പുഴയിലെറിയുന്ന പൂജാപുഷ്പങ്ങളില്‍ നിന്ന് ഓർഗാനിക് ലെതര്‍! മാലിന്യ നിര്‍മാര്‍ജനത്തിലൂടെ വളരുന്നു ഈ സംരംഭം
നാല് വർഷം മുമ്പ് സൈബർ സുരക്ഷാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ കാൺപൂർ സ്വദേശിയായ അങ്കിത് തന്റെ ഒരു സുഹൃത്തിനെ ഗംഗാ ഘട്ടുകൾ കാണാൻ കൊണ്ടുപോയി. അപ്പോളാണ് അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ഒരു ലോഡ് പൂജാ പുഷ്പങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയുന്നത് അങ്കിത് ശ്രദ്ധിക്കുന്നത്. അവിടെ നിന്നുമാണ് സംരംഭകത്വ ആശയം മനസ്സില്‍ വരുന്നത്. കാണ്‍പൂര്‍ ഫ്ളവര്‍ സൈക്ലിംഗ് എന്ന സംരംഭം തുടങ്ങിയ അങ്കിതിന്‍റെ കഥ, ടൈകോണ്‍ കേരള 2019 ലെ അതിഥികള്‍ പങ്കുവച്ച സംരംഭക കഥകളില്‍ വ്യത്യസ്തമായിരുന്നു.
"എല്ലാ ദിവസവും അരലക്ഷത്തോളം ആളുകൾ ക്ഷേത്രങ്ങളിൽ പോയി ദേവന്മാർക്ക് പുഷ്പങ്ങൾ അർപ്പിക്കുന്നു, എന്നാൽ ക്ഷേത്ര പുഷ്പങ്ങള്‍ മാലിന്യത്തിന് കാരണമാകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല, പുഴയിലെ മലിനീകരണം 420 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെയും ബാധിക്കുന്നതാണ്. ഓരോ വർഷവും നമ്മൾ എട്ട് ദശലക്ഷം ടണ്ണിലധികം പുഷ്പങ്ങൾ പുഴയിലും തുറന്ന സ്ഥലത്തും ഇടുന്നു. കീടനാശിനികൾ അടങ്ങിയ പുഷ്പങ്ങൾ അഴുകി ജലാശയങ്ങളുടെ ആവാസവ്യവസ്ഥ നശിക്കുന്നു. മറ്റ് മാലിന്യങ്ങൾക്ക് പുറമെയാണിത് . ഈ മലിനീകരണങ്ങൾ ഹെപ്പറ്റൈറ്റിസ്, കോളറ, ഛർദ്ദി എന്നിവയ്ക്കും കാരണമാകുന്നതായും മനസ്സിലാക്കാന്‍ കഴിഞ്ഞു. ”
പുഷ്പവിപണി, ഉപയോഗം, അത് പുനരുപയോഗം ചെയ്യുന്ന രീതികൾ എന്നിവ ആറുമാസം പ0ന വിധേയമാക്കി . 72, 000 രൂപ നിക്ഷേപത്തിലും കൂടുതൽ ധനസമാഹരണത്തിലൂടെയുമാണ് അങ്കിത് പുഷ്പ മാലിന്യ ങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ ധൂപ തിരികൾ നിർമ്മിക്കുന്ന കമ്പനി ആരംഭിക്കുന്നത്.
“ഇന്ന് ഞങ്ങൾ യുപിയിലെ മൂന്ന് നഗരങ്ങളിൽ നിന്ന് മാലിന്യ പൂക്കൾ ശേഖരിക്കുന്നു. ഈ പുഷ്പങ്ങളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന തിരി ഓരോ മിനിറ്റിലും ഒരു പായ്ക്ക് എന്ന തോതിൽ വിറ്റ് പോവുന്നുണ്ട്. പുഷ്പമാലിന്യത്തിൽ നിന്ന് ഉണ്ടാക്കുന്ന കമ്പോസ്റ്റ് കർഷകർക്ക് വിൽക്കുന്നു. പുഷ്പങ്ങളിൽ നിന്ന് നിർമ്മിച്ച മറ്റൊരു ഉൽപ്പന്നമായ ബയോഡീഗ്രേഡബിൾ പാക്കേജിംഗിനായുള്ള ഫ്ലോറഫോം ഭൂമിയിലെ അഞ്ചാമത്തെ വലിയ മലിനീകരണമായ തെർമോകോളിന് ബദലായി മാറും. പുഷ്പങ്ങളിൽ നിന്ന് നിർമ്മിച്ച ഓർഗാനിക് ലെതറാണ് അടുത്ത ഉൽപ്പന്നം, ”അങ്കിത് പറയുകയാണ് കാൺപൂരിലും പരിസരത്തും കഷ്ടപ്പാടനുഭവിക്കുന്ന ഒട്ടനവധി പേർക്കു ജോലി നൽകിയ, അവരുടെ ജീവിതം മെച്ചപ്പെട്ടതാക്കിയ സംരംഭത്തിന്‍റെ വേറിട്ട കഥ. നമുക്കും മാതൃകയാക്കാം മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‍റെ ഈ പുതിയ സംരംഭക കഥയെ.
.