Begin typing your search above and press return to search.
KSRTC ബ്രാൻഡ് നെയിം കേരളത്തിന് സ്വന്തമായോ ? യാഥാർഥ്യം എന്ത് ?
ആനവണ്ടിയും KSRTC യും ഏതൊരു മലയാളിയുടേയും നിത്യ ജീവിതത്തിൽ ഇഴകിച്ചേർന്ന സേവന പദങ്ങളാണ്. അതുകൊണ്ടു തന്നെയാവണം 'KSRTC' എന്ന ട്രേഡ്മാർക്ക് ഇനി കേരളത്തിന് സ്വന്തം എന്ന വാർത്ത നമ്മൾ മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്തത്. ഏഴു വർഷത്തെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേരളത്തിന് വിജയം എന്നാണ് മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഈ വാർത്തയെ വിശേഷിപ്പിച്ചത്. എന്നാൽ ഈ വാർത്ത എത്രമാത്രം ശരിയാണ് ? 'KSRTC' എന്ന ട്രേഡ്മാർക്കിന്റെ ഉടമസ്ഥതയെ കുറച്ചു ഏത് കോടതിയിലാണ് കേസ് നടന്നത് ? കർണാടകം, 'KSRTC' എന്ന നെയിം ഉപയോഗിക്കാൻ പാടില്ലെന്ന് ഏതു കോടതിയാണ് ഉത്തരവിട്ടത് ?
ഏറെ പ്രാധാന്യം നേടിയ ഈ വാർത്തയുടെ വസ്തുതകളും പശ്ചാത്തലവും നമുക്ക് പരിശോധിക്കാം.
2012 ലാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 'KSRTC' എന്ന ബ്രാൻഡ് നെയിം തങ്ങളുടെ പേരിൽ റജിസ്ട്രേഷൻ അനുവദിക്കുന്നതിനായി രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്സ് [Registrar of Trademarks] ഇൽ അപേക്ഷ നൽകുന്നത്. 2014 ഇൽ 'KSRTC' ട്രേഡ്മാർക്ക് കര്ണാടകയ്ക്ക് അനുവദിച്ചുകൊണ്ട് റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. 1999 ലെ ട്രേഡ്മാർക് ആക്ട് പ്രകാരം രജിസ്‌ട്രേഷൻ സ്വന്തമാക്കിയ കർണാടകം തങ്ങളുടെ രജിസ്റ്റേർഡ് മാർക്ക് ഉപയോഗിക്കാനുള്ള അവകാശം ഇനിമുതൽ തങ്ങൾക്ക് ആണെന്നും ഈ ബ്രാൻഡ് നെയിം ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാട്ടി 2014 ഇൽ കേരളത്തിന് ലീഗൽ നോട്ടീസ് അയച്ചതോടെയാണ് വിഷയം വിവാദമാകുന്നത്.
വൈകാതെ കേരളം 'KSRTC' എന്ന ചുരുക്കപേരും ലോഗോയും 'ആനവണ്ടി' എന്ന പേരും തങ്ങളുടെ പേർക്ക് രജിസ്‌ട്രേഷൻ അനുവദിക്കുന്നതിനായി ട്രേഡ്മാർക്ക് രജിസ്‌ട്രാർ നെ സമീപിച്ചു. 1965 മുതലേ തങ്ങൾ ഈ ബ്രാൻഡ് നെയിംകൾ ഉപയോഗിക്കുന്നുണ്ടെന്നും എന്നാൽ കർണാടകം 1973 മുതലാണ് ഇത് ഉപയോഗിച്ചുവരുന്നത് ആയതിനാൽ, മുൻപേ ഉള്ള ഉപയോഗം [prior usage ] പരിഗണിച്ചുകൊണ്ട് തങ്ങൾക്കും രജിസ്‌ട്രേഷൻ അനുവദിക്കണം എന്നായിരുന്നു കേരളത്തിന്റെ നിലപാട്. അങ്ങിനെയാണ് 2019 ഇൽ 'KSRTC' എന്ന ട്രേഡ്മാർക്ക് കേരളത്തിന് ലഭിക്കുന്നത്. എന്നാൽ 2016 ഇൽ തന്നെ 'ആനവണ്ടി' നെയിം രെജിസ്ട്രേഷൻ കേരളത്തിന് അനുവദിച്ചുകിട്ടിയിട്ടുമുണ്ട്.
ട്രേഡ്മാർക്ക് നിയമത്തിലെ 12 ആം വകുപ്പ് [section 12] പ്രകാരം ഒരേ ട്രേഡ്മാർക്ക് ഒന്നിൽ കൂടുതൽ ആളുകൾക്ക് അനുവദിക്കുന്നതിനായി പ്രത്യക വ്യവസ്ഥയുണ്ട്. അതായത് സത്യസന്ധമായും തുടർച്ചയായും [honest and concurrent usage] ഒന്നിൽ കൂടുതൽ ആളുകൾ ഒരേ ബ്രാൻഡ് നെയിം ഉപയോഗിച്ച് വരികയാണെങ്കിൽ രണ്ടു കൂട്ടർക്കും അതെ ബ്രാൻഡ് നെയിം അനുവദിച്ചു കൊടുക്കാൻ രജിസ്ട്രാർക്ക് വിവേചനാധികാരം നൽകുന്നതാണ് ഈ വകുപ്പ്.
ചുരുക്കത്തിൽ കേരളത്തിന് ട്രേഡ്മാർക്ക് രജിസ്ട്രേഷൻ അനുവദിച്ചു എന്നതിന്റെ അർഥം കര്ണാടകയ്ക്ക് ഇനി മുതൽ ഈ ബ്രാൻഡ് നെയിം ഉപയോഗിക്കാൻ പാടില്ല എന്നല്ല , മറിച്ച് മുൻപേ രജിസ്‌ട്രേഷൻ ഉള്ള കര്ണാടകത്തിനും, കേരളത്തിനും ഇനി ഒരേ സമയം KSRTC എന്ന നെയിം ഉപയോഗിക്കാം. അതാണ് നിയമം.
എന്നാൽ ഇനി കർണാടകം ഈ ബ്രാൻഡ് നെയിം ഉപയോഗിക്കുന്നത് തടയണം എന്നുണ്ടെങ്കിൽ 'ട്രേഡ്മാർക്ക് ലംഘനം' [trademark infringement] കാണിച്ച് കേരളം ബന്ധപ്പെട്ട കോടതിയെ സമീപിക്കേണ്ടതുണ്ട്. എന്നാൽ കര്ണാടകയ്ക്ക് ആദ്യമേ രജിസ്‌ട്രേഷൻ ഉള്ളതുകൊണ്ടും 12 ആം വകുപ്പിലെ പ്രത്യേക വ്യവസ്ഥയും രണ്ടു ട്രാൻസ്‌പോർട്ട് കോര്പറേഷന്റെയും പൊതു സ്വഭാവവും കണക്കിലെടുക്കുമ്പോൾ കേരളത്തിന് അനുകൂലമായ ഒരു വിധി സമ്പാദിക്കുക അത്ര എളുപ്പമാവാൻ ഇടയില്ല.
(അഡ്വ: ഹാഷിം വഫ ട്രേഡ്മാർക്ക് & ഐ.പി അറ്റോർണിയാണ്)
Next Story
Videos