സംരംഭകര്‍ തങ്ങളുടെ മക്കള്‍ക്ക് എം.ബി.എ വിദ്യാഭ്യാസം നല്‍കണോ?
കഴിഞ്ഞയാഴ്ചയാണ് ഷര്‍ട്ടും ഇന്‍ ചെയ്ത്, മുടി ചീകി കുട്ടപ്പനായി അഖിലേഷ് ഇന്റര്‍വ്യൂവിന് വന്നത്. മുഖത്ത് നല്ല ആത്മവിശ്വാസം… ചടുലതയുള്ള ചലനങ്ങള്‍. വിദ്യാഭ്യാസം: എം.ബി.എ …കോഴ്സ് കഴിഞ്ഞിട്ടില്ല ..! ജോലിയ്ക്കു വേണ്ടിയുള്ള വേട്ടയിലാണ് കക്ഷി. ആദ്യം കണ്ടപ്പോഴേ എനിക്ക് പുള്ളിയെ അങ്ങ് ബോധിച്ചു. ഇന്റര്‍വ്യൂ തുടങ്ങി…നല്ല രീതിയില്‍ ആമുഖം പറഞ്ഞ്, ഒഴുക്കോടെ ഭാഷ കൈകാര്യം ചെയ്ത് കക്ഷി മുന്നേറി. പിന്നെ ഞങ്ങള്‍ മാനേജ്മെന്റ് എന്ന വിഷയത്തിലേയ്ക്ക് വന്നു…കോമണ്‍ സെന്‍സ് വെച്ചുള്ള കാര്യങ്ങള്‍ എല്ലാം കൃത്യമായി പറഞ്ഞെങ്കിലും ബി.സി.ജി മാട്രിക്സ്, ലെവിന്‍സ് മോഡല്‍, പോര്‍ട്ടര്‍ ഫോഴ്സസ് എന്നിവയൊക്കെ ചോദിച്ചപ്പോള്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നൊരു ഭാവം!
ഒരു സംശയം തോന്നി കൂടുതല്‍ ചോദിച്ചപ്പോള്‍, അഖിലിന്റെ അച്ഛന് ഒരു ചെറിയ ബിസിനസ് ഉണ്ടെന്നും, ചെറുപ്പത്തില്‍ അച്ഛനെ സഹായിക്കാറുണ്ടെന്നും മനസ്സിലായി. മാത്രമല്ല, എം.ബി എ ചെയ്യുന്നത് ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ മോഡിലുമാണത്രേ! ഇനി, മറ്റൊരു ഉദ്യോഗാര്‍ത്തിയെ പരിചയപ്പെടാം. പേര്: അനുരാഗ്.കേട്ടുകേള്‍വി ഇല്ലാത്ത ഏതോ ഒരു എം.ബി.എ കോളേജില്‍ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥി ആണ് കക്ഷി. സെയ്ല്‍സില്‍ ഒരു ജോലി കാമ്പസില്‍ നിന്നു തന്നെ കിട്ടിയിട്ടുണ്ട്. കൂടുതല്‍ നല്ല ഒരു അവസരത്തിനായി ഇറങ്ങിയിരിക്കുകയാണ്. ഇതേ ചോദ്യങ്ങളൊക്കെ അനുരാഗിനോടും ഞങ്ങള്‍ ചോദിച്ചു. അഖിലിലിന്റെ അത്ര ആത്മവിശ്വാസമോ, ചടുലതയോ അനുരാഗില്‍ ഉണ്ടായിരുന്നില്ല. പക്ഷെ മാനേജ്മെന്റ് തിയറികള്‍ പുള്ളി ഒരുവിധം പറഞ്ഞൊപ്പിച്ചു. ലെവിന്‍സ് മോഡല്‍ ഒരു ബിസിനസിലെ യഥാര്‍ത്ഥ ചുറ്റുപാടില്‍ എങ്ങനെ ഉപയോഗിക്കും എന്ന ചോദ്യത്തിന്, മനസിലായില്ല എന്ന മറുപടിയാണ് കിട്ടിയത്!
ഇങ്ങനെ, അഖില്‍മാരും, അനുരാഗുമാരും നിറഞ്ഞ ഒരു വിദ്യാഭ്യാസ സംസ്‌കാരമാണ് ഇവിടെ രൂപപ്പെടുന്നത്. എം.ബി.എ എന്ന കോഴ്സ് ഒരു ദുരന്തമാകുന്നതും ഇവിടെയാണ്. ഇന്ത്യയിലെ ഫാമിലി ബിസിനസുകളെ കുറിച്ച്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠനം നടത്തി പറഞ്ഞത്, അതൊരു നല്ല മോഡല്‍ ആണെന്നാണ്. പ്രായോഗികമായ അറിവുകള്‍ക്കൊപ്പം, പ്രൊഫഷണല്‍ ആയ പരിശീലനം കൂടിയുണ്ടെങ്കില്‍ ലോകം കീഴടക്കാനുള്ള ശക്തി ഒളിപ്പിച്ചു വെച്ചിരിക്കുന്നവയാണത്രേ, ഇന്ത്യയിലെ ഫാമിലി ബിസിനസുകള്‍…ടാറ്റയും, ബിര്‍ളയും, റിലയന്‍സുമെല്ലാം ഇതിന് ഉദാഹരണങ്ങള്‍ ആണ്. പക്ഷെ പലപ്പോഴും നമ്മള്‍ ഈ ശക്തി തിരിച്ചറിയാതെ പോകുന്നു. തങ്ങളുടെ ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പിന്നാലെ പായുന്നു.
ഇത്തരം കോഴ്സുകള്‍, പഠിപ്പിക്കുന്നതോ, ബിസിനസുമായി പുല ബന്ധം പോലുമില്ലാത്തവരും! അങ്ങനെ, കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് ബിസിനസിലെ പുത്തന്‍ തലമുറയിലെ പലരും. നമ്മുടെ കഥയിലെ അഖിലേഷ്, അച്ഛന്‍ ചെയ്യുന്ന ബിസിനസില്‍ സഹായിച്ചത് കൊണ്ട്, ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നും സ്വന്തം അനുഭവങ്ങളില്‍ നിന്ന് മനസിലാക്കിയെടുത്തു. തല്‍ഫലമായി, ആത്മവിശ്വാസവും കൈമുതലായി. എന്നാല്‍ വെറുമൊരു ഡിസ്റ്റന്‍സ് എം.ബി.എ കോഴ്സിനു ചേരുന്നതിനു പകരം, നല്ല ബി-സ്‌കൂളുകളില്‍ ചേര്‍ന്ന് പഠിച്ചിരുന്നെങ്കില്‍, സ്വന്തം ബിസിനസില്‍ നിന്ന് കിട്ടിയ പ്രായോഗിക അറിവുകളെ മാനേജ്മെന്റ് രീതികളുമായി ബന്ധിപ്പിക്കാനും പുതിയ ആശയങ്ങള്‍ സൃഷ്ടിച്ചെടുക്കാനും കഴിയുമായിരുന്നു. അങ്ങനെയുള്ള ഒരു പ്രൊഫഷണലിന് ബിസിനസ് ഉറപ്പുള്ള വിജയം സമ്മാനിക്കുമെന്നതാണ് സത്യം!
അനുരാഗിന്റെ രീതിയിലാണ് കൂടുതല്‍ പേരും എം.ബി.എ കഴിഞ്ഞ് പുറത്തിറങ്ങുന്നത്. എം.ബി.എ എന്താണെന്നോ, എന്തിനാണെന്നോ പോലും മനസിലാകാതെയാണ് പലരും രണ്ടു വര്‍ഷം അവിടെ തള്ളി നീക്കുക. പ്രോജക്റ്റ്, ഇന്‍ണ്‍േഷിപ്പ് എന്നിങ്ങനെ പലതുമുണ്ടെങ്കിലും ഇതൊക്കെ മാര്‍ക്ക് നേടാനുള്ള ചില ചെപ്പടിവിദ്യകളായി മാത്രം മാറുകയാണ് പതിവ്. എം.ബി.എ തിയറികള്‍ എവിടെ, എങ്ങനെ ഉപയോഗപ്പെടുന്നു എന്നതിന് വ്യക്തമായ ഉത്തരങ്ങളോ, സ്വന്തമായി ബിസിനസ് ചെയ്തു നോക്കാനുള്ള പ്ലാറ്റ്ഫോമുകളോ, ചുറ്റുപാടുമുള്ള ബിസിനസുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടറിയാനുള്ള അവസരങ്ങളോ പലപ്പോഴും ഇത്തരം ബി-സ്‌കൂളുകള്‍ നല്‍കുന്നില്ല.
ഇനി നല്‍കുന്നുണ്ടെങ്കില്‍ തന്നെ, അതൊരു സ്ഥിരം ഫോര്‍മുലയുടെ ഭാഗമായി മാത്രം നില്‍ക്കുകയും വിദ്യാര്‍ഥിയുടെ ഭാവിയിലേയ്ക്ക് ഒരു സംഭാവനയും നല്‍കാതിരിക്കുകയും ചെയ്യുന്നു. അങ്ങനെ അവനെ സംബധിച്ചിടത്തോളം എം.ബി.എ തിയറി പാഠങ്ങള്‍ മാര്‍ക്ക് മേടിക്കാനുള്ള വെറും ആയുധങ്ങള്‍ മാത്രമാകുന്നു. അതിന്റെ തന്നെ ഒരു പ്രായോഗിക വശം ചോദിക്കുമ്പോള്‍ നമ്മുടെ അനുരാഗിനെപ്പോലെ മനസിലാകാതെ വരുന്നു!
നമ്മുടെ നാട്ടിലെ പല ബിസിനസുകാരും മക്കളെ യു.കെയിലും കാനഡയിലും വിട്ട് എം.ബി.എ പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അവിടുത്തെ ഏറ്റവും മോശം യൂണിവേഴ്സിറ്റികളില്‍ ആണ് പലര്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ കാശ് പോകുമെന്നല്ലാതെ വേറെ ഒരു മെച്ചവും ഉണ്ടാകില്ല. മാത്രമല്ല തിരിച്ചു വരുമ്പോഴേക്കും കേരളത്തിലെ രീതികള്‍ തന്നെ അവര്‍ക്ക് പിടിക്കാതെ ആയിട്ടുണ്ടാകും. പുറത്തു പോകുന്നെങ്കില്‍ നല്ല സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക.
മാറ്റം അനിവാര്യം
നമ്മുടെ നാട്ടിലെ എം.ബി.എ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആദ്യം അതിന്റെ അധ്യയനരീതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയെ മതിയാകൂ.മാത്രമല്ല, ഏത് ബസ്റ്റോപ്പിലും ലഭിക്കുന്ന ഒന്നാകരുത് എം.ബി.എ. എന്‍ജിനീയറിംഗ് പോലെയോ അതിനെക്കാളോ പ്രാധാന്യം കൊടുക്കേണ്ട ഒരു കോഴ്സാണത്. ബിസിനസ് ചെയ്യാനും, അതില്‍ ഇടപെടാനും, മാനേജ്മെന്റ്് പാഠങ്ങളെ അതുമായി ബന്ധപ്പെടുത്താനും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. സോഫ്റ്റ് സ്‌കില്ലുകള്‍ മെച്ചപ്പെടുത്തി, ജീവിതത്തെ കുറിച്ച് ഒരു നല്ല ദര്‍ശനം നല്‍കി, വലിയ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാന്‍ പോന്നവരാക്കാന്‍ കഴിയണം. എം.ബി.എ കോളേജുകളില്‍ അദ്ധ്യാപകരെ തിരഞ്ഞെടുക്കുമ്പോള്‍, മറ്റു രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനപരിചയം ഉറപ്പു വരുത്തണം.
രാഷ്ട്രത്തിനു വേണ്ടി, അതിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് വേണ്ടി വലിയ സംഭാവനകള്‍ തങ്ങള്‍ക്ക് ചെയ്യാനുണ്ടെന്ന ഉത്തമ ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. ഇതൊന്നുമില്ലാത്ത, ഇന്നത്തെ തൊണ്ണൂറു ശതമാനം ബി-സ്‌കൂളുകളും അല്പായുസുള്ള ഇയ്യാം പാറ്റകളെ സൃഷ്ടിച്ച് നല്‍കുകയാണ്.
സംരംഭകര്‍ ചെയ്യേണ്ടത്
സംരംഭകരെ സംബന്ധിച്ചിടത്തോളം ഫാമിലി ബിസിനസ് നിലനില്‍ക്കാന്‍ മക്കള്‍ക്ക് തങ്ങളുടെ സംരംഭത്തെ കുറിച്ചുള്ള അവബോധം ചെറുപ്പം മുതലേ നല്‍കാന്‍ ശ്രമിക്കണം. വെറുമൊരു ബിസിനസ് അല്ല അതെന്നും പകരം വലിയ വിഷന്‍ ഉള്ള ഒരു യാത്ര ആണെന്നും ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ കുട്ടികള്‍ക്ക് താല്പര്യം തോന്നിത്തുടങ്ങും. ചെറിയ രീതിയില്‍ ബിസിനസില്‍ അവരെക്കൂടി ഭാഗമാക്കാന്‍ കൂടി സാധിച്ചാല്‍ അവര്‍ പതിയെ അതിനെ ഇഷ്ടപ്പെട്ടു തുടങ്ങും. അതിനു ശേഷം നല്ല ഒരു സ്ഥാപനം(രാജ്യത്തെ നല്ല എം.ബി.എ കോളേജുകള്‍) കണ്ടുപിടിച്ച് അവിടെ ചേര്‍ന്ന് മാനേജ്മെന്റ് തത്വങ്ങള്‍ കൂടി പഠിച്ചെടുത്താല്‍ പുത്തന്‍ രീതികളിലൂടെ അവര്‍ക്ക് നമ്മുടെ ബിസിനസ് തന്നെ വികസിപ്പിച്ചെടുക്കാന്‍ കഴിയും.
ഒപ്പം മാനേജ്മെന്റ് ട്രെയിനിങ്ങുകള്‍, സെമിനാറുകള്‍ എന്നിവയില്‍ കൂടി സ്ഥിരമായി അറിവുകള്‍ വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കുക. ഒരുപക്ഷെ ഇന്നത്തെ നിങ്ങളുടെ ചെറിയ കട, നാളത്തെ ലോകോത്തര ബ്രാന്‍ഡ് ആയേക്കാം!
(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്ലില്‍ അയയ്ക്കാം)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine