ഹൃദയവും ബുദ്ധിയും ചേര്‍ന്നാല്‍ നല്ല നേതാവ്
ഒരു നല്ല നേതാവിനുണ്ടായിരിക്കേണ്ടത് യഥാര്‍ത്ഥത്തില്‍ രണ്ട് ഗുണങ്ങളാണ്. സെന്‍സിബിലിറ്റിയും സെന്‍സിറ്റിവിറ്റിയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹൃദയവും ബുദ്ധിയും തമ്മിലുള്ള കൃത്യമായ സന്തുലനമാണ് വേണ്ടത്. ഏതെങ്കിലും ഒരു ഗുണം മാത്രം കൂടുതലായാല്‍ അത് ഒരു നല്ല നേതാവിനെ സൃഷ്ടിക്കില്ല. മികച്ച ഒരു നേതാവിനേ മികച്ച ഒരു സംരംഭകനാകാനും കഴിയൂ. അറിയാം ലീഡര്‍ഷിപ്പ് ഗുണങ്ങള്‍, പകര്‍ത്താം ജീവിതത്തിലേക്ക്.
ഹായ്, ഹലോ, വെല്‍കം തുടങ്ങിയ പദങ്ങള്‍ നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും അത് തികച്ചും ഔപചാരികമാകുന്നു. അതേ വാക്കുകള്‍ നാം നമ്മുടെ പ്രിയപ്പെട്ടവരോട് പറയുമ്പോള്‍ അതില്‍ ആത്മാര്‍ത്ഥത കൈവരുകയും ചെയ്യുന്നു. ഇതില്‍ നിന്ന് മനസിലാകുന്നത് സംസാരത്തില്‍ വാക്കുകള്‍ക്ക് കാര്യമായ സ്ഥാനമില്ലെന്നാണ്. നിങ്ങളില്‍ നിന്ന് പോകുന്ന തരംഗങ്ങളാണ് പ്രധാനം. ആശയവിനിമയത്തില്‍ തരംഗങ്ങള്‍ക്കാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ നിങ്ങളൊരു നേതാവാണെങ്കില്‍ എന്താണ് പറയുന്നത് അത് അര്‍ത്ഥമാക്കിക്കൊണ്ട്, ആത്മാര്‍ത്ഥതയോടെ സംസാരിക്കുക. വാക്കുകളും പുറത്തേക്ക് വരുന്ന വൈബ്രേഷനും തമ്മില്‍ കണക്ഷനുണ്ടായിരിക്കണം. ഇല്ലെങ്കില്‍ ആളുകള്‍ നിങ്ങളെ വിശ്വസിക്കില്ല. പക്ഷെ ഇത്തരത്തില്‍ സംസാരിക്കാനാകുക എന്നത് അത്ര എളുപ്പമല്ല. ഇത് 100 ശതമാനവും പ്രായോഗികമല്ലെന്നത് ശരി തന്നെ. എന്നാല്‍ 25 ശതമാനമെങ്കിലും നിങ്ങള്‍ക്കതിന് സാധിച്ചാല്‍ വലിയ വ്യത്യാസമുണ്ടാകും.
കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് റിസ്‌കെടുക്കാന്‍ തയാറായാല്‍ മാത്രമേ വിജയിക്കാനാകൂ. നീന്താനറിയാതെ എങ്ങനെ വെള്ളത്തില്‍ ചാടുമെന്ന് ചിന്തിക്കുന്നതുപോലെയാണ് ബിസിനസിലേക്ക് വരാനുള്ള ചിലരുടെ മടി. വെള്ളത്തിലേക്ക് ചാടിയാലേ നീന്താന്‍ പഠിക്കൂ. പ്രവൃത്തി ചെയ്യാനുള്ള ആഗ്രഹമാണ് ആദ്യം വേണ്ടത്.
നിങ്ങളെയും നിങ്ങളുടെ വാക്കുകളെയും ആരും വിശ്വാസിക്കാതെ വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. പലര്‍ക്കും ആ അവസ്ഥ ഭയാനകമായിരിക്കും. മനുഷ്യത്വത്തിലും മാനുഷിക മൂല്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട സമൂഹം ഒരിക്കലും അഭിവൃദ്ധി പ്രാപിക്കുകയില്ല. ഈശ്വരനിലുള്ള വിശ്വാസം പോലെ പ്രധാനമാണ് പരസ്പരമുള്ള വിശ്വാസം. നമ്മില്‍ തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് നമുക്ക് മറ്റുള്ളവരിലുമുള്ള വിശ്വാസം ഇല്ലാതാകുന്നത്. അതിനാല്‍ സ്വയം വിശ്വസിക്കുക, മറ്റുള്ളവരെയും വിശ്വസിക്കുക. എല്ലാവരും കാപട്യമുള്ളവരാണെന്ന് ചിന്തിക്കരുത്. ഭൂരിപക്ഷവും നല്ലവര്‍ തന്നെ. ഈ ലോകം മോശമാണെങ്കില്‍ അതിന്റെ കാരണക്കാര്‍ പ്രശ്‌നക്കാരായ ന്യൂനപക്ഷമാണ്. കൂടാതെ ഭൂരിപക്ഷം വരുന്ന നല്ലവര്‍ നിശബ്ദരാകുന്നതുമാണ്.
നേതാക്കള്‍ സാധാരണയായി വരുത്തുന്ന പിഴവുകള്‍ ഇവയാണ് :
* വിഭവങ്ങള്‍ പരമാവധി ഉപയോഗിക്കാത്തത്:
നേതൃത്വ സ്ഥാനങ്ങളിലിരിക്കുന്നവര്‍ വരുത്തുന്ന ഏറ്റവും വലിയ പിഴവാണിത്. എന്തുതരത്തിലുള്ള വിഭവവും മികച്ച രീതിയില്‍ ഉപയോഗിക്കാത്തത്, അത് പാഴാക്കിക്കളയുന്നതിന് തുല്യമാണ്.
* ശിഥിലമായ കാഴ്ച:
സ്വന്തം കാഴ്ചയുടെ പരിധിയില്‍ നിന്നുകൊണ്ടായിരിക്കരുത് ഒരു നേതാവ് ഒരു കാര്യത്തെ വീക്ഷിക്കാന്‍. അതിന് രണ്ട് പടി കൂടി കടന്നുവേണം കാര്യങ്ങളെ കാണാന്‍. പൂര്‍ണ്ണമായ തോതില്‍ വീക്ഷിച്ചില്ലെങ്കില്‍ തീരുമാനങ്ങള്‍ തെറ്റാം. ശിഥിലമായ കാഴ്ചയിലൂടെ കാര്യങ്ങള്‍ വീക്ഷിക്കുന്ന പിഴവ് നേതാക്കള്‍ ഒഴിവാക്കണം.
* നേരായ മാര്‍ഗത്തിലൂടെയല്ലാത്ത വിജയം:
ലക്ഷ്യത്തിനുവേണ്ടി എന്തു മാര്‍ഗവും സ്വീകരിക്കുന്നത് വിജയമല്ല. നീതിപൂര്‍വമായ മാര്‍ഗത്തിലൂടെയല്ലാതെ ബിസിനസ് ചെയ്തിട്ട് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയും മറ്റുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അതിനെ മറികടക്കാനാകില്ല.
*ഈഗോയിലൂടെ തീരുമാനങ്ങളെടുക്കുന്നത്:
സ്വന്തം രൂപത്തോട് പ്രണയം തോന്നുന്നതുപോലെയുള്ള അവസ്ഥയാണിത്. സ്വന്തം നിലപാടുകള്‍ മാത്രമാണ് ശരിയെന്ന് ചിന്തിച്ച് അതില്‍ മാത്രം ഊന്നി തീരുമാനങ്ങളെടുക്കുന്ന വലിയ തെറ്റ് നേതൃസ്ഥാനത്തിരിക്കുന്നവര്‍ തീര്‍ച്ചയായും ഒഴിവാക്കണം.
ഡെയ്‌ലി
ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ
ലഭിക്കാൻ join Dhanam
Telegram Channel – https://t.me/dhanamonline