വരുന്നൂ 'ചെത്തുകാരന്‍' റോബോട്ട്, തെങ്ങില്‍ കയറും; നല്ല ശുദ്ധ കള്ളും തരും

കേരളത്തിന്റെ സ്വന്തം പോഷക പാനീയം എതാണെന്ന് ചോദിച്ചാല്‍ ശരാശരി മലയാളി ഒറ്റ ശ്വാസത്തില്‍ പറയും, അത് നമ്മുടെ കള്ള് തന്നെ! സംസ്ഥാന സര്‍ക്കാര്‍ പോലും കള്ള് ലഹരിയല്ലെന്നും പോഷകത്തിന്റെ കലവറയാണെന്നും ചൂണ്ടിക്കാട്ടുന്നു. കള്ള് ഷാപ്പുകളുടെ ആധുനികവത്കരണവും സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനകം തന്നെ സംസ്ഥാനത്തെ നിരവധി കള്ള് ഷാപ്പുകള്‍ ഫാമിലി റെസ്റ്റോറന്റുകള്‍ കൂടിയായി മാറിക്കഴിഞ്ഞു.

പക്ഷേ, ഇപ്പോഴും പലര്‍ക്കും ആശങ്കയാണ്... നല്ല കള്ള് എങ്ങനെ തിരിച്ചറിയും? വിശ്വസിച്ച് എങ്ങനെ കുടിക്കും? ഇത്തരം ആശങ്കകള്‍ക്ക് മാത്രമല്ല, കള്ള് ചെത്താന്‍ ആളെ കിട്ടുന്നില്ലെന്ന പരിഭവമുള്‍പ്പെടെ മാറ്റാന്‍ ഇതാ ഒരു യന്തിരന്‍ എത്തുകയാണ്. 'സാപ്പര്‍' എന്ന ചെത്ത് റോബോട്ട്.
സാപ്പര്‍ റോബോട്ട്
പണ്ടത്തെ കാലമെടുത്താലും ഇപ്പോഴും കേരളത്തില്‍ കള്ള് ചെത്ത് പഴയപടി തന്നെയാണ്. ചെത്ത് തൊഴിലാളി ദിവസവും മൂന്ന് വട്ടം തെങ്ങില്‍ കയറുന്നു; ചെത്തുന്നു. ഇങ്ങനെ ദിവസവും ശരാശരി 10 തെങ്ങെങ്കിലും ചെത്തും.
കാര്യമായ വരുമാനമൊന്നും കിട്ടാത്തതിനാല്‍ ചെത്ത് തൊഴിലിലേക്ക് പുതിയ തലമുറക്കാരൊന്നും വരുന്നില്ല. അതുകൊണ്ട്, ചെത്താന്‍ ആവശ്യത്തിന് ആളുമില്ല. ഈ പോരായ്മ മറികടക്കാന്‍ മാത്രമല്ല, ചെത്ത് തൊഴില്‍ കൂടുതല്‍ ആയാസരഹിതമാക്കാനും കള്ള് ശുദ്ധമായി തന്നെ ശേഖരിക്കാനും മൂല്യവര്‍ദ്ധന ഉറപ്പാക്കാനും കളമശേരി മേക്കര്‍വില്ലേജിലെ 'നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍' എന്ന സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച റോബോട്ടാണ് 'സാപ്പര്‍ (Saper)'.
റിസ്‌കില്ലാതെ ചെത്താം, ശുദ്ധി ഉറപ്പാക്കാം
കള്ള് ചെത്താന്‍ തെങ്ങില്‍ കയറുന്ന ആയാസവും റിസ്‌കും കുറയ്ക്കുകയും വൃത്തിയുള്ളതും നിലവാരം ഒട്ടും ചോരാത്തതുമായ ശുദ്ധമായ കള്ള് ശേഖരിക്കുകയും ചെയ്യുന്ന റോബോട്ടാണ് സാപ്പര്‍. കള്ള് മാത്രമല്ല, കേരളത്തിന് പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോയ 'നീര' പൂര്‍ണ മികവുകളോടെ വിപണിയിലെത്തിക്കാനും അതുവഴി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും മികച്ച വരുമാനം നേടാനും സാപ്പര്‍ സഹായകമാകുമെന്ന് നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ചാള്‍സ് വിജയ് വര്‍ഗീസ് ധനംഓണ്‍ലൈന്‍.കോമിനോട്
പറഞ്ഞു.
സാപ്പറിന്റെ പ്രവര്‍ത്തനം
ഒരുതവണ തെങ്ങില്‍ കയറി സാപ്പര്‍ ഘടിപ്പിച്ചാല്‍ മതി. അരിയുക, തല്ലുക തുടങ്ങിയ ചെത്ത് പ്രവര്‍ത്തനങ്ങളെല്ലാം സാപ്പര്‍ ചെയ്യും. മാലിന്യമോ അഴുക്കോ കീടങ്ങളോ ഇല്ലാതെ നല്ല ശുദ്ധമായ കള്ള് ട്യൂബ് വഴി താഴെ ടാങ്കില്‍ ശേഖരിക്കുകയും ചെയ്യും.

നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സ്ഥാപകനും സി.ഇ.ഒയുമായ ചാള്‍സ് വിജയ് വര്‍ഗീസ്, ലീഡ് മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനിയര്‍ അനുപ് സെബാസ്റ്റ്യന്‍, എംബഡഡ് ഡിസൈന്‍ എന്‍ജിനിയര്‍ ആര്‍. ശ്രീഹരി, മെക്കാനിക്കല്‍ ഡിസൈന്‍ എന്‍ജിനിയര്‍ ഔജീന്‍ എം. മേനാച്ചേരി എന്നിവര്‍


ചെത്ത് തൊഴിലാളി ദിവസവും തെങ്ങ് പരിശോധിക്കേണ്ടതില്ല, ദൈനംദിന ചെത്തും ശേഖരണവും സാപ്പര്‍ നിര്‍വഹിച്ചോളും. ചെത്ത് തൊഴിലാളിക്ക് തന്റെ ആവശ്യങ്ങള്‍ക്കായി അവധിയും എടുക്കാം. നിലവില്‍ ദിവസം മൂന്ന് തവണവീതം 12 ആഴ്ച, അതായത് 252 തവണ ചെത്ത് തൊഴിലാളി ഒരു തെങ്ങില്‍ കയറണം. സാപ്പറിന് 12 ആഴ്ചയില്‍ രണ്ട് തവണ മതി, കൂടുതല്‍ അളവില്‍ കള്ള് ലഭ്യമാക്കുകയും ചെയ്യും.

Image : www.keralatourism.org


ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) അധിഷ്ഠിതമായി സാപ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിവരങ്ങള്‍ കര്‍ഷകനെ/സംരംഭകനെ സമയബന്ധിതമായി അറിയിക്കാനുമുള്ള (Alert) സംവിധാനവും ഇതോടൊപ്പമുണ്ട്.
മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും
കള്ള് മാത്രമല്ല നീരയുടെ ഉത്പാദനത്തിനും സാപ്പര്‍ പ്രയോജനപ്പെടുത്താം. പുറമേ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ പഞ്ചസാര, ശര്‍ക്കര, തേന്‍, വിനാഗിരി തുടങ്ങിയവയും ഉത്പാദിപ്പിക്കാമെന്ന് ചാള്‍സ് വിജയ് വര്‍ഗീസ് പറഞ്ഞു. ഇതുവഴി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കൂടുതല്‍ വരുമാനവും നേടാം.
സാമ്പത്തിക നേട്ടം
20,000 രൂപയാണ് സാപ്പറിന് വില. എന്നാല്‍, വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കുമ്പോള്‍ വില ഇതിന്റെ പാതിയോളമേ വരൂവെന്ന് ചാള്‍സ് വിജയ് വര്‍ഗീസ് പറയുന്നു. കള്ള് ഷാപ്പുകള്‍ക്ക് മാത്രമല്ല, ടൂറിസം ലക്ഷ്യമിട്ട് കള്ള് ചെത്തി നല്‍കാന്‍ അനുമതിയുള്ള റിസോര്‍ട്ടുകള്‍ക്കും വ്യക്തിഗത സംരംഭകര്‍ക്കും സാപ്പര്‍ പ്രയോജനപ്പെടുത്താം. ശുദ്ധമായ കള്ള് ലഭിക്കുന്നത്, വിദേശ വിനോദസഞ്ചാരികളെ അടക്കം ആകര്‍ഷിക്കാന്‍ വഴിയൊരുക്കും. കേരളത്തിന്റെ സ്വന്തം 'ഫെനി' ബ്രാന്‍ഡും അവതരിപ്പിക്കാനാകുമെന്ന് ചാള്‍സ് വിജയ് വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.
നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍
കളമശേരി മേക്കര്‍ വില്ലേജിലാണ് നവ ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്റെ പ്രവര്‍ത്തനം. ചാള്‍സ് വിജയ് വര്‍ഗീസ് നയിക്കുന്ന കമ്പനി ഇന്ത്യയടക്കം 28 രാജ്യങ്ങളില്‍ നിന്ന് പേറ്റന്റും സ്വന്തമാക്കിയിട്ടുണ്ട്.
ഫിലിപ്പൈന്‍സ്, ബ്രസീല്‍, തായ്‌ലന്‍ഡ്, മലേഷ്യ, മെക്‌സിക്കോ, ശ്രീലങ്ക, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം പാപ്പുവ ന്യൂ ഗിനി, സിംബാബ്‌വേ, കെനിയ, സിയേറ ലിയോണ്‍, യുഗാണ്ട, നമീബിയ, ഗാംബിയ, ഘാന, സുഡാന്‍ തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it