മുരുകവേല്‍ ജാനകിരാമന്‍ ഈ സംരംഭകന്‍ സ്റ്റാറാ!
'ഇന്റര്‍നെറ്റിലൂടെ കല്യാണം ആലോചിക്കാനോ' എന്ന് സംശയിച്ചിരുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഭാരത് മാട്രിമോണി എന്നൊരു സംരംഭം കെട്ടിപ്പടുത്ത മുരുകവേല്‍ ജാനകിരാമന്‍. ഡേറ്റിംഗ് ആപ്പുകളുടെ കാലത്തും ഒന്നാം നിരയില്‍ തുടരുന്ന ഈ ബിസിനസ്.
ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്ന, ചെറിയ തുടക്കത്തില്‍ നിന്ന് വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത ജാനകിരാമന്‍ ആര്‍ഭാടങ്ങളും കെട്ടുകാഴ്ചകളുമില്ലാത്ത ബിസിനസ് വിജയത്തിന്റെ മികച്ച മാതൃക ആകുന്നത് വെറുതെയല്ല. 2008 ലെ സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രതിസന്ധികള്‍ മറികടന്നാണ് ഈ സംരംഭത്തെ ജാനകിരാമന്‍ ഉയരങ്ങളിലെത്തിച്ചത്.
അന്ന്
തമിഴ്‌നാട്ടിലെ റോയാപുരത്തെ ലൈന്‍ വീടുകളിലൊന്നില്‍ നിന്ന് മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടര്‍ സയന്‍സ് ക്ലാസിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ജാനകിരാമന്റെ കുടുംബത്തില്‍ കോളെജ് വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ ആള്‍. സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാറായി കുറച്ചുകാലം ജോലി ചെയ്ത ശേഷം സിംഗപ്പൂരിലേക്ക്. അമേരിക്കയില്‍ പ്രമുഖ കമ്പനികളുടെ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്‍നെറ്റ് ടെക്‌നോളജിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതും ഈ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിയുന്നതും.
പഠിക്കുന്ന കാലം മുതലേ മനസിലുള്ള സംരംഭമോഹ ത്തിന് രൂപം നല്‍കാന്‍ തീരുമാനിച്ചതും അങ്ങനെയാണ്. ആദ്യം തുടങ്ങിയത് sysindia.com എന്ന കമ്മ്യൂണിറ്റി പോര്‍ട്ടല്‍ ആണ്. ലക്ഷ്യം എന്‍ആര്‍ഐകളായിരുന്നു. അവര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്ന ഒരു സൈറ്റ്. ഇതിലെ ഒരു സെക്ഷന്‍ മാത്രമായിരുന്നു മാട്രിമോണി.
പക്ഷെ, ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്നത് ഈ വിഭാഗത്തിലെ വിവരങ്ങള്‍ ആണെന്ന് മനസിലാക്കി ജാനകിരാമന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തി, വിവാഹാലോചനകള്‍ക്ക് വേണ്ടി മാത്രമായി ഒരു സൈറ്റ് തുടങ്ങി തമിഴ്മാട്രിമോണി.കോം. പിന്നീട്, ഇന്ത്യയിലെ വ്യത്യസ്തമായ വിവാഹാചാരങ്ങളും ഓരോ സമുദായത്തിന്റെയും ആവശ്യങ്ങളും മനസിലാക്കി വിവിധ ഭാഷകളില്‍ സൈറ്റുകള്‍ തുടങ്ങി, അവയെല്ലാം ഭാരത് മാട്രിമോണി.കോം എന്ന പൊതുവായ ഒരു ബ്രാന്‍ഡിന്റെ കീഴിലാക്കി. ഇരുപത്താറാം വയസില്‍ അങ്ങനെ ജാനകിരാമന്‍ സംരംഭകനായി.
ഇന്ന്
നിയമരേഖയുള്ള ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഈ കമ്പനി സ്ഥാനം പിടിച്ചിട്ടുണ്ട്.
എലീറ്റ് മാട്രിമോണി, കമ്മ്യുണിറ്റി മാട്രിമോണി, ഡയറക്റ്ററി എന്നിങ്ങനെ ഒട്ടേറെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചും ഭാരത് മാട്രിമോണി ശ്രദ്ധ നേടി. കഴിഞ്ഞ മാസം കമ്പനിയുടെ ഐപിഒ 4.41 ഓവര്‍ സബ്‌സ്‌ക്രൈബ് ചെയ്തതോടെ ജാനകിരാമന്റെ ബിസിനസ് കൂടുതല്‍ ഉയരങ്ങളിലെത്തിയിരിക്കുകയാണ്.
ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ സ്വന്തമാക്കിയത് എന്നുകൂടി അറിഞ്ഞാലേ ജാനകിരാമന്റെ സംരംഭയാത്ര എത്ര വ്യത്യസ്തമ ണെന്ന് മനസിലാകുകയുള്ളു.
പ്രശ്‌നങ്ങള്‍ പലത്
'ഒട്ടും എളുപ്പമായിരുന്നില്ല ഇങ്ങനെ ഒരു കമ്പനി തുടങ്ങാനും നടത്തിക്കൊണ്ടു പോകാനും,' എന്ന് ജാനകിരാമന്‍. വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു എന്നോ? തികച്ചും പരമ്പരാഗതമായ രീതിയില്‍ നടന്നിരുന്ന വിവാഹാലോചനകള്‍ ഓണ്‍ലൈന്‍ വഴിയാക്കുക എന്നതുതന്നെ ഒരു വിപ്ലവകരമായ മാറ്റമായിരുന്നു. ഇത് തികച്ചും സുരക്ഷിതമാണ് എന്ന വിശ്വാസം ആളുകളില്‍ സൃഷ്ടിക്കുന്നതും എളുപ്പമായിരുന്നില്ല.
ഡോട്ട്‌കോമുകള്‍ തകരുന്ന കാലത്ത് ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും? ബിസിനസ് വിപുലീകരിക്കാന്‍ വേണ്ട ഫണ്ട് ഇല്ലാത്തതും മറ്റൊരു തടസമായിരുന്നു.
പരിഹാരങ്ങള്‍ അതിലേറെ
ഒരു ദിവസം പതിനാറ് മണിക്കൂറിലേറെ ജോലി ചെയ്യാനുള്ള മനസ് തന്നെയാണ് ജാനകിരാമന്റെ ഏറ്റവും മികച്ച സഹായിയായത്. പകല്‍ കണ്‍സള്‍ട്ടിംഗ് ജോലിയും വൈകുന്നേരം മുതല്‍ ബിസിനസ് മാനേജ്‌മെന്റും എന്നതായിരുന്നു ആദ്യകാലത്തെ രീതി, പ്രോഗ്രാമിംഗ് മുതല്‍ കസ്റ്റമര്‍ കെയര്‍ വരെ ചെയ്തിരുന്നത് ജാനകിരാമന്‍ തന്നെ.
സാമ്പത്തിക മാന്ദ്യകാലത്ത് ജീവനക്കാരുടെ എണ്ണം കുറച്ചും ചെറിയ വെബ്‌സൈറ്റുകള്‍ പലതും അടച്ചുപൂട്ടിയുമാണ് ജാനകിരാമന്‍ ബിസിനസ് നിലനിര്‍ത്തി യത്. ഒരിക്കലും ആര്‍ഭാടങ്ങള്‍ക്ക് പിന്നാലെ പോകാത്തതുകൊണ്ട് അമിതമായ ചെലവുകള്‍ ഒരിക്കലും കമ്പനിക്ക് ഭീഷണിയല്ല എന്നതും ഈ സ്ഥാപനത്തിന്റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സംരംഭകന്‍ എന്ന തലത്തില്‍ നിന്ന് ജാനകിരാമന്‍ സിഇഒ ആയതും ഈ സമയത്താണ്. മാര്‍ക്കറ്റിംഗും ഫിനാന്‍സും സ്വയം കൈകാര്യം ചെയ്യാന്‍ പഠിച്ചതും അതുകൊണ്ടുതന്നെ.
'ഓരോ വെല്ലുവിളിയും പുതിയ സാധ്യതകള്‍ തുറന്നുതരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്മാര്‍ട്ടായ ആളുകള്‍ക്ക് പ്രതിസന്ധികള്‍ അവസരങ്ങളാണ്.' എങ്ങനെ? ടെക്‌നോളജി ഉപയോഗപ്പെടുത്തി എന്നതല്ല, ഒരു പ്രത്യേക മേഖലയ്ക്ക് ആവശ്യമായ രീതിയില്‍ അതിനെ പ്രയോജനപ്പെടുത്തി എന്നതാണ് ജാനകിരാമന്റെയും ഭാരത് മാട്രിമോണിയുടെയും വിജയം.
ഇന്ത്യയില്‍ വിവാഹം എന്ന ചടങ്ങിലേക്ക് എത്തുന്നതിനു മുന്‍പുള്ള അനവധി കാര്യങ്ങളും അവയുടെ പ്രാധാ ന്യവും മനസിലാക്കി, വ്യത്യസ്ത സമുദായങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള ഉപഭോക്താക്കള്‍ക്ക് ചേരുന്ന സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഈ കമ്പനി ഒന്നാം നിരയില്‍ സ്ഥാനം ഉറപ്പിച്ചത്.
ഒട്ടേറെ സെര്‍ച്ച് ഓപ്ഷനുകള്‍ക്കൊപ്പം, ജാതകം എഴുത്തും റഫറന്‍സും കൃത്യമായ വെരിഫിക്കേഷനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയതോടെ സൈറ്റിലെ രജിസ്‌ട്രേഷനുകളുടെ എണ്ണം കൂടി. ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്തതുകൊണ്ട് വിശ്വാസ്യതയും വളരെ ഏറെയാണ്.
കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് എപ്പോഴും ജാനകിരാമനും ടീമും ശ്രദ്ധിക്കുന്നത്. ഫൊട്ടോഗ്രഫി സര്‍വീസും വിവാഹ ചടങ്ങുകള്‍ക്കായി ഓഡിറ്റോറിയം കണ്ടെത്താനുള്ള സൗകര്യവും ഇനി ഭാ രത് മാട്രിമോണിയല്‍ നിന്ന് പ്രതീക്ഷിക്കാം.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
ഓണ്‍ലൈന്‍ ആണെങ്കിലും അല്ലെങ്കിലും സംരംഭം വിജയകരമാക്കാന്‍ എന്താണ് വേണ്ടത്? 'ഭാഗ്യം ഒരു വലിയ ഘടകമാണ്, പക്ഷെ, കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും നേടാന്‍ കഴിയില്ല. ചെയ്യുന്ന കാര്യത്തോടുള്ള പാഷനും വളരെ പ്രധാനമാണ്,' ജാനകിരാമന്‍ പറയുന്നു.
- ശക്തമായ ഒരു ബിസിനസ് മോഡല്‍ ഉണ്ടാകണം. വളരെ വ്യത്യസ്തമായ, ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു മോഡലായിരിക്കണം ഇത്.
- കസ്റ്റമറുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരിക്കണം സേവനങ്ങളുടെ ഗുണമേന്മ.
- 'ഓണ്‍ലൈന്‍ മാട്രിമോണി പോലെ സേവനാധിഷ്ഠിതമായ ഒരു മേഖലയ്ക്ക് വ്യത്യസ്തമായ മാര്‍ക്ക റ്റിംഗ് ആവശ്യമാണ്. അതുകൊണ്ട് പരസ്യം ചെയ്യുന്നതില്‍ ഞങ്ങള്‍ എപ്പോഴും മുന്നിലാണ്'
പലര്‍ക്കും അറിയാത്ത ഒരു കാര്യം? 'ഭാരത് മാട്രിമോണി യിലൂടെ കണ്ടെത്തിയ പെണ്‍കുട്ടിയാണ് എന്റെ ഭാര്യ'
(2017 ഒക്ടോബർ 15-ലെ ധനം ബിസിനസ് മാഗസിനിൽ പ്രസിദ്ധീരിച്ചത്)