

എ.ആര്‍ രഞ്ജിത്
എന്റെ ബാല്യകാല സുഹൃത്തായിരുന്നു നൗഷാദ്. ഗള്‍ഫിലൊക്കെ പോയി തിരിച്ചു വന്ന കക്ഷി ഒരു പുതിയ ബിസിനസിന്റെ പണിപ്പുരയില്‍ ആയിരുന്നു, രണ്ടു വര്‍ഷം മുന്‍പ് ഫെയ്‌സ് ബുക്ക് ചാറ്റില്‍ ഞങ്ങള്‍ കണ്ടു മുട്ടുമ്പോള്‍. പെയ്ന്റുകളില്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം കെമിക്കല്‍ നിര്‍മിച്ചെടുക്കുക എന്നതാണ് ബിസിനസ്. പെയ്ന്റിന്റെ കാലാവധി കൂട്ടുന്ന ഒന്നാണിത് എന്നായിരുന്നു കക്ഷിയുടെ വാദം. പിന്നെ രണ്ടു മാസം മുന്‍പ് ഒരു ഗള്‍ഫ് യാത്രയിലാണ് വീണ്ടും കാണുന്നത്. ഏകദേശം ഒന്നരക്കോടിയോളം രൂപ ഇന്‍വെസ്റ്റ് ചെയ്ത് എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുകയായിരുന്നു അയാള്‍...!
അതെ, പല സംരംഭകരും നൗഷാദിനെപ്പോലെയാണ്. തങ്ങളുടെ കയ്യിലുള്ള ആശയമാണ് ലോകത്തില്‍ വെച്ച് ഏറ്റവും നല്ലതെന്നും, താന്‍ നില്‍ക്കുന്ന ബിസിനസ് മേഖല ഏറ്റവും നല്ലതാണെന്നും അന്ധമായങ്ങു വിശ്വസിച്ചു കളയും. സംരംഭം മുന്നോട്ടു പോകാത്ത അവസ്ഥ വരുമ്പോള്‍ മാത്രമാണ് ഇത്തരക്കാര്‍ ചുറ്റും നോക്കുക. ഇത്തരം അവസ്ഥകളില്‍ ആണ് മൈക്കല്‍ പോര്‍ട്ടറുടെ ഫൈവ് ഫോഴ്‌സസ് അനാലിസിസ് പ്രസക്തമാകുന്നത്.
എന്താണ് ആ അഞ്ചു ശക്തികള്‍?
ഒരു ബിസിനസ് പ്ലാന്‍ ഉണ്ടാക്കുന്ന അവസരത്തിലോ, ഒരു പുതിയ ബിസിനസിനെ പറ്റി ചിന്തിക്കാന്‍ തുടങ്ങുമ്പോഴോ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ടൂള്‍ തന്നെയാണ് പോര്‍ട്ടര്‍ മോഡല്‍. നിങ്ങളുടെ ബിസിനസ് മേഖലയുടെ ലാഭ സാധ്യതയാണ് ഇതിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുക. ഏതൊക്കെ കാര്യങ്ങളാണ് നിങ്ങളുടെ സംരംഭത്തെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
1. നിങ്ങളുടെ സപ്ലയേഴ്‌സി (നിങ്ങള്‍ക്ക് സാധനം തരുന്നവര്‍)ന്റെ ബാര്‍ഗെയ്‌നിംഗ് പവര്‍
2. നിങ്ങളുടെ ബയേഴ്‌സ് (നിങ്ങളില്‍ നിന്ന് സാധനം മേടിക്കുന്നവര്‍) ന്റെ ബാര്‍ഗെയ്‌നിംഗ് പവര്‍
3. ഈ ബിസിനസ് മേഖലയിലേക്ക് കടന്നു വരാനുള്ള ബുദ്ധിമുട്ട്
4. നമ്മുടെ സേവനത്തിനോ ഉല്‍പ്പന്നത്തിനോ പകരം വെയ്ക്കാനുള്ള സാധ്യത
5. മത്സരത്തിന്റെ തീവ്രത
ഈ അഞ്ചു ശക്തികളെ ശരിയായി പഠിച്ചാല്‍, നിങ്ങളുടെ ബിസിനസ് കൊണ്ട് പോകേണ്ട ശരിയായ ദിശ നിര്‍ണയിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല.
ദ സപ്ലയര്‍
പവര്‍ ആദ്യം നിങ്ങളുടെ സപ്ലയേഴ്‌സിന്റെ കാര്യമെടുക്കാം. അവര്‍ക്ക് നിങ്ങളുടെ അടുത്തുള്ള ബാര്‍ഗെയ്‌നിംഗ് പവര്‍ എത്ര മാത്രം ഉണ്ട് എന്നത് പ്രധാനമാണ്. വളരെ അപൂര്‍വമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് എത്തിച്ചു തരുന്ന ആള്‍, അയാളുടെ ബാര്‍ഗെയ്‌നിംഗ് പവര്‍ നന്നായി ഉപയോഗിക്കാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ സപ്ലയേഴ്‌സിനെ കണ്ടു വെയ്‌ക്കേണ്ടത് അതിനാല്‍ തന്നെ പ്രധാനവുമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ സപ്ലയര്‍ പവറിന്റെ തീവ്രത തീരുമാനിക്കുന്നു. അതിനാല്‍ തന്നെ ഈ കാര്യങ്ങള്‍ അവലോകനം ചെയ്ത് നിങ്ങളുടെ ബിസിനസിന്റെ ഈ കാര്യത്തിലുള്ള മാര്‍ക്ക് തീരുമാനിക്കാം.
കസ്റ്റമര്‍ എന്ന രാജാവ് ഇനി നമുക്ക് നിങ്ങളുടെ ഉപഭോക്താക്കളുടെ കാര്യമെടുക്കാം. അവിടെയും ഒരുപക്ഷെ വലിയ കടമ്പകള്‍ ഉണ്ടായേക്കാം. വളരെ കുറച്ച് ബയേഴ്‌സ് മാത്രം ഉണ്ടാവുക, ബയേഴ്‌സിന്റെ പര്‍ച്ചേസിംഗ് പവര്‍, ഉപഭോക്താവ് നിങ്ങളുടെ ബിസിനസ് തുടങ്ങാനുള്ള സാധ്യത, ഒരു ഉപഭോക്താവിനെ മാറ്റി വേറെ ഒരാളെ കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട്, ഉപഭോക്താക്കള്‍ തമ്മിലുള്ള മത്സരം എന്നിങ്ങനെ പല കാര്യങ്ങളും പരിഗണിച്ചാല്‍ മാത്രമേ നിങ്ങളുടെ ഈ മേഖലയിലെ സ്‌കോര്‍ കണ്ടുപിടിക്കാന്‍ സാധിക്കൂ. നിങ്ങള്‍ക്ക് അധികം ബയേഴ്‌സിനെ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഉള്ള ബയേഴ്‌സിന്റെ തീരുമാനങ്ങള്‍ കൂടുതല്‍ പ്രധാനമാകും!
പുത്തന്‍ മത്സരാര്‍ഥികള്‍ക്കുള്ള കടമ്പകള്‍
പുതിയതായി നിങ്ങളുടെ ബിസിനസ് മേഖലയിലേയ്ക്ക് കടന്നു വരാന്‍ ഒരാള്‍ക്ക് എത്ര മാത്രം എളുപ്പമാണ് എന്നതാണ് ഇവിടെ പ്രസക്തം. ആളുകള്‍ക്ക് കടന്നു വരാനുള്ള എളുപ്പം കൂടും തോറും നിങ്ങള്‍ക്ക് കൂടുതല്‍ മത്സരം നേരിടേണ്ടി വന്നേക്കും. കാപ്പിറ്റലിന്റെ ആവശ്യകത, സ്‌പെഷല്‍ ആയുള്ള ടെക്‌നോളജിയുടെ ഉപയോഗം, ബ്രാന്‍ഡ് ലോയല്‍റ്റി, ഗവണ്‍മെന്റ് പോളിസികള്‍, ഉപഭോക്താക്കളെ മാറ്റി ചിന്തിപ്പിക്കാന്‍ വേണ്ടി വരുന്ന ചെലവ്, വലിയ തോതില്‍ ഉല്‍പ്പാദനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലാഭം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സൂക്ഷ്മമായി പരിഗണിച്ചാല്‍, നിങ്ങളുടെ ഇപ്പോഴുള്ള ബിസിനസിലേക്കുള്ള വഴി എത്ര സുഗമം ആണ് എന്ന് മനസിലാക്കാം. എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന, ടെക്‌നോളജി അധികം ഉപയോഗിക്കേണ്ടാത്ത, അധികം ഇന്‍വെസ്റ്റ്മെന്റ് ആവശ്യമില്ലാത്ത, ബ്രാന്‍ഡിനു വലിയ പ്രാധാന്യമില്ലാത്ത ബിസിനസുകള്‍ ആര്‍ക്കും എപ്പോഴും തുടങ്ങാന്‍ കഴിയുന്നവയാണ്.
പകരക്കാരുണ്ടോ?
നിങ്ങളുടെ സേവനത്തിനോ, ഉല്‍പ്പന്നത്തിനോ പകരം അതേ കാര്യസാധ്യത്തിനായി മറ്റ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. ഒരുപക്ഷെ നേരിട്ട് അതേ മേഖലയില്‍ തന്നെയാകണം ഈ പകരക്കാരന്‍ എന്നില്ല. ടാക്‌സി സര്‍വീസുകളുടെ പകരക്കാരന്‍ ആണ് യൂബര്‍ എന്ന ടെക്‌നോളജി കമ്പനി. കാമറകളുടെ പകരക്കാരന്‍ ആകാന്‍ മൊബീല്‍ ഫോണുകള്‍ക്കും കഴിഞ്ഞു. സാങ്കേതിക വിദ്യ എല്ലാ ബിസിനസ് രംഗങ്ങളിലേക്കും കടന്നു വരുന്നതോടെ, പകരം വെയ്ക്കാന്‍ പറ്റുന്ന ബിസിനസ് മോഡലുകള്‍ ധാരാളമായി ഉണ്ടാകും. പെട്ടെന്നു തന്നെ പകരം വെയ്ക്കാവുന്ന ബിസിനസുകളിലേക്ക് ഇറങ്ങാതിരിക്കുകയാണ് ഉത്തമം. നമ്മുടെ ഉല്‍പ്പന്നമോ, സേവനമോ ഉപയോഗിക്കുന്നവര്‍ക്ക് എന്ത് രീതിയില്‍ ഉപയോഗയോഗ്യമാണ് എന്ന കാര്യത്തില്‍ ശരിയായി അവലോകനം നടത്തിയാലേ ഇതിനെ അതിജീവിക്കാന്‍ സാധിക്കൂ. പകരക്കാരന്‍ ഇല്ല എന്ന് പറയുമ്പോഴും ഒന്ന് ആലോചിക്കേണ്ടതുണ്ട്. എന്തുകൊണ്ട് പകരക്കാരന്‍ ഇല്ല (ഉല്‍പ്പന്നത്തിന്റെ ആവശ്യകതയിലേക്ക് പോലും വിരല്‍ ചൂണ്ടുന്ന ചോദ്യമാകാം അത്)
കടുത്ത മത്സരം
കടുത്ത മത്സരം നേരിടുന്ന ഒരു വിഭാഗമാണോ നിങ്ങളുടേത്? അത്തരമൊരു മത്സരത്തെ നിര്‍ണയിക്കുന്നതില്‍ ചില ഘടകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. നിങ്ങളുടെ ബിസിനസ് മേഖല പ്രവര്‍ത്തിക്കുന്ന രീതി, ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ ആവശ്യകത, മറ്റ് മത്സരാര്‍ഥികളുമായി നിങ്ങളുടെ മൂല്യങ്ങളിലുള്ള വ്യത്യാസം, വില നിലവാരം, ബിസിനസില്‍ നിന്ന് പുറത്തു കടക്കാനുള്ള ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇവിടെ നിങ്ങളുടെ സ്‌കോര്‍ തീരുമാനിക്കുക. കടുത്ത മത്സരം നേരിടുന്ന പല ബിസിനസുകളിലും, ഇതിലെ ഏതെങ്കിലും കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പുതിയ തലങ്ങളിലേയ്ക്ക് തിരിച്ചു വിടാവുന്നതേയുള്ളൂ. രസകരമായ മറ്റൊരു കാര്യം ഈ മത്സരത്തെ നിയന്ത്രിക്കുന്നത് മുന്‍പ് പറഞ്ഞ മറ്റ് നാല് ഘടകങ്ങളും കൂടിയാണ് എന്നതാണ്.
ഇനി നിങ്ങള്‍ നിങ്ങളുടെ ഇപ്പോഴത്തെ ബിസിനസ് മേഖലയെ ഒന്ന് അവലോകനം ചെയ്തു നോക്കൂ... എത്രമാത്രം ശക്തമാണ് നമ്മുടെ ബിസിനസ് എന്ന് സ്വയം നിര്‍ണയിക്കാവുന്നതേയുള്ളൂ. ഇതോടൊപ്പമുള്ള ടേബിള്‍ പൂരിപ്പിച്ച് നോക്കുക. ഇത് കൂടാതെയും ഒരുപാട് കാര്യങ്ങള്‍ ബിസിനസ് മേഖലയെ സ്വാധീനിക്കും എന്നതിനാല്‍, ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ സഹായത്തോടു കൂടി മാത്രമേ ഒരു തീരുമാനത്തില്‍ എത്താവൂ.
(സംശയങ്ങള്‍ മെയ്‌ലില്‍ അയയ്ക്കാം)
Read DhanamOnline in English
Subscribe to Dhanam Magazine