ഇഡ്ഡലി പോലൊരു സിംപിള്‍ വിജയക്കൂട്ട്

സമൃദ്ധമായ ഭക്ഷണം ആഡംബരമായിരുന്ന ഒരു വീട്ടില്‍ ജനിച്ചു വളര്‍ന്ന മുസ്തഫയുടെ കമ്പനി ഇന്ന് ഇന്ത്യയിലെയും വിദേശത്തെയും അടുക്കളകളിലായി ഒരു ദിവസം വിളമ്പുന്നത് പത്ത് ലക്ഷത്തോളം ഇഡ്ഡലിയും ദോശയുമാണ്. 50,000 പാക്കറ്റ് ഇഡ്ഡലി/ദോശ മാവാണ് ദിവസേനയുള്ള വില്‍പ്പന. 200 കോടിയുടെ ടേണോവറുള്ള ഐഡി ഫ്രഷ് ഫുഡ് സംരംഭത്തിലൂടെ പി.സി മുസ്തഫ എന്ന വയനാട്ടുകാരന്‍ തെളിയിക്കുന്നത് ഭക്ഷ്യ വിപണിയിലെ അവസരങ്ങള്‍ക്കൊപ്പം ലളിതമായ ആശയങ്ങളുടെ അപാരമായ ബിസിനസ് സാധ്യതകള്‍ കൂടിയാണ്.

ഒരു മിക്‌സിയും ഗ്രൈന്‍ഡറും സെക്കന്‍ഡ് ഹാന്‍ഡ് ടൂ വീലറുമായി 500 രൂപ വാടകയുള്ള മുറിയില്‍ നിന്ന് തുടക്കമിട്ട ഐഡിയുടെ കരുത്തായി ഇന്ന് ഏറ്റവും പുതിയ കസ്റ്റമൈസ്ഡ് മെഷീനുകളും വിശാലമായ യൂണിറ്റുകളും 1300ലേറെ ജീവനക്കാരും പത്ത് നഗരങ്ങളിലെ സാന്നിധ്യവും ഒന്‍പത് ഉല്‍പ്പന്നങ്ങളും.

തുടക്കം ലളിതം

ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ഏറ്റവും മികച്ച സംരംഭത്തിന് അവസരമൊരുക്കുന്നത് എന്ന് ഒരിക്കല്‍കൂടി പറഞ്ഞുതരുകയാണ് മുസ്തഫയുടെ ബിസിനസ്. അയര്‍ലന്റിലും ദു ബായിയിലും മോട്ടറോളയും സിറ്റിബാങ്കും പോലുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ഒരു ടെക്കി ഐ.റ്റി അല്ലാതെ മറ്റൊരു രംഗം തെരഞ്ഞെടുത്തതും അതുകൊണ്ടുതന്നെ.

ഭക്ഷണത്തിന്റെ വില മുസ്തഫയ്ക്ക് നന്നായി അറിയാം, ഏറ്റവും ഗുണ മേന്മയുള്ള ഉല്‍പ്പന്നം വ്യത്യസ്തമായി വിപണിയിലെത്തിച്ചാല്‍ അതിന് വേറെ ബ്രാന്‍ഡിംഗ് ഒന്നും ആവശ്യമില്ല എന്നും.

പക്ഷെ, ഒരുവിധ പ്ലാനിംഗും ഇല്ലാതെയാണ് ദുബായ്‌യിലെ ജോലി ഉപേക്ഷിച്ച് ബാംഗ്ലൂര്‍ ഐഐഎമ്മില്‍ എംബിഎ പഠിക്കാന്‍ മുസ്തഫ എത്തുന്നത്. വയനാട്ടിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍ ഒതുങ്ങിപ്പോകാതെ നല്ല വിദ്യാഭ്യാസവും ജോലിയും ജീവിതവും തന്ന സമൂഹത്തിനു ഒരു നല്ല സംരംഭത്തിലൂടെ നേട്ടങ്ങളുടെ ഒരുപങ്ക് തിരിച്ചു നല്‍കണം എന്ന് മാത്രമായിരുന്നു മനസില്‍. ഏഴാം ക്ലാസില്‍ തോറ്റ് പഠിപ്പ് മതിയാക്കി, പിന്നെയും സ്‌കൂളില്‍ തിരിച്ചെത്തിയ മുസ്തഫ ഡിഗ്രി നേടുന്നത് എന്‍ജിനീയറിംഗിലാണ്. അതും കോഴിക്കോട് എന്‍ഐറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍.

ബാംഗ്ലൂരിലെ താമസകാലത്ത് കസിന്‍സുമായുള്ള സംരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഇഡ്ഡലി ദോശമാവിന്റെ രൂപത്തില്‍ ആശയം മനസിലെത്തുന്നത്.
'അന്ന് കടകളില്‍ ലഭിക്കുന്ന മാവ് ബ്രാന്‍ഡഡ് അല്ല. റബര്‍ ബാന്റിട്ട് കെട്ടി ഒരു സ്റ്റിക്കര്‍ മാത്രം ഒട്ടിച്ചത്. ഗുണമേന്മയുള്ള, വ്യത്യസ്തമായി പാക്ക് ചെയ്ത മാവിന് നല്ല ഡിമാന്റുണ്ടാകും എന്ന് ഞങ്ങള്‍ക്ക് തോന്നി.' കമ്പനിയുടെ പേരും ഈ ചിന്ത പോലെ സിംപിള്‍. ഐഡി. ഇഡ്ഡലി ദോശ എന്നതിന്റെ ചുരുക്ക പേര് കമ്പനിയുടെ ഐഡന്റിറ്റി. മറ്റൊരു ഇഡ്ഡലി ദോശ പാക്കറ്റ് എന്ന് ചിന്തിക്കാന്‍ കഴിയാത്ത വിധം വ്യത്യസ്തമായിരുന്നു മുസ്തഫയും കൂട്ടരും വിപണിയിലെത്തിച്ച ഉല്‍പ്പന്നം. ഒഴിച്ചുവയ്ക്കാന്‍ ഒരു പാത്രത്തിന്റെ ആവശ്യമില്ലാത്ത രീതിയിലായിരുന്നു പാക്കറ്റിന്റെ ഡിസൈന്‍. കമ്പനിയുടെ പേരും നിര്‍മാണത്തിന്റെ വിവരങ്ങളും പൂര്‍ണമായി പ്രിന്റ് ചെയ്ത കവര്‍.

'സംരംഭത്തില്‍ ഇന്നവേഷനുള്ള പ്രാ ധാന്യം വലുതാണ്. മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായില്ലെങ്കില്‍ ഞങ്ങളെ ആരും ശ്രദ്ധിക്കില്ലായിരുന്നു.' ഈ വ്യത്യസ്തത വിപണിയില്‍ ശ്രദ്ധ നേടാന്‍ കുറച്ചുകാലം വേണ്ടിവന്നു. ചെറിയ രീതിയില്‍ മതി തുടക്കം എന്ന് തീരുമാനിച്ചതുകൊണ്ട് നഷ്ടങ്ങളുണ്ടായില്ല എന്നതും മുസ്തഫയുടെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജിയായി. 100 പാക്കറ്റുകള്‍ മാത്രമാണ് ആദ്യം മാര്‍ക്കറ്റിലെത്തിച്ചത്. ഇതില്‍ തൊണ്ണൂറും ആദ്യ ദിവസങ്ങളില്‍ തിരിച്ചെത്തി. 20 സ്റ്റോറുകളിലായി 100 പാക്കറ്റുകള്‍ വില്‍ക്കാന്‍ കഴിഞ്ഞത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം..

പിന്നീടുള്ള കഥ ഒരു ക്ലിഷേ ആവര്‍ത്തിക്കും പോലെ ചരിത്രം. 'ശരിയായ ബ്രാന്‍ഡ് ശരിയായ സമയത്ത് ശരിയായ വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതാണ് ഞങ്ങളെ സഹായിച്ചത്,' ഒരു ആശയം കോടികളുടെ നേട്ടങ്ങള്‍ സ്വന്തമാക്കിയതിന്റെ ക്രെഡിറ്റ് അവകാശപ്പെടാതെ മുസ്തഫ.

ഐഡിയും ഐറ്റിയും

ബാംഗ്ലൂരില്‍ നിന്ന് തുടങ്ങിയ ഇഡ്ഡലി കഥ മൈസൂരും ഹൈദരാബാദും പൂനെയും കടന്ന് ദുബായ് വരെയെത്തി. സ്വന്തം നെറ്റ്‌വര്‍ക്ക് എന്നത് ആദ്യം തന്നെ നടപ്പില്‍ വരുത്തിയ ഐഡിക്ക് ഇന്ന് ഇന്ത്യയിലെ 18,000 സ്റ്റോറുകളുമായി ടൈ അപ്പുണ്ട്. 300 വാഹനങ്ങളും സ്വന്തം. ഏറ്റവും മികച്ച ടെക്‌നോളജി ഉപയോഗിക്കാനും മുസ്തഫ ശ്രദ്ധിച്ചു. കമ്പനിയുടെ വരുമാനം 20 കോടിയിലെത്തിയപ്പോള്‍ തന്നെ ടഅജ സോഫ്റ്റ്‌വെയര്‍ ബിസിനസിന്റെ ഭാഗമായി. ഓരോ സെയ്ല്‍സ്മാനും ആപ്പ് വഴിയാണ് ബിസിനസ് മാനേജ്‌മെന്റ്. ടെക്‌നോളജി ഉപയോഗിച്ച് ബിസിനസ് എങ്ങനെ പ്രൊഫഷണലൈസ് ചെയ്യാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഐഡി. 'ഐഡി റണ്‍സ് ഓണ്‍ ഐ.റ്റി' എന്ന് മുസ്തഫ.

ബിസിനസിന്റെ തുടക്കം മുതല്‍ കൂടെയുള്ള കസിന്‍സ് നാസറും ഷംസുവും ജാഫറും നൗഷാദും തന്നെയാണ് ഇന്നും ഐഡിയുടെ ടോപ്പ് മാനേജ്‌മെന്റ്. ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇവിടെ ജോലി നല്‍കുന്നത് എന്നതും ഐഡിയുടെ പ്രത്യേകത. ഈയിടെ ഐഡി ആരംഭിച്ച ട്രസ്റ്റ് ഷോപ്പ് ഈ യുവക്കൂട്ടത്തിന്റെ മനസിലെ നന്മയുടെ മറ്റൊരു പ്രതീകമാണ്. സെയ്ല്‍സ്മാനും കാഷ് കൗണ്ടറും കാമറയുടെ നോട്ടവും ഇല്ലാത്ത ഔട്ട്‌ലെറ്റുകള്‍. ആവശ്യമുള്ള ഉല്‍പ്പന്നം തെരഞ്ഞെടുത്ത ശേഷം പണം മണി ബോക്‌സില്‍ നിക്ഷേപിച്ചാല്‍ മതി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് ഐഡിയ എന്ന അംഗീകാരം നേടാന്‍ ട്രസ്റ്റ് ഷോപ്പിന് അധികനാള്‍ വേണ്ടി വന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സ്‌കൂള്‍ ടിഫിന്‍ ബോക്‌സുകള്‍ക്ക് ചേര്‍ന്ന ചെറിയ ഗോതമ്പ് പൊറോട്ട മാര്‍ക്കറ്റിലെത്തിച്ചതിനു പിന്നിലും ഐഡിയുടെ ഇന്നവേഷന്‍ ചിന്ത തന്നെ. ഇനിയും കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി വിശാലമാകുകയാണ് മുസ്തഫയുടെ ഐഡന്റിറ്റി.

ഒരു ഫ്‌ളാഷ്ബാക്ക്

വയനാട്ടിലെ വീടിനോട് ചേര്‍ന്നൊരു പെട്ടിക്കട തുടങ്ങി മിഠായി വിറ്റത് ഒരു സ്‌കൂള്‍ അവധിക്കാലത്ത്. ഈ സംരംഭകന് അന്ന് വയസ് പത്ത്. പോക്കറ്റ്മണി നേടിത്തന്ന കുട്ടിക്കച്ചവടം വേനലവധി കഴിഞ്ഞതോടെ ഉപേക്ഷിച്ചെങ്കിലും സംരംഭകന്റെ റോളാണ് മുസ്തഫയ്ക്ക് ചേരുക എന്ന് കാലം തെളിയിച്ചു മിഠായി മധുരത്തില്‍ നിന്ന് ഇഡ്ഡലി ദോശ മാവിന്റെ പ്രായോഗിക വിജയത്തിലൂടെ .

(ഡിംസംബര്‍ 2016 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നത്.)

Related Articles
Next Story
Videos
Share it