

പ്രളയം മാത്രമായല്ല, ചുഴലിക്കാറ്റായും ഭൂകമ്പമായും സുനാമിയായും ഒക്കെ അപ്രതീക്ഷിതമായ സമയത്ത് പ്രകൃതിദുരന്തങ്ങളെത്തുന്നു. ലോകത്ത് എവിടെ പ്രകൃതിദുരന്തങ്ങളുണ്ടായാലും അതില്‍ ഏറ്റവും സാമ്പത്തിക നഷ്ടങ്ങള്‍ സംഭവിക്കുന്ന വിഭാഗം ബിസിനസ് സ്ഥാപനങ്ങളാണ്. ഇതില്‍ മാടക്കടകള്‍ മുതല്‍ വന്‍കിട ബിസിനസുകള്‍ വരെ ഉള്‍പ്പെടുന്നു. നഷ്ടത്തിന്റെ പട്ടിക ഓരോ ബിസിനസുകളിലും വ്യത്യാസപ്പെട്ടിരിക്കാം. ബിസിനസ് ഉടമകള്‍ക്ക് എങ്ങനെ ദുരന്തത്തെ അതിജീവിക്കാനാകും? ചില മാര്‍ഗനിര്‍ദേശങ്ങള്‍.
നിങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ ജീവനക്കാരോടും ഉപഭോക്താക്കളോടും സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരോടും ആശയവിനിമയം നടത്തുകയെന്നത് വളരെ പ്രധാനമാണ്. ഇ-മെയ്‌ലിലൂടെയും വെബ്‌സൈറ്റിലൂടെയും കാര്യങ്ങള്‍ അറിയിക്കാം.. ആശയവിനിമയം എപ്പോഴും സുതാര്യമായിരിക്കാന്‍ ശ്രദ്ധിക്കുക. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മറ്റ് ഇടപാടുകാരുടെയും പിന്തുണ ലഭിക്കാന്‍ ഇത് സഹായിക്കും.
നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളുടെ തോത് എത്രയും പെട്ടെന്ന് കണക്കാക്കുക. ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കുക. ഇത് ഇന്‍ഷുറന്‍സ് കമ്പനിയെ എത്രയും പെട്ടെന്ന് അറിയിക്കുക. ക്ലെയിമിന് അപേക്ഷിക്കുമ്പോള്‍ വിദഗ്ധരുടെ നിര്‍ദേശം തേടുന്നത് നന്നായിരിക്കും. കാരണം അതില്‍ വരുന്ന ചെറിയൊരു തെറ്റുപോലും ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിക്കാനുള്ള കാരണമാക്കിയേക്കാം.
ബിസിനസിനായി വായ്പ എടുത്തിട്ടുള്ള സ്ഥാപനത്തെയും നിങ്ങള്‍ക്കുണ്ടായിരിക്കുന്ന നഷ്ടങ്ങള്‍ അറിയിക്കണം. ദുരന്തത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്ന ആഘാതങ്ങള്‍ അവര്‍ അറിയട്ടെ. പ്രളയബാധിത പ്രദേശങ്ങളില്‍ എല്ലാവിധ ജപ്തിനടപടികളുടെ നിര്‍ത്തിവെക്കുന്നതിനുള്ള നിര്‍ദേശം വന്നിട്ടുണ്ട്. വായ്പാതിരിച്ചടവിന്റെ കാര്യത്തിലും കുറച്ചുമാസങ്ങളിലേക്ക് ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകള്‍ പ്രളയത്തില്‍ നശിച്ചുപോയിട്ടുണ്ടെങ്കില്‍ അത് അധികാരികളെ അറിയിക്കുകയും വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുക. രേഖകളുടെ കോപ്പികളുണ്ടെങ്കില്‍ ഒറിജിനല്‍ ലഭിക്കാന്‍ അത് സഹായമാകും.
പ്രളയത്തില്‍ സ്റ്റോക്കും മറ്റും നശിച്ചുപോയ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുന്ന പദ്ധതികളുണ്ട്. അവയെക്കുറിച്ച് അന്വേഷിച്ച് പ്രയോജനപ്പെടുത്തുക.
തീരെ പ്രതീക്ഷിക്കാത്തൊരു സമയത്താണ് പ്രളയം പോലൊരു ദുരന്തം നമ്മുടെ സംസ്ഥാനത്തെ ബാധിച്ചത്. ഇത്തരത്തില്‍ പ്രകൃതിദുരന്തങ്ങള്‍ ഭാവിയിലും ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആവശ്യമായ ഇന്‍ഷുറന്‍സ് എടുക്കുകയും 'ഡിസാസ്റ്റര്‍ ഫണ്ട്' എന്ന പേരില്‍ ഒരു ഫണ്ടുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്. എല്ലാ രേഖകളും ഡിജിറ്റലായി സൂക്ഷിക്കുകയും വേണം.
Read DhanamOnline in English
Subscribe to Dhanam Magazine