മാജിക്കിലൂടെ നല്ല പാഠങ്ങൾ; വേറിട്ട ബ്രാൻഡിംഗ് രീതിയുമായി ഒരു മാന്ത്രികൻ

മജീഷ്യന്‍ നാഥിന് മാജിക് ഒരു കല മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരു മാര്‍ഗം കൂടിയാണ്. മദ്യം, മയക്കുമരുന്ന്, റോഡ് സുരക്ഷ, ഊര്‍ജ സംരക്ഷണം തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കെതിരെയും കാന്‍സര്‍, എയ്ഡ്‌സ്, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കെതിരെയും മാജിക്കിലൂടെ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്ന മജീഷ്യന്‍ നാഥിന് പിന്തുണയുമായി വിവിധ ബ്രാന്‍ഡുകള്‍ എത്തിയതോടെ ഇത് വ്യത്യസ്തമായൊരു മാര്‍ക്കറ്റിംഗ് തന്ത്രം കൂടിയായി മാറി.

നാഥ് മാജിക്കല്‍ എന്റര്‍ടെയ്‌നേഴ്‌സ് എന്ന പേരില്‍ സ്വന്തം സ്ഥാപനം രൂപീകരിച്ച് കഴിഞ്ഞ 43 വര്‍ഷമായി കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം ചേര്‍ന്ന് ലക്ഷക്കണക്കിന് കുരുന്ന് ഹൃദയങ്ങളിലേക്കും അവരുടെ മാതാപിതാക്കളിലേക്കുമാണ് മജീഷ്യന്‍ നാഥ് കടന്നെത്തിയത്.

എയ്ഡ്‌സ് ബോധവത്കരണം മുതല്‍ ചെരുപ്പിന്റെ ഉപയോഗം വരെ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ എയ്ഡ്‌സ് ഒരു ഭീതിയായി നിന്ന കാലത്ത് എച്ച്.എല്‍.എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡുമായി ചേര്‍ന്ന് കോണ്ടത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്താനായി നടത്തിയ മാജിക് ഷോയാണ് വഴിത്തിരിവായത്. തുടര്‍ന്ന് പോപ്പി അംബ്രല്ല മാര്‍ട്ട്, എ.വി.റ്റി., പാരഗണ്‍, എഡിനോറ, പങ്കജകസ്തൂരി, സെന്‍ ജുവലേഴ്‌സ്, ഇന്ത്യന്‍ ജുവലേഴ്‌സ് തുടങ്ങി നിരവധി കമ്പനികള്‍ മജീഷ്യന്‍ നാഥിന്റെ ഈ യജ്ഞത്തിന് പല ഘട്ടങ്ങളില്‍ പിന്തുണ നല്‍കി. പാരഗണുമായി ചേര്‍ന്ന് ഒന്നര വര്‍ഷത്തോളമാണ് കേരളത്തിന്റെ പല ഭാഗങ്ങളില്‍ പ്രോഗ്രാം ചെയ്തത്. ചെരിപ്പുകള്‍ ഉപയോഗിക്കാത്തതു മൂലം മുറിവുകളിലൂടെ അണുബാധയുണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് പാരഗണുമായി ചേര്‍ന്ന് ഷോകള്‍ ചെയ്തത്. പോപ്പികുടയ്ക്ക് വേണ്ടി 72 പഞ്ചായത്തുകളിലായി 72 ഷോകള്‍ ചെയ്തു. ഏറ്റവും അടുത്ത് കൊട്ടാരം സില്‍ക്‌സുമായി ചേര്‍ന്ന് ഷോ നടത്തിയിരുന്നു. കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചും നിരവധി ബോധവത്കരണ ഷോകള്‍ നാഥ് നടത്തിയിട്ടുണ്ട്.

മാജിക് എന്നാല്‍ കാഴ്ചക്കാര്‍ക്ക് വെറും കണ്‍കെട്ടു വിദ്യയാണെങ്കിലും ഇത് അവതരിപ്പിക്കുക വളരെ ചെലവുള്ള കാര്യമാണെന്ന് മജീഷ്യന്‍ നാഥ് പറയുന്നു. വാഹനം, ലൈറ്റ്, ജനറേറ്റര്‍, അലങ്കാരങ്ങള്‍, ജീവനക്കാര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ആവശ്യമായുണ്ട്. ഒറ്റയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്ന് മനസിലായതോടെയാണ് ബ്രാന്‍ഡുകളെ ഒപ്പം കൂട്ടി പ്രയാണം ആരംഭിച്ചത്. ഇതിനകം തന്നെ നാല്‍പതിലധികം ബ്രാന്‍ഡുകളുമായി സഹകരിച്ച് ഷോകള്‍ നടത്തി. ആദ്യ കാലങ്ങളില്‍ വലിയൊരു ബസില്‍ സംവിധാനങ്ങളെല്ലാമൊരുക്കി പൊതുസ്ഥലങ്ങളിലെത്തിയായിരുന്നു ഷോ നടത്തിയിരുന്നത്. പരിപാടി അവസാനിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് 1,000 പേരുണ്ടാകുമായിരുന്നു കാഴ്ചക്കാരായി. ബസ് റോഡ്‌സൈഡില്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസവും മറ്റുമുണ്ടാക്കുന്നതിനാല്‍ ഇപ്പോൾ വാനില്‍ സ്‌കൂളുകളിലെത്തിയാണ് ഷോ നടത്തുന്നതെന്ന് നാഥ് പറയുന്നു.

ബ്രാന്‍ഡ് ബില്‍ഡിംഗ് മാജിക്

വന്‍ തുക മുടക്കാതെ കമ്പനികള്‍ക്ക് അവര്‍ ലക്ഷ്യമിടുന്ന പ്രാദേശിക വിപണികളിലേക്ക് കടന്നെത്താമെന്നതാണ് ഈ മാജിക് ഷോയുടെ ഗുണമെന്ന് നാഥ് പറയുന്നു. ഒരു ഹോര്‍ഡിംഗ് അല്ലങ്കില്‍ ടി.വി പരസ്യം എത്രപേര്‍ കാണുമെന്നത് ഉറപ്പില്ല. എന്നാല്‍ ഒരു വിദ്യാലയത്തിലെ എല്ലാ കുട്ടികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും നേരിട്ട് കടന്നെത്താന്‍ ബ്രാന്‍ഡുകള്‍ക്ക് മാജിക് ഷോ വഴി സാധിക്കുമെന്ന് മജീഷ്യന്‍ നാഥ് അവകാശപ്പെടുന്നു.

പല കമ്പനികളും കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി നിശ്ചിത തുക ഓരോ വര്‍ഷവും മാറ്റിവയ്ക്കുന്നുണ്ട്. ഇതിലൊരു ഭാഗം ചെലവഴിച്ചുകൊണ്ട് തന്നെ നാഥിന്റെ സാമൂഹ്യ സംരംഭത്തില്‍ പങ്കാളിയാകാം. കേന്ദ്ര ഗവണ്‍മെന്റിന്റെ സി.എസ്.ആര്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റ് വഴി കമ്പനികള്‍ക്ക് ഇതിനായുള്ള പണം നല്‍കാമെന്നതിനാല്‍ നികുതി ബാധ്യത കുറയ്ക്കാനും സാധിക്കും. കമ്പനികളെ സംബന്ധിച്ച് കുറഞ്ഞചെലവില്‍ അവരുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും നേരിട്ട് പരിചയപ്പെടുത്താനുള്ള വേദിയാണ് ഇത് വഴി ലഭിക്കുന്നത്. മാജിക് ഷോയുടെ ഇടയില്‍ ചെറിയ നറുക്കെടുപ്പിലൂടെ കുറച്ച് പേര്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള കൂപ്പണുകളും നല്‍കുന്നുണ്ട്. കുട്ടികള്‍ കുടുംബത്തിനൊപ്പം ഷോപ്പ് സന്ദര്‍ശിക്കാനും അതുവഴി പുതിയ കസ്റ്റമേഴ്‌സിനെ നേടാനും ബ്രാന്‍ഡുകള്‍ക്ക് ഇതിലൂടെ സാധിക്കും.

നല്ലൊരു തലമുറയ്ക്കായി

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഷോകള്‍ ചെയ്യുന്നതെന്നതിനാല്‍ എല്ലാ ഉത്പന്നങ്ങളെയും പ്രമോട്ട് ചെയ്യില്ല എന്നൊരു തീരുമാനവും മജീഷ്യന്‍ നാഥ് ആദ്യം കാലം മുതല്‍ക്കേ എടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് ഹാനികരമായേക്കാവുന്ന ഭക്ഷണ സാധനങ്ങള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളുമായി ചേര്‍ന്ന് ഇതു വരെ പ്രവര്‍ത്തിച്ചിട്ടില്ല. മാത്രമല്ല ഒരു പ്രദേശത്ത് ഒരു ബ്രാന്‍ഡിനു വേണ്ടി പ്രമോഷന്‍ ചെയ്താല്‍ പിന്നെ സമാന ഉത്പന്നങ്ങളുള്ള മറ്റ് ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. ജങ്ക് ഫുഡും വ്യായാമമില്ലായ്മയുമാണ് ഇപ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നമെന്നും നല്ല ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും വിവിധ സ്‌കൂളുകളില്‍ ഷോകളുമായി കടന്നെത്തിയതിന്റെ വെളിച്ചത്തില്‍ നാഥ് പറയുന്നു.

സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങള്‍ തുടര്‍ച്ചയായി 25,000 വേദികളില്‍ അവതരിപ്പിച്ചതിന് മജീഷ്യന്‍ നാഥിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറത്തിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847400080

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it