നിങ്ങള്‍ക്കും കെട്ടിപ്പടുക്കാം, എന്നും നിലനില്‍ക്കുന്ന സംരംഭങ്ങള്‍; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു

സംരംഭത്തെ വളര്‍ച്ചയിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് സ്വയം വളരാനും മെച്ചെപ്പെടാനുമാണ്. "ഞാന്‍ മെച്ചപ്പെടേണ്ട മേഖലകള്‍ ഏതൊക്കെയെന്ന് കണ്ടെത്തി അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. വ്യക്തിത്വ വികസനത്തിനും ആശയവിനിമയ ശേഷി വികസിപ്പിക്കുന്നതിനുമുള്ള നിരവധി സെമിനാറുകളിലും ശില്‍ശാലകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. കൊമേഴ്സ്, ഫിനാന്‍സ് എന്നീ വിഷയങ്ങളിലുള്ള കോഴ്സുകളും ചെയ്തു. ധാരാളം ആത്മകഥകളും വിജയകഥകളും വായിച്ച് വ്യത്യസ്തങ്ങളായ മേഖലകളില്‍ വിജയം വരിച്ച ആളുകളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിച്ചു."

ജീവനക്കാരെ ശാക്തീകരിക്കുക

നല്ല ജീവനക്കാരെ കിട്ടാനില്ലെന്നും കാര്യങ്ങള്‍ ചെയ്യാനറിയാവുന്നവര്‍ ഇല്ലെന്നുമൊക്കെ പലരും പരാതിപ്പെടുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. ഇതില്‍ വലിയ കഴമ്പില്ലെന്നാണ് എന്റെ പക്ഷം. ജീവനക്കാരുടെ പ്രകടനത്തിന്റെ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ മേധാവിക്ക് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. പഠിക്കുന്ന കാലത്ത് അസാമാന്യ ബുദ്ധി വൈഭവമൊന്നും പ്രകടിപ്പിച്ച ആളല്ല ഞാന്‍. ശരാശരിക്ക് മുകളില്‍ മാത്രമുള്ള എനിക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കും അത് കഴിയുമെന്നാണ് എന്റെ ചിന്താഗതി.

അതിനുള്ള സ്വാതന്ത്ര്യവും അധികാരവും നല്‍കണം. ജീവനക്കാര്‍ക്ക് പ്രചോദനം പകരുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്ന ശൈലിയാണ് വി ഗാര്‍ഡില്‍ പിന്തുടരുന്നത്. നയപരമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതൊഴിവാക്കിയാല്‍ ഞാന്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറേ ഇല്ല. ഇങ്ങനെ ഡെലിഗേറ്റു ചെയ്യുന്നതുകൊണ്ടു മാത്രമാണ് അമ്യൂസ്മെന്റ് രംഗത്തേക്കും മറ്റും വൈവിധ്യവല്‍ക്കരണം നടത്താന്‍ കഴിഞ്ഞത്.

ഗുണമേയില്‍ വിട്ടുവീഴ്ച അരുത്

ഉല്‍പ്പന്നം, സേവനം മുതലായ കാര്യങ്ങളിലെല്ലാമുള്ള ഗുണമേന്മാ നിഷ്‌കര്‍ഷയും വിജയത്തിന് വേണ്ട അവിഭാജ്യ ഘടകമാണ്. ഗുണമേയില്‍ പറ്റിച്ച് ഹ്രസ്വകാല നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കും. ശാശ്വതമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ കെട്ടിടുക്കാന്‍ കടുത്ത ഗുണമേന്മ നിഷ്‌കര്‍ഷ അനിവാര്യമാണ്. വി ഗാര്‍ഡിന്റെ പബ്ലിക് ഇഷ്യുവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരന്‍ എന്നോടു ചോദിച്ചു, വാര്‍ഷിക മെയ്ന്റനന്‍സ് കോണ്‍ട്രാക്റ്റ് വഴി ഞങ്ങള്‍ എന്തുമാത്രം വരുമാനമുണ്ടാക്കുന്നുണ്ടെന്ന്. വാസ്തവത്തില്‍ എ.എം.സി വി ഗാര്‍ഡില്‍ ഒരു വരുമാന സ്രോതസേ അല്ല. ചെലവ് നേരിടാനുള്ള തുക മാത്രമേ ഈടാക്കാറുള്ളൂ. ബ്രാന്‍ഡിന്റെ വിശ്വാസ്യതയും സംതൃപ്തരായ ഉപഭോക്താക്കളെയും നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.

പ്രൊഫഷണലിസത്തിന് മുന്‍തൂക്കം

വി ഗാര്‍ഡ് വളരെ ചെറുതായിരുന്നപ്പോഴും പ്രൊഫഷണലിസവും സുതാര്യതയും ഉറുവരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചു. വലിയ ഫീസ് നല്‍കി ബിലിമോറിയ ആന്‍ഡ് കമ്പനിയെ കണ്‍സള്‍ട്ടന്റ്സായി നിയമിച്ചത് ഏറ്റവും മികച്ച ബിസിനസ് ശൈലികള്‍ പിന്തുടരാന്‍ വി ഗാര്‍ഡിനെ സഹായിച്ചു. മുമ്പ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന സംരംഭകന്‍ എന്ന സ്ഥാനം എനിക്ക് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ അതെല്ലാം പ്രൊഫഷണലിസത്തിന്റെയും സുതാര്യതയുടെയും ഭാഗമായിരുന്നു. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഇവയെല്ലാം സഹായകമായി.

ഫിനാന്‍സ് പരമപ്രധാനം

ഏത് സംരംഭവും വിജയിക്കണമെങ്കില്‍ ഫിനാന്‍സിന് വലിയ പ്രാധാന്യം നല്‍കണമെന്നതാണ് ഞാന്‍ പഠിച്ച ഒരു പാഠം. ധനദേവതയായ ലക്ഷ്മീദേവി തന്നെ പൂജിക്കുന്നവരുടെ അടുത്തുമാത്രമേ സന്നിഹിതയാകൂ എന്ന് പറയാറുണ്ട്. അതുപോലെ ഫിനാന്‍സിന് അതീവ പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയൂ.

പബ്ലിക് ഇഷ്യു നടത്തിയതോടെ വി ഗാര്‍ഡിന്റെ പ്രവര്‍ത്തനശൈലിയില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ എങ്ങനെ കൂടുതല്‍ മികവ് കൊണ്ടുവരാം എന്ന ചിന്താഗതിയാണ് സ്ഥാപനത്തിലുടനീളം. വിപണിയിലെ മറ്റ് കമ്പനികളെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള ശ്രമം സ്വാഭാവികമായിത്തന്നെ വി ഗാര്‍ഡില്‍ ഉടലെടുത്തു.

(സി.ഐ.ഐ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കൊച്ചൗസേപ്പ് നടത്തിയ പ്രഭാഷണത്തെ അടിസ്ഥാന മാക്കി തയാറാക്കിയത്. 2010 ല്‍ ധനം മാഗസിന്‍ പ്രസിദ്ധീകരിച്ചത്)

Related Articles
Next Story
Videos
Share it