'ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്സണ്‍' പട്ടികയില്‍ ഒന്നാമന്‍ സത്യ നാദെല്ല
ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല ഫോര്‍ച്യൂണിന്റെ ഈവര്‍ഷത്തെ ബിസിനസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. പ്രതിസന്ധികളും വെല്ലുവിളികളും തരണം ചെയ്ത്, മികച്ച ആശയങ്ങളിലൂടെ വിജയം കൊയ്ത 20 ബിസിനസ് പ്രമുഖരാണ് പട്ടികയിലുള്ളത്.
2014 മുതല്‍ മൈക്രോസോഫ്റ്റിനെ നയിക്കുന്ന നാദെല്ല ആദ്യമായാണ് ഫോര്‍ച്യൂണ്‍ ബിസിനസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍ ആകുന്നത്. മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ അജയ് ബംഗ എട്ടാം സ്ഥാനത്തും അരിസ്റ്റ നെറ്റ്‌വര്‍ക്ക്‌സ് മേധാവി ജയശ്രീ വി. ഉള്ളാല്‍ 18-ാം സ്ഥാനത്തുമുണ്ട്. ഇരുവരും ഇന്ത്യന്‍ വംശജരാണ്.
ധനകാര്യ മേഖലയിലെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള സ്ഥാപനമായി മാസ്റ്റര്‍കാര്‍ഡിനെ മാറ്റിയാണ് അജയ് ബംഗ മികവ് തെളിയിച്ചതെന്ന് ഫോര്‍ച്യൂണ്‍ അഭിപ്രായപ്പെട്ടു. ഈവര്‍ഷം കമ്പനിയുടെ ഓഹരിവില ഉയര്‍ന്നത് 40 ശതമാനമാണ്. ഓപ്പണ്‍-സോഴ്സ് ക്‌ളൗഡ് സോഫ്റ്റ്വെയര്‍, എതര്‍നെറ്റ് സര്‍വീസസ് എന്നിവയില്‍ അരിസ്റ്റയെ മാര്‍ക്കറ്റ് ലീഡറാക്കി വളര്‍ത്തിയ പ്രാഗത്ഭ്യം ജയശ്രീ ഉള്ളാലിന് പട്ടികയില്‍ ഇടം നേടിക്കൊടുത്തു.
അധികാര വികേന്ദ്രീകരണത്തിലൂടെ ഉന്നത ലക്ഷ്യങ്ങള്‍ നേടിയടുക്കുന്ന നേതൃത്വ ശൈലി വഴി മികവു പ്രകടിപ്പിച്ചുവരുന്നയാളെന്നാണ് സത്യ നാദെല്ലയെ ഫോര്‍ച്യൂണ്‍ ജൂറി വിശേഷിപ്പിച്ചത്.' സ്വന്തം മാനേജ്‌മെന്റ് ടീമിലെ മൂന്ന് അംഗങ്ങളെ ഏറ്റവും ശക്തരാക്കി അദ്ദേഹം - നയവും നിയമപരമായ കാര്യങ്ങളും നോക്കുന്ന പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആമി ഹൂഡ്, ചീഫ് പീപ്പിള്‍ ഓഫീസര്‍ കാത്ലീന്‍ ഹൊഗാന്‍ എന്നിവരെ.'
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline