സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് കുറഞ്ഞു; കൂടുതല്‍ പേരെ ഒഴിവാക്കിയത് ബൈജൂസ്

രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ കുറയുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 3,054 പേരെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിട്ടതെന്ന് ലേഓഫ്‌സ്.എഫ്.വൈ.ഐയുടെ വിവരങ്ങള്‍ ആധാരമാക്കി ദ ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത് 2022ലെ മൂന്നാം പാദത്തിന് ശേഷം ആദ്യമായാണ് ഒരുപാദത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് ഇത്ര കുറയുന്നത്.
ഈ വര്‍ഷം ജോലി പോയത് 13,900 പേര്‍ക്ക്
2023 കലണ്ടര്‍ വര്‍ഷത്തില്‍ സെപ്റ്റംബര്‍ 30വരെ സ്റ്റാര്‍ട്ടപ്പുകളിലെ ജോലി നഷ്ടമായത് ആകെ 13,978 പേര്‍ക്കാണ്. ഒന്നാംപാദത്തില്‍ 5,485 പേര്‍ക്കും രണ്ടാംപാദത്തില്‍ 5,385 പേര്‍ക്കും ജോലി നഷ്ടമായിരുന്നു. ചില സ്റ്റാര്‍ട്ടപ്പുകള്‍ പുറത്താക്കിയവരുടെ എണ്ണം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇത് കൂടിച്ചേര്‍ത്താല്‍, പുറത്തായവരുടെ എണ്ണം കൂടുതല്‍ ഉയരും. നിലവില്‍ 2023 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 2022ല്‍ ജോലി പോയവരുടെ ആകെ എണ്ണത്തിന് അടുത്തായി കഴിഞ്ഞു.
മുന്നില്‍ ബൈജൂസ്
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസാണ് ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ മുന്നിലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ലെ അവസാന പാദത്തില്‍ 2,500 പേരെ ഒഴിവാക്കിയ ബൈജൂസ്, ചെലവ് ചുരുക്കി സാമ്പത്തിക ഭദ്രതയിലേക്ക് തിരിച്ചുവരാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി 2023 ആദ്യപാദത്തില്‍ 1,500 ജീവനക്കാരെയും രണ്ടാംപാദത്തില്‍ 1,000 പേരെയും പിരിച്ചുവിട്ടിരുന്നു. പുനഃക്രമീകരണത്തിന്റെ ഭാഗമായി ബൈജൂസ് 3,000-3,500 പേരെ കൂടി വൈകാതെ ഒഴിവാക്കിയേക്കും.
കൊവിഡിന് ശേഷം രൂക്ഷം
കൊവിഡാനന്തരം നിക്ഷേപങ്ങള്‍ കുറയുകയും സാമ്പത്തിക ഞെരുക്കം രൂക്ഷമാവുകയും ചെയ്തതോടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത്.
കൊവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020ന്റെ രണ്ടാംപാദത്തില്‍ മാത്രം 10,000ലധികം പേരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പിരിച്ചുവിട്ടിരുന്നു.
പിന്നീടുള്ള പാദങ്ങളില്‍ സാമ്പത്തിക പ്രതിസന്ധികള്‍ കുറഞ്ഞെങ്കിലും പിരിച്ചുവിടല്‍ കുറഞ്ഞില്ല. പല കമ്പനികളും ചെലവ് ചുരുക്കാനെന്നോണം ജീവനക്കാരെ കുറയ്ക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ യൂണികോണ്‍ സ്ഥാപനമായ ബൈജൂസ് മാത്രം 2022 ഒക്ടോബറിനും 2023 ജൂണിനും മദ്ധ്യേ 5,000ഓളം പേരെ പിരിച്ചുവിട്ടിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it