ഇഡ്ഡലി നാട്ടില്‍ ബ്രഡ് വിപ്ലവം സൃഷ്ടിച്ച സോഷ്യല്‍ എന്‍ട്രപ്രണര്‍
മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നും രാത്രി നാല് മണിക്കൂര്‍ ഹോട്ടലിലെ ബെല്‍ ബോയ് ആയി ജോലി നോ ക്കുന്നതെന്തിനാണ്? കൊമേഴ്‌സ് പഠി പ്പിക്കുന്നയാള്‍ക്കെന്താ ഹോട്ടല്‍ അംബാ സഡര്‍ പല്ലവയിലെ റിസപ്ഷനില്‍ കാര്യം എന്ന് ചോദിച്ചവരോട് പറയാന്‍ എം. മഹാദേവന് അന്ന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. 'എനിക്ക് ഹോട്ടല്‍ മേഖലയാണ് ഇഷ്ടം.'
നാട്ടുകാര്‍ക്ക് മാത്രമല്ല, ഡോക്ടര്‍മാരായ അച്ഛനും അമ്മയ്ക്കും മനസിലായില്ല, ഈ മകന്‍ എങ്ങനെ 'തലതിരിഞ്ഞു' പോയെന്ന്. 'ഹോട്ടലില്‍ മേശ തുടച്ചു നടന്നാല്‍ നിനക്കൊരു പെണ്ണിനെ ഞാന്‍ എങ്ങനെ കണ്ടുപിടിക്കും' എന്നോര്‍ത്ത് ആധി പിടിച്ച അമ്മയോട് പക്ഷെ, മഹാദേവന് സ്വന്തം നയം വ്യക്തമാക്കി. 'ഒരിക്കല്‍ ഞാന്‍ സ്വന്തമായൊരു ഹോട്ടല്‍ തുടങ്ങും, ഒരുപാട് പേര്‍ക്ക് ജോലി കൊടുക്കും.
'ഒരു ഹോട്ടല്‍ എന്ന ആ സ്വപ്‌നം ലോകത്തിന്റെ പല ഭാഗങ്ങളിലും സാന്നിധ്യമുള്ള ഒരു ഹോട്ടല്‍ വ്യവസായമായി മാറി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. ഹോട്ട് ബ്രെഡ്‌സ് എന്ന ഒരു ബ്രാന്‍ഡിലൂടെ മാത്രം മഹാദേവന്‍ തുടങ്ങിയ വിജയക്കുതിപ്പ് ഇന്ന് വിദേശത്തും തുടരുന്നു.
അറുപതിനായിരം രൂപയുടെ മൂലധനവുമായി തുടങ്ങിയ സംരംഭം ഇന്ന് കോടികളുടെ ആസ്തിയുള്ള ഹോസ്പി റ്റാലിറ്റി കേറ്ററിംഗ് ബിസിനസ് ആണ്, ചെന്നൈയില്‍ മാത്രമല്ല പാരീസിലും ന്യൂയോര്‍ക്കിലും ചിക്കന്‍ ടിക്ക ബണ്ണുകളും പനീര്‍ റോളുകളും ജനപ്രിയമാക്കിയതിന്റെ ക്രെഡിറ്റ് മഹാദേവന് തന്നെ. 'ഹോട്ട് ബ്രെഡ്‌സ്' മഹാദേവന്‍ എന്ന് അറിയപ്പെടുന്ന ഈ 'പ്രൊഫസര്‍' ഇന്ന് പഠിപ്പിക്കുന്നത് ലക്ഷക്കണക്കിന് സംരംഭകമോഹികളെയാണ്.
പാഷനും അധ്വാനവും വ്യത്യസ്തമായ ആശയങ്ങളും നന്മ നിറഞ്ഞൊരു മനസും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ഒരു സംരംഭ വിജയ കഥ.
കൂടുതല്‍ പണം സമ്പാദിച്ചാല്‍ കൂടുതല്‍ ആളുകളെ സഹായിക്കാം എന്ന് ചിന്തിച്ച് പുതിയ പാര്‍ട്ട്ണര്‍ഷിപ്പുകളിലൂടെ ഹോട്ടലുകളും റെസ്റ്റൊറന്റുകളും ബേക്കറികളും തുടങ്ങുന്ന മഹാദേവനെ നമ്മള്‍ എന്ത് വിളിക്കും? സാമ്പത്തിക നേട്ടങ്ങള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന ഈ ചിന്തയാണ് അതുല്യനായ ഈ ബിസിനസ് പ്രതിഭയെ വ്യത്യസ്തനാക്കുന്നത്.
മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന, ഒരുപാട് സന്തോഷമുള്ള ആളുകളെ കാണാനും പരിചയപ്പെടാനും കഴിയുന്ന ഒരു മേഖല. മഹാദേവനെ ഹോട്ടല്‍ ബിസിനസിലേക്ക് ആകര്‍ഷിച്ച പ്രധാന കാര്യം ഇതായിരുന്നു. ആര്‍തര്‍ ഹെയ്‌ലിയുടെ പ്രശസ്ത നോവല്‍, 'ഹോട്ടല്‍' വായിച്ച ശേഷം തോന്നിയ താല്‍പ്പര്യമാണ് തികച്ചും വ്യത്യസ്തനായ ഒരു ബിസിനസുകാരനിലേക്കുള്ള യാത്രയുടെ തുടക്കം.
പഠനവും തുടര്‍ന്നുള്ള ജോലിയും ഒന്നും ഈ ഇഷ്ടത്തിന് തടസമായില്ല. ഹോട്ടല്‍ മേഖലയെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ അവിടെയൊരു ജോലി വേണമെന്ന ചിന്തയാണ് അംബാസഡര്‍ പല്ലവയിലെത്തിക്കുന്നത്. അതേക്കുറിച്ച് പറയാന്‍ എപ്പോഴും മഹാദേവന് വലിയ താല്‍പ്പര്യമാണ്. കാരണം, എല്ലാ നല്ല തുടക്കങ്ങളും ഇവിടെ നിന്നായിരുന്നു.
'പല്ലവയില്‍ ഞാന്‍ ട്രെയ്‌നിയും ബെല്‍ ബോയും റിസപ്ഷനിസ്റ്റും എല്ലാമായിരുന്നു. ഈ മേഖലയെ കുറിച്ച് എല്ലാം പഠിച്ചതും അവിടെ വച്ച് തന്നെ. എന്റെ ആദ്യത്തെ ബിസിനസ് പാര്‍ട്ട്ണറെ കണ്ടുമുട്ടിയതും അവിടെ ജോലി ചെയ്യുന്ന സമയത്താണ്.' ഇനിയുള്ള യാത്ര ഇങ്ങനെ!
1981
ചൈനീസ് ഗാര്‍ഡന്‍ എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ആദ്യ സംരംഭം. ജനങ്ങള്‍ക്ക് ചൈനീസ് ഭക്ഷണത്തോടുള്ള ക്രേസ് മനസിലാക്കി ചെന്നെയില്‍ ടിക് ടാക് എന്ന ഹോട്ടലിന്റെ കൂടെയായിരുന്നു ഈ ഔട്ട്‌ലെറ്റ് തുടങ്ങിയത്. ഭക്ഷണം പാഴ്‌സലായികൊണ്ടുപോകാനുള്ള സൗകര്യം മാത്രമുള്ള ചൈനീസ് ഗാര്‍ഡന്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി പതിനൊന്ന് മണി വരെയാണ് പ്രവര്‍ത്തിച്ചിരുന്നത്.
1986
കാസ്‌കേഡ് റെസ്റ്റൊറന്റ്. ചൈനീസ് ഗാര്‍ഡനില്‍ സ്ഥിരമായി ഭക്ഷണം വാങ്ങാന്‍ വന്നിരുന്ന ഒരാള്‍ അന്ന് ഒരു കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് പണിയുന്ന കാലമായിരുന്നു. അവിടെ ഒരു റെസ്റ്റൊറന്റ് തുടങ്ങാന്‍ താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് അടുത്ത സംരംഭത്തിന് തുടക്കമായി.
ചൈനീസ്, തായ്, മലയ, ജാപ്പനീസ് എന്നീ വ്യത്യസ്ത വിഭവങ്ങളായിരുന്നു ഇവിടത്തെ പ്രത്യേകത. എങ്കിലും ആളുകളെ ആകര്‍ഷിച്ചത് ഇതിന്റെ ഇന്റീരിയര്‍ ആയിരുന്നു. ചൈനീസ് റെസ്റ്റൊറന്റ് ആയാല്‍ ചുവപ്പ്, പച്ച നിറങ്ങളുണ്ടാകണമെന്ന സ്ഥിരം സങ്കല്‍പ്പങ്ങളെ മാറ്റി മഹാദേവന്‍ നീലയും വെളുപ്പും മാത്രം ഉപയോഗിച്ചു. ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ കൊണ്ടുവന്നത് പരമേശ്വര്‍ ഗോദ്‌റേജിനെ. റെസ്റ്റൊറന്റ് കാണാന്‍ വേണ്ടി മാത്രം ഒരുപാട് പേര് വന്നപ്പോള്‍ മഹാദേവന് മനസിലായി, ഐഡിയ ക്ലിക്ക്ഡ്.
1989
ആദ്യത്തെ ഹോട്ട് ബ്രെഡ്‌സ് ഔട്ട് ലെറ്റ്. ഹോട്ടലില്‍ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ സിംഗപ്പൂരില്‍ സ്ഥിരമായി പോകാന്‍ തുടങ്ങിയപ്പോഴാണ് ബേക്കറി എന്ന ആശയത്തിന്റെ പുതിയ സാധ്യതകള്‍ മഹാദേവന് മനസിലായത്. പലതരം ബ്രെഡുകള്‍ വില്‍ക്കുന്ന ഒരു സ്ഥലം എന്ന ഐഡിയ പക്ഷെ പല സുഹൃത്തുക്കള്‍ക്കും ബിസിനസ് പാര്‍ട്ട്ണര്‍ക്ക് പോലും സ്വീകാര്യമായില്ല. പക്ഷെ, മഹാദേവന് സ്വന്തം തീരുമാനത്തില്‍ വിശ്വാസമായിരുന്നു. അങ്ങനെ കാസ്‌കേഡില്‍ നിക്ഷേപിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപ ലോണും ചേര്‍ത്ത് സ്വന്തമായി തുടങ്ങിയതാണ് ഹോട്ട് ബ്രെഡ്‌സ്.
തികച്ചും പുതിയ ഒരു ബ്രെഡ് ഷോപ്പ്, വില്‍ക്കുന്നത് കറി ബണും, പിസ്സയും പേസ്ട്രികളും ബര്‍ഗറും തുടങ്ങി ചെന്നൈ അതുവരെ അറിഞ്ഞിട്ടില്ലാത്ത പുത്തന്‍ രുചിക്കൂട്ടുകള്‍. മഹാദേവന്‍ ഇക്കാര്യത്തില്‍ മോഡലാക്കിയത് ജപ്പാന്‍കാരെയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ബ്രേക്ക് ഈവന്‍ ആയി ഹോട്ട് ബ്രെഡ്‌സ് വിജയകഥയായി. കൊച്ചിയും ബാംഗ്ലൂരും ഉള്‍പ്പെടെ പല നഗരങ്ങളിലേക്ക് എത്തി യത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ. 'പനിയുളളപ്പോള്‍ മാത്രം കഴിക്കുന്ന ബ്രെഡ് വിറ്റ് എന്ത് ലാഭമുണ്ടാക്കാന്‍' എന്ന് ചോദിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയുണ്ടോ?
1994
ഇന്ത്യയിലെ 12 നഗരങ്ങളില്‍ വിജയമായ ശേഷമാണ് ഹോട്ട് ബ്രെഡ്‌സ് വിദേശത്ത് എത്തുന്നത്. ആദ്യം ദുബായിയില്‍. ഒരു ഔട്ട്‌ലെറ്റില്‍ നിന്ന് അനവധി യൂണിറ്റുകളിലേക്ക് വളരെ വേഗത്തില്‍ വളര്‍ന്നു ഈ സംരംഭം. പിന്നീട് മറ്റ് വിദേശരാജ്യങ്ങളിലേക്കും ഒട്ടേറെ പാര്‍ട്ട്ണര്‍ഷിപ്പുകളിലേക്കും എത്താന്‍ തുടക്കമായത് ഈ ദുബായി നേട്ടമാണ്. ചൈതന്യ ഗോർമെ സ്‌പ്ലെന്‍ഡര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി സംരംഭ ങ്ങളെല്ലാം ഇതിനു കീഴിലാക്കി മഹാദേവന്‍.
ഇത് 1997ല്‍ ഓറിയന്റല്‍ ക്യൂസീന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആയിമാറി. വൈവിധ്യം നിറഞ്ഞ വിദേശ ബ്രെഡ് വിപണിയില്‍ ഒരു ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന് കാലുറപ്പിക്കണമെങ്കില്‍ മെനു തികച്ചും വേറിട്ടതാകണമെന്ന് ആരും പറയാതെ തന്നെ മഹാദേവന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തതയായിരുന്നു ഹോട്ട് ബ്രെഡ്‌സിന്റെ തുറുപ്പുചീട്ട്.
അതോടൊപ്പം അവിടെയുള്ള ഇന്ത്യക്കാരുടെ ഇടയില്‍ ശ്രദ്ധ നേടാനും കഴിഞ്ഞത് ഈ സംരംഭത്തിന് കരുത്തായി. ഇന്ന് അമേരിക്കയും കാനഡയും ആഫ്രിക്കയും ഉള്‍പ്പെടെ പതിനാറ് രാജ്യങ്ങളിലാണ് ഹോട്ട് ബ്രെഡ്‌സിന് സ്ഥാനമുള്ളത്.
2000
ഇന്ത്യയുടെ തനതായ ഭക്ഷണത്തിന് വിദേശരാജ്യങ്ങളിലുള്ള ഡിമാന്റ് മനസി ലാക്കിയായിരുന്നു മഹാദേവന്റെ അടുത്ത ചുവടുവയ്പ്. പാര്‍ട്ട്ണര്‍ഷിപ്പില്‍ ഇന്ത്യന്‍ റെസ്റ്റൊറന്റ് ഗ്രൂപ്പുകളെ മറ്റ് നാടുകളില്‍ അവതരിപ്പിക്കുക. ആദ്യം ശരവണ ഭവന്‍, പിന്നീട്, പാരഗണ്‍, വാങ്‌സ് കിച്ചന്‍, നളാസ് അപ്പക്കട എന്നിങ്ങനെ പല നാടന്‍ രുചികളും മഹാദേവന്റെ സഹായത്തോടെ വിദേശത്തെത്തി. അന്യദേശങ്ങളിലെ ഹോട്ടലുകള്‍ ഇന്ത്യയിലെത്തിക്കാനും മഹാദേവന് കഴിഞ്ഞു.
2001
ഫ്രാഞ്ചൈസി മോഡലില്‍ ഇന്ത്യ മുഴുവന്‍ ഹോട്ട് ബ്രെഡ്‌സ് എന്ന ബ്രാന്‍ഡ് വ്യാപിപ്പിക്കാനുള്ള ശ്രമം മഹാദേവന്‍ ഉപേക്ഷിച്ചത് വിഭവങ്ങളുടെ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന നിര്‍ബന്ധം മൂലമാണ്. വിദേശത്തുള്ള സംരംഭങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി ആഭ്യ ന്തര മേഖലയിലെ ബിസിനസിന്റെ പകുതി അവകാശം ഭാര്‍ത്യ ഗ്രൂപ്പിന് കൈമാറി. ബി ആന്‍ഡ് എം ഹോട്ട് ബ്രെഡ്‌സ് എന്ന് പേര് മാറ്റി, കര്‍ണാടകയിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി ഒതുക്കി കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് മഹാദേവന്‍ ചെയ്യുന്നത്.
പുതിയ പാര്‍ട്ട്ണര്‍ഷിപ്പുകളും പുതിയ ഹോട്ടലുകളും കൂടെ ചേര്‍ത്ത് വിജയം ആവര്‍ത്തിക്കുകയാണ് ഈ സംരംഭകന്‍.
വിപണിയുടെ സാധ്യതകള്‍ മനസിലാക്കി അതനുസരിച്ച് ബ്രാന്‍ഡുകളെ അവതരിപ്പിക്കുന്ന മഹാദേവന്റെ ഏറ്റവും മികച്ച ബിസിനസ് തന്ത്രം ഈ പാര്‍ട്ണര്‍ഷിപ്പുകള്‍ തന്നെ. ശരിയായ സമയത്ത് ശരിയായ സ്ഥലങ്ങളില്‍ ബിസിനസ് തുടങ്ങിയതാണ് തന്റെ വിജയത്തിന്റെ ഒരു പ്രധാന കാരണം എന്ന് വിശ്വസിക്കുന്ന മഹാദേവന് ഒരു കാര്യത്തില്‍ സംശയമില്ല.
'ഉദുമല്‍പെട്ട് എന്ന ചെറിയൊരു ഗ്രാമത്തില്‍ നിന്ന് വന്ന എന്നെ ഇവിടെ വരെ എത്തിച്ചത് ഞാന്‍ കണ്ട വലിയ സ്വപ്‌നങ്ങള്‍ തന്നെയാണ്. പിന്നെ, ചെയ്യുന്ന ജോലിയോടുള്ള പാഷനും ആത്മാര്‍ത്ഥതയും.'
വ്യത്യസ്തനായ മഹാദേവന്‍
സമ്പാദിക്കുന്ന നൂറ് രൂപയില്‍ അമ്പത് മാത്രമേ ആവശ്യമുള്ളു എങ്കില്‍ ബാക്കിയുള്ള അമ്പത് രൂപ സമൂഹത്തിനായി നല്‍കണമെന്ന് പറഞ്ഞു വളര്‍ത്തിയ ഒരു അമ്മയുടെ മകന്‍.
ബിസിനസ് കൂടുതല്‍ വിശാലമാക്കണമെന്ന മഹാദേവന്റെ ചിന്തയ്ക്ക് പിന്നിലുള്ളതും സാമൂഹ്യക്ഷേമത്തിലുള്ള താല്‍പ്പര്യം തന്നെ. മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി പണമുണ്ടാക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാക്കാന്‍ കൂടുതല്‍ ഹോട്ടലുകള്‍ തുടങ്ങുക, മികച്ച പരിശീലനം നല്‍കി സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക് ജീവിതമാര്‍ഗം നല്‍കുക, മഹാദേവനെ വ്യത്യസ്തനാക്കുന്നത് ഈ വേറിട്ട ചിന്തകള്‍ തന്നെ.
ഇന്ത്യയിലും വിദേശത്തുമായി പാര്‍ട്ട്ണര്‍ഷിപ്പുകളിലൂടെ തുടങ്ങിയ ഹോട്ടലുകള്‍ ആയിരക്കണക്കിന് തൊഴിലുകളാണ് ലഭ്യമാക്കിയത്.
ബേക്കിംഗില്‍ പരിശീലനം നല്‍കുന്ന വിന്നേഴ്‌സ് ബേക്കറിയാണ് ഒരു മികച്ച ഉദാഹരണം. 'ഒരു തൊഴില്‍ പഠിപ്പിച്ചാല്‍ ഒരു ജീവിതമാണ് നമ്മള്‍ നല്‍കുന്നത്' എന്ന മഹാദേവനയത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇവിടെ പഠിച്ച കുട്ടികള്‍ നേടിയ വിജയം. ഈയിടെ ചെന്നൈയില്‍ തുടങ്ങിയ റൈറ്റേഴ്‌സ് കഫെയില്‍ ജീവനക്കാരായ സ്ത്രീകള്‍ എല്ലാം വിവിധ പൊള്ളല്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരാണ്.
സമൂഹം പലപ്പോഴും അകറ്റിനിര്‍ത്തുന്ന ഇവര്‍ക്ക് പുതിയ ജീവിതം നല്‍കുകയാണ് മഹാദേവന്റെ ഈ സംരംഭം. ചെന്നൈയിലെ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കായുള്ള ഫ്രീഡം ബേക്കറി പദ്ധതിയും ഈ ബിസിനസ് മേധാവിക്ക് നല്‍കുന്നത് തികച്ചും വ്യത്യസ്തമായ ഒരു മുഖഛായയാണ്. 'ഇന്ത്യയ്ക്ക് പതിനായിരക്കണക്കിന് മഹാദേവന്മാരെ ആവശ്യമുണ്ട്. ഇനിയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍. ഞാന്‍ ചെയ്യുന്നത് ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമാണ്.'
സംരംഭകര്‍ക്കുള്ള സന്ദേശം
വ്യത്യസ്തമായി ചിന്തിക്കുക, ആരെ യും അനുകരിക്കാതിരിക്കുക. മറ്റുള്ളവര്‍ക്ക് പിന്തുടരാന്‍ കാല്‍പ്പാടുകള്‍ സൃഷ്ടിക്കുക. ഉപഭോക്താക്കള്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകുമെന്ന ചിന്താഗതി മാറ്റണം.
(2017 ജൂലൈ 15-ലെ ധനം ബിസിനസ് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം.)