ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ രാജ്യത്തെ നാലിലൊന്ന് സംരംഭങ്ങളും ഇല്ലാതാവും
ലോക്ക് ഡൗണ്‍ നാലു മുതല്‍ എട്ടാഴ്ച വരെ തുടര്‍ന്നാല്‍ രാജ്യത്തെ നാലിലൊന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും എന്നന്നേയ്ക്കുമായി അടച്ചു പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഏഴു കോടിയോളം എംഎസ്എംഇ സംരംഭങ്ങളാണുള്ളത്.
ഓള്‍ ഇന്ത്യന്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 19 മുതല്‍ 43 ശതമാനം വരെ സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്നാണ് കണക്കാക്കുന്നതെന്ന് ഗ്ലോബൂല്‍ അലയന്‍സ് ഫോര്‍ മാസ്സ് എന്‍ട്രപ്രണര്‍ഷിപ്പ് (GAME) ചെയര്‍മാന്‍ രവി വെങ്കിടേശന്‍ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് 90 ശതമാനം പേരും ജോലി ചെയ്യുന്നത് ഈ മേഖലയിലായതു കൊണ്ടുതന്നെ അടച്ചു പൂട്ടല്‍ വലിയ സമൂഹ്യ പ്രത്യാഘാതം സൃഷ്ടിക്കും. എല്ലാ മേഖലയിലും തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നാണ് അസോസിയേഷന്റെ കണക്കു കൂട്ടല്‍. നാലു കോടിയിലേറെ പേര്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍ 1.2 കോടി പേര്‍ക്കും ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ട്. 4.6 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന റീറ്റെയ്ല്‍ മേഖലയില്‍ 1.1 കോടി പേര്‍ക്ക് ജോലി ഇല്ലാതാകുമെന്നും പറയുന്നു. ബിസിനസ് കുറയുന്നതോടെ ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കം സംരംഭങ്ങള്‍ക്ക് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കും. ചരക്കു നീക്കം സ്തംഭിച്ചതിനെ തുടര്‍ന്ന് സാധനങ്ങള്‍ നശിച്ചു പോകുന്നതും ആവശ്യത്തിന് ലഭ്യമാകാതെ പോകുന്നതും മറ്റൊരു കാരണമാകും. മനുഷ്യവിഭവ ശേഷി കുറയുകയോ തീരെ ഇല്ലാതാവുകയോ ചെയ്തിരിക്കുന്ന സാഹചര്യം കൂടി താങ്ങാന്‍ പല സംരംഭങ്ങള്‍ക്കും ആകില്ലെന്നും വിലയിരുത്തപ്പെടുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline