്.
നിരവധി രംഗങ്ങളില്‍ ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ച് പോകുന്നവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഐബിഎസിന്റെ ശൈലി. ഒരൊറ്റ മേഖലയില്‍ മാത്രമാണ് ഐബിഎസിന്റെ ഫോക്കസ്- ട്രാവല്‍ ഇന്‍ഡസ്ട്രി, എയര്‍ലൈന്‍സ്, എയര്‍പോര്‍ട്ടുകള്‍, ആഗോളതലത്തിലെ ഉന്നത എണ്ണ, പ്രകൃതിവാതക കമ്പനികള്‍, ക്രൂയ്സ് ലൈനുകള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവരാണ് ഐബിഎസിന്റെ ഉപഭോക്തൃ നിരയിലുള്ളത്.
ഹീത്രു വിമാനത്താവളത്തില്‍ ഒരു സോഫ്റ്റ്‌വെയർ തകരാറുണ്ടായെന്ന് കരുതുക. യൂറോപ്പിന്റെ ആകാശം മുഴുവന്‍ സ്തംഭിക്കും. ചെറിയൊരു സാങ്കേതിക പിഴവ് പോലും സംഭവിക്കാന്‍ പാടില്ലാത്ത അത്ര നിര്‍ണായകമായ മേഖലയിലാണ് ഐബിഎസ് പ്രവര്‍ത്തിക്കുന്നത്; അതും ആഗോളതലത്തിലെ ശക്തന്മാര്‍ എതിരാളികളായുള്ള വിപണിയില്‍.
എങ്ങനെ ഇത്രയും അതിനിര്‍ണായക മേഖലയില്‍, അങ്ങേയറ്റം മത്സരാധിഷ്ഠിതമായി ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യമായി ഐബിഎസ് നിലകൊള്ളുന്നു? അതിന് കാരണം ഒന്നേയുള്ളൂ; കമ്പനി സ്ഥാപകന്‍, വി.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി.കെ മാത്യൂസിന്റെ അനിതരസാധാരണമായ സംരംഭകത്വ മികവും സാങ്കേതിക തികവും ഫ്യൂച്ചറിസ്റ്റിക്കായി ചിന്തിക്കാനുള്ള ശേഷിയും.
1997ല്‍ പരിചയസമ്പന്നരായ 55 ഐടി എന്‍ജിനീയര്‍മാരുമായാണ് ടെക്നോപാര്‍ക്കില്‍ ഐബിഎസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഐടി സേവന കമ്പനികളില്‍ നിന്ന് വ്യത്യസ്തമാണ് ഐടി ഉല്‍പ്പന്ന കമ്പനികളുടെ പ്രവര്‍ത്തനം. നൂതനമായ ഐടി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ മുന്‍കൂട്ടി നിക്ഷേപം നടത്തണം. എന്നിട്ട് വേണം അത് ഉപഭോക്താവിലേക്ക് എത്തിക്കാന്‍. ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തു കഴിഞ്ഞാല്‍ അത് ഉപഭോക്താവ് വാങ്ങണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. പക്ഷേ വി.കെ ആ റിസ്‌ക് ഏറ്റെടുക്കാന്‍ തന്നെ തയാറായി.
ഐബിഎസിന്റെ യാത്ര ഒരിക്കലും പൂവിരിച്ച പാതയിലൂടെയായിരുന്നില്ല. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷമാകുമ്പോള്‍ 2000ത്തില്‍ ഡോട്ട് കോം കുമിള പൊട്ടി. തൊട്ടുപിന്നാലെ ആഗോള സാമ്പത്തിക മാന്ദ്യവും. അവിടംകൊണ്ടും നിന്നില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ലോകത്തെ പിടിച്ചുലച്ചു. അതിന് ശേഷം സാര്‍സ് വൈറസിന്റെ ആക്രമണം. ഇതെല്ലാം തന്നെ ആഗോളതലത്തില്‍ എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയെ പ്രതികൂലമായി ബാധിച്ചു; ഐബിഎസിനെയും.
പക്ഷേ യഥാര്‍ത്ഥ പ്രതിസന്ധി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഐബിഎസിന്റെ മുഖ്യ ഉപഭോക്താവും സംയുക്ത പങ്കാളിയുമായ സ്വിസ് എയര്‍ പാപ്പരായി. അതോടെ ഐബിഎസിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായി. കമ്പനി അടച്ചുപൂട്ടുന്നതാകും ഉചിതമെന്ന് പലരും വി.കെയെ ഉപദേശിച്ചു.
അങ്ങനെ ചെയ്തിരുന്നെങ്കില്‍ 350 ഓളം ജീവനക്കാര്‍ക്ക് അന്ന് ജോലി നഷ്ടപ്പെടുമായിരുന്നു. നഷ്ടമെന്തു സംഭവിച്ചാലും കമ്പനി അടച്ചുപൂട്ടില്ല എന്ന് തന്നെയായിരുന്നു വി.കെയുടെ നിലപാട്. സാമ്പത്തിക മാന്ദ്യത്തിന്റെ അക്കാലത്ത് എല്ലാ ജീവനക്കാരെയും കൂടെനിര്‍ത്തി എയര്‍ലൈന്‍ മേഖലയ്ക്ക് വേണ്ടി ഏറ്റവും നൂതനമായ ഐടി ഉല്‍പ്പന്നങ്ങള്‍ ഐബിഎസ് വികസിപ്പിച്ചെടുത്തു.
ആഗോള സാമ്പത്തിക പ്രതിസന്ധികളില്‍ അയവ് വന്നതോടെ ഐബിഎസ് പതുക്കെ ചുവടുറപ്പിക്കാന്‍ തുടങ്ങി. ഗവേഷണ വികസന മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്തി ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് വേണ്ടി ഫ്യൂച്ചറിസ്റ്റിക്കായ ഐടി ഉല്‍പ്പന്നങ്ങള്‍ ഐബിഎസ് വികസിപ്പിച്ചെടുത്തുകൊണ്ടേയിരുന്നു. ലോകോത്തര ടീമും മൂല്യമേറിയ ഐടി ഉല്‍പ്പന്നങ്ങളുമായി ഐബിഎസ് രാജ്യാന്തരതലത്തില്‍ വ്യത്യസ്തരാകുകയായിരുന്നു.
ആഗോള ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് മേഖലയിലെ മുന്‍നിര ഐടി ഉല്‍പ്പന്ന കമ്പനിയാണിന്ന് ഐബിഎസ്. ഒപ്പം രാജ്യത്തെ ഐടി ഉല്‍പ്പന്ന കമ്പനികള്‍ക്കിടയില്‍ അതിശക്തമായ സ്ഥാനവും. ലോകത്തിലെ 35 രാജ്യങ്ങളിലെ 60 നഗരങ്ങളിലെ 200 ഓളം ഉപഭോക്താക്കള്‍ക്ക് ഐബിഎസ് ഇന്ന് സേവനം നല്‍കുന്നുണ്ട്.
42 രാജ്യങ്ങളില്‍ നിന്നുള്ള 5,000ത്തോളം പ്രൊഫഷണലുകളും ഐബിഎസിലുണ്ട്. 2023ല്‍ യുകെ ആസ്ഥാനമായുള്ള അപാക്സ് പാര്‍ട്ണേഴ്സ് എല്‍എല്‍പി 450 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ന്യൂനപക്ഷ ഓഹരി പങ്കാളിത്തം നേടിയപ്പോള്‍ ഐബിഎസിന്റെ മൂല്യം 200 കോടി ഡോളറെന്ന പുതിയ ഉയരങ്ങളാണ് തൊട്ടത്.
കണ്ടറിഞ്ഞ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് വി.കെ മാത്യൂസ് തന്റെ ബിസിനസ് ആശയം രൂപപ്പെടുത്തിയത്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കാലം ദുബായിലെ എമിറേറ്റ്സ് ഗ്രൂപ്പിനൊപ്പമായിരുന്നു വി.കെ. നല്ല ജോലി. സുഖകരമായ ജീവിതം. പക്ഷേ ഏറ്റവും നൂതനമായ ടെക്നോളജി ഏറ്റവും ആദ്യം ഉള്‍ച്ചേര്‍ത്ത് അതിവേഗത്തില്‍ മുന്നോട്ട് പോയാല്‍ മാത്രം ഉയരങ്ങള്‍ താണ്ടാന്‍ സാധിക്കുന്ന എയര്‍ലൈന്‍ രംഗം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന അലസ മനോഭാവമാണ് വി.കെയിലെ സംരംഭകനെ ഉണര്‍ത്തിയത്. പൊതുവെ എയര്‍ലൈന്‍ കമ്പനികള്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കായി അക്കാലത്ത് മതിയായ നിക്ഷേപം നടത്താന്‍ പോലും മടിച്ചിരുന്നു. പക്ഷേ അതില്ലാതെ നിലനില്‍പ്പില്ലെന്ന് വി.കെ തിരിച്ചറിയുകയും ചെയ്തു.
Read DhanamOnline in English
Subscribe to Dhanam Magazine