പണത്തിന് വേണ്ടി മാത്രമാണോ ബിസിനസ്? ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് സാരഥിയുടെ വേറിട്ട ചിന്തകള്‍
ബിസിനസ് ഒരു കലയാണ്. കലാപരമായി അത് മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ വിജയത്തോടൊപ്പം സംതൃപ്തിയും സന്തോഷവും കടന്നു വരുന്നു. പണം സമ്പാദിക്കല്‍ മാത്രമാണോ ബിസിനസിന്റെ പരമമായ ലക്ഷ്യം? അല്ലെന്ന് പറയുന്നു, രാമപുരം ഹോള്‍ഡിംഗ്‌സിന്റെ സാരഥികളില്‍ ഒരാളായ ജോസ് ടി രാമപുരം. ഹോസ്പിറ്റാലിറ്റി ബിസിനസിന് കലാസ്പര്‍ശം നല്‍കി ലക്ഷക്കണക്കിന് അതിഥികളുടെ മനസ്സില്‍ കുടിയേറിയ കര്‍ണാടകയിലെ രാമപുരം ഹോള്‍ഡിംഗ്‌സിന് കീഴിലുള്ള ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സിന്റെ വിജയരഹസ്യത്തിന് പിന്നിലുള്ളത് വേറിട്ട ചിന്തകളാണ്. അത് ലളിതമാണ്. പ്രൊഫഷണല്‍ തിരക്കുകള്‍ക്കിടയില്‍ ശാന്തമായി മുന്നേറാന്‍ ഓരോ ബിസിനസുകാരനെയും പഠിപ്പിക്കുന്ന ചിന്തകള്‍...
ധനം ബിസിനസ് മീഡിയ കോഴിക്കോട് നടത്തിയ എം.എസ്.എം.ഇ സമ്മിറ്റിലെ പാനല്‍ ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ വ്യവസായികള്‍ക്കൊപ്പം വേദിയിലെത്തിയ ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോസ് ടി രാമപുരത്തിന്റെ വാക്കുകള്‍ ബിസിനസിന്റെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കുന്നതായിരുന്നു. വലിയ കുടുംബത്തിന്റെ പ്രാധാന്യം, ആത്മീയതയുടെ കരുത്ത്, ഭൗതിക തൃഷ്ണകളുടെ പൊള്ളത്തരം, സന്തോഷത്തിന്റെ രഹസ്യങ്ങള്‍ തുടങ്ങി ജീവിത തത്വങ്ങളുടെ നേരറിവുകളിലൂടെ സന്തോഷത്തിലേക്കും വിജയങ്ങളിലേക്കുമുള്ള വഴികള്‍ തെളിക്കുന്ന വാക്കുകള്‍...
എന്നെ കുറിച്ചല്ല, നമ്മളെ കുറിച്ച് ചിന്തിക്കൂ
ഞാന്‍ എന്ന വാക്കിനെക്കാള്‍ നമ്മള്‍ എന്ന വാക്കിന്റെ വില ഏറെ വലുതാണെന്ന് ജോസ്.ടി.രാമപുരം ചൂണ്ടിക്കാട്ടുമ്പോള്‍, വ്യക്തിയില്‍ നിന്ന് കുടുംബത്തിലേക്കും സമൂഹത്തിലേക്കുമുള്ള വളര്‍ച്ച ദൃശ്യമാണ്. കുടുംബ ബിസിനസില്‍ വ്യക്തികള്‍ക്ക് പ്രാധാന്യമില്ല. കുടുംബത്തിന്റെ കെട്ടുറപ്പിനാണ് പ്രാധാന്യം. 11 മക്കളുള്ള കുടുംബത്തിലാണ് ജോസിന്റെ ജനനം. ഏഴു പേര്‍ ആണുങ്ങള്‍.നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങി വെച്ച ഹോസ്പിറ്റാലിറ്റി ബിസിനസ് വളര്‍ന്നത് അവരുടെ കൈകളിലൂടെയാണ്. പിന്നീട് കുടുംബം വലുതായി. പുതിയ തലമുറ കടന്നെത്തി. കുടുംബം വലുതാകുമ്പോള്‍ കെട്ടുറപ്പ് കൂട്ടുന്നതാണ് ബിസിനസിന്റെ കരുത്ത്. എല്ലാ കുടുംബാംഗങ്ങളും ഇടക്കിടെ ഒത്തുചേരും. പുതിയ തലമുറയിലെ ചിലര്‍ പങ്കാളികളാകും. ചിലര്‍ മറ്റു തിരക്കുകളിലാകും. ആരെയും നിര്‍ബന്ധിക്കാറില്ല. എങ്കിലും ഒത്തുചേരലില്‍ പങ്കാളികളാകാന്‍ എല്ലാവരും പരമാവധി ശ്രമിക്കും. അത്തരം കൂടിച്ചേരലുകളിലൂടെയാണ് കുടുംബം ശക്തിപ്പെടുന്നത്. അവിടെ തമാശകള്‍ക്കാണ് പ്രാധാന്യം. നെഗറ്റിവിറ്റിയില്ല, രാഷ്ട്രീയമില്ല, മതമില്ല, ബിസിനസില്ല. പരസ്പരം കളിയാക്കിയും സ്‌നേഹിച്ചുമുള്ള കൂടിച്ചേരല്‍. ചിലപ്പോള്‍ ചേട്ടന്‍മാര്‍ അനിയന്മാരെ വഴക്കു പറയും. അനിയന്‍മാര്‍ അതൊന്നും കാര്യമാക്കില്ല. ഇതെല്ലാം ഞങ്ങളുടെ ബിസിനസിന് കരുത്താണ്. പണത്തിന് വേണ്ടി മാത്രമാകരുത് ബിസിനസ്. സന്താഷത്തിന് വേണ്ടി കൂടിയാകണം. ആ സന്തോഷം അടുത്ത തലമുറയിലേക്ക് പകരാൻ കഴിയണം. ലോകത്തിലെ ഭൗതിക കാര്യങ്ങള്‍ക്ക് പുറകെ മാത്രം പോകുന്നതില്‍ അര്‍ത്ഥമില്ല. അത് എവിടേക്കാണ് പോകുന്നതെന്നതിനെ കുറിച്ച് ഒരു ലക്ഷ്യവുമില്ല. ആത്മീയതക്ക് പ്രാധാന്യം നല്‍കി ഒരുമയോടെ മുന്നോട്ടു പോകുന്നതാണ് കുടുംബ ബിസിനസിന്റെ വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിൽ വഴക്കുണ്ടായാൽ അത് ബിസിനസിനെ തകർക്കും. ബോർഡ് റൂം ഒരു വാർ റൂം ആയി മാറും.
ടോപ്പ് ഓഫ് ദ പിരമിഡ് തിയറി
പ്രശസ്ത തത്വ ചിന്തകനായിരുന്ന രജനീഷ് ഓഷോ ഒരിക്കല്‍ പറഞ്ഞത് ജോസ് ടി. രാമപുരം ഓര്‍ക്കുന്നു. '' ലോകത്ത് പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ ഒരു പാട് ആളുകളുണ്ട്. പണക്കാരെ നോക്കാൻ ആരുണ്ട്?'' സമൂഹത്തിലെ ബോട്ടം ഓഫ് ദ പിരമിഡ് തിയറിയെയാണ് ജോസ് ഈ വാക്കുകളുമായി ബന്ധിപ്പിക്കുന്നത്. പണക്കാര്‍ക്ക് സൗകര്യമൊരുക്കാനും ആരെങ്കിലുമൊക്കെ വേണം. ടോപ്പ് ഓഫ് ദ പിരമിഡ് തിയറിയില്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്ട്‌സ് വിശ്വസിക്കാന്‍ തുടങ്ങിയത് അങ്ങനെയാണ്. പണമുള്ളവര്‍ക്ക് ഹോസ്പിറ്റാലിറ്റി മേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി. ഒരു കാലത്ത് ഇവോള്‍വ് ബാക്ക് മാത്രമുണ്ടായിരുന്ന കൂര്‍ഗില്‍ താജ്, താമര, മാരിയറ്റ് പോലുള്ള വലിയ ഹോട്ടലുകള്‍ വന്നു. ഇനി ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചവരുണ്ട്. അപ്പോള്‍ ടോപ്പ് ഓഫ് ദ പിരമിഡ് തിയറിയാണ് ഞങ്ങള്‍ നടപ്പാക്കിയത്. ധനികരായവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഞങ്ങളുടെ പ്രോപ്പര്‍ട്ടികള്‍ക്ക് പുതിയ മുഖം നല്‍കി. നിരക്കുകള്‍ 30 ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു. ഇന്ന് കൂര്‍ഗില്‍ ഇവോള്‍വ് ബാക്കിന് 58 വില്ലകള്‍ ഉണ്ട്. ഇവയെല്ലാം ഹോട്ട് വാട്ടര്‍ പൂളുകള്‍ ഉള്ളതാണ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ വില്ലകളാണ് ഇവോള്‍വ് ബാക്കിന്റേത്. ജോസ് ടി രാമപുരം പറയുന്നു. അതിഥികളെ, അവരുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് അവരുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കുന്നതാണ് ഇവോള്‍ബാക്കിന്റെ വിജയരഹസ്യം. അതിഥികള്‍ ഇവോള്‍വ് ബാക്ക് റിസോര്‍ട്ടുകള്‍ തേടി വരുന്നതിന് പിന്നിലെ രഹസ്യവും അതു തന്നെ.
തലമുറകള്‍ കൈമാറുന്ന ആതിഥ്യമര്യാദ
നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് തോമസ്.ഇ.രാമപുരം തുടങ്ങി വെച്ച രാമപുരം ഹോള്‍ഡിംഗ്‌സ് എന്ന കുടുംബ ബിസിനസിനെ വളര്‍ത്തിയെടുക്കുകയാണ് ഇന്നത്തെ തലമുറ ചെയ്തത്. കൈമോശം വരാത്ത ആതിഥ്യ മര്യാദയാണ് ഗ്രൂപ്പിന്റെ വിജയരഹസ്യം. രാമപുരം ഹോള്‍ഡിംഗ്‌സിന് കീഴിലെ വിവിധ ബിസിനസ് സംരംഭങ്ങളില്‍ ഒന്നാണ് ഇവോള്‍വ് ബാക്ക് റിസോര്‍ട്‌സ്. ബംഗളുരു ആസ്ഥാനമായ കമ്പനിക്ക് പ്ലാന്റേഷന്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലും സംരംഭങ്ങളുണ്ട്.
ലോകോത്തര നിലവാരമുള്ള റിസോര്‍ട്ടുകളാണ് ഇവോള്‍വ് ബാക്ക് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൂര്‍ഗ്, കബനി, ഹംപി തുടങ്ങിയ സ്ഥലങ്ങളിലെ റിസോര്‍ട്ടുകള്‍ ശില്‍പ്പഭംഗി കൊണ്ടും ലക്ഷ്വറി സൗകര്യങ്ങള്‍ കൊണ്ടും മനംമയക്കുന്നതാണ്. ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയിലുള്ള് കലഹാരി മരുഭൂമിയിലെ ഇവോള്‍വ് ബാക്ക് റിസോര്‍ട്ട് പ്രകൃതിയോട് ചേര്‍ന്നുള്ള താമസത്തിന് അതിഥികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ്.