കേരളത്തിന്റെ സ്വന്തം കായ ഉപ്പേരിയെ ഗ്ലോബല്‍ ബ്രാന്‍ഡ് ആക്കിയ ആലപ്പുഴക്കാരന്റെ കഥ
എഴക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മാനസ് മധു എന്ന ചെറുപ്പക്കാരന്‍ സംരംഭകന്റെ കുപ്പായമണിഞ്ഞത്. മുണ്ടും മടക്കി കുത്തി ചെന്ന് നിക്ഷേപം കണ്ടെത്തുന്നവരുടെ ആഗോള ഫണ്ട് റേസിംഗ് വേദിയായ ഷാര്‍ക്ക് ടാങ്കില്‍ കോടികളുടെ ഫണ്ടിംഗ് നേടിയ ആലപ്പുഴക്കാരന്റെ തലവര തെളിഞ്ഞ കഥ ഇങ്ങനെയാണ്. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെ ഐ.ടി കമ്പനിയില്‍ മാനസ് ജോലിക്ക് ചേര്‍ന്നത് തന്നെ ഒഴിവു സമയങ്ങളില്‍ കേരളത്തില്‍ നിന്നുകൊണ്ടൊരു ബിസിനസുകാരനാകണം എന്ന ആശയുമായിട്ടാണ്.
ആദ്യം ചക്കയില്‍ നിന്നൊരു വീഗന്‍ ഉല്‍പ്പന്നം പുറത്തിറക്കാനുള്ള ശ്രമങ്ങളിലായിരുന്നു. വിദേശ വിപണിയില്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന വീഗന്‍ ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളില്‍ ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന തന്റെ ഉല്‍പ്പന്നവും ക്ലിക്ക് ആകും എന്ന പ്രതീക്ഷയുണ്ടായിരുന്നു മാനസിന്. എന്നാല്‍ അതത്ര ക്ലിക്ക് ആയില്ല. ഗുണമേന്മ എത്ര വാഗ്ദാനം ചെയ്താലും സ്വാദില്ലാത്ത ഭക്ഷണം വിപണിയില്‍ ക്ലിക്ക് ആകാന്‍ വലിയ പ്രയാസമാണ്.
അങ്ങനെയിരിക്കെയാണ് കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്നത്. യാത്രാ മധ്യേ ഒരു കടയില്‍ കയറി ചിപ്‌സ് വാങ്ങിയപ്പോള്‍ കേരള ഉപ്പേരിക്ക് യാതൊരു കേരളത്തനിമയുമില്ല, രുചിയുമില്ല. ലേയ്‌സും മറ്റ് സ്‌നാക്‌സുകളെല്ലാം കഴിക്കാന്‍ തോന്നിപ്പിക്കുന്ന രീതിയില്‍ കൂടെയുണ്ട്. എങ്കില്‍ പിന്നെ കേരളത്തിന്റെ സ്വന്തം ബനാന ചിപ്‌സ് പ്രീമിയം ക്വാളിറ്റിയിലും നല്ല പാക്കേജിംഗിലും അവതരിപ്പിച്ചാലോ എന്ന ചിന്ത വരുന്നു. അങ്ങനെ 'കേരള ബനാന ചിപ്‌സ്' ബ്രാന്‍ഡ് ചെയ്ത് ഇറക്കി, ബിയോണ്ട് സ്‌നാക് എന്ന ബിസിനസും പിറന്നു.
2019ലായിരുന്നു സംരംഭത്തിന്റെ തുടക്കമെങ്കിലും 2020ലാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. കൊവിഡ് മഹാമാരിക്കാലത്തെ നേരിടുകയെന്നതായിരുന്നു ആദ്യ വെല്ലുവിളി. എന്നാല്‍, അവയെയെല്ലാം മറികടന്ന് ഓണ്‍ലൈനിലൂടെ ബിയോണ്ട് സ്നാക്കിന്റെ ചിപ്സ് ഉപഭോക്താക്കളിലേക്കെത്തി.
മികച്ച നിലവാരം, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഉത്പാദനം, തനത് സ്വാദ് ഒട്ടുംചോരാത്ത കായ ചിപ്സ് - ഇവയാണ് ബിയോണ്ട് സ്നാക്കിന്റെ പ്രധാന മികവുകള്‍. ഓണ്‍ലൈനിലൂടെയുള്ള വില്‍പന അതിവേഗം വിപണിയും ഉപഭോക്തൃ മനവും കീഴടക്കാന്‍ ബിയോണ്ട് സ്നാക്കിനെ സഹായിച്ചു.
33 കോടി രൂപയുടെ ഫണ്ടിംഗ് നേടിയ കഥയും സംരംഭകനായി മാറിയ അനുഭവങ്ങളും പങ്കുവയ്ക്കുന്ന മാനസ് മധുവിന്റെ അഭിമുഖം കാണാം (മുകളിൽ).