എതിരാളികളിലല്ല, ഉപഭോക്താക്കളിലാണ് ശ്രദ്ധ

എം.എം.വി മൊയ്തു (ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, നിക്ഷാന്‍ ഇലക്ട്രോണിക്‌സ്)

മാനേജ് മെന്റ് ശൈലി

ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മാനേജ്‌മെന്റ് രീതിയാണ് നിക്ഷാനില്‍. എന്താണോ ഉപഭോക്താവ് ആഗ്രഹിക്കുന്നത് അത് ഏറ്റവും മികച്ച രീതിയില്‍ നിറവേറ്റിക്കൊടുക്കുക എന്നതിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗുണനിലവാരം, വിശ്വസ്തത, മികച്ച വില്‍പ്പനാനന്തര സേവനം, വിലക്കുറവ് എന്നിവയാണ് ഞങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍. മാത്രമല്ല, ഉപഭോക്താക്കളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ ജീവനക്കാര്‍ക്ക് മാര്‍നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ജീവിതത്തോടുള്ള കാഴ്ചപ്പാട്

എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുക എന്നതാണ് ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. നിത്യജീവിതത്തില്‍ ഒരു വ്യക്തിക്ക് പ്രത്യേകിച്ച് ബിസിനസുകാരന് ചുരുങ്ങിയ സമയം കൊണ്ട് ഒട്ടനവധി നിര്‍ണായക തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴൊക്കെ മനഃസാന്നിധ്യം നഷ്ടപ്പെടാതെ ഉചിതമായി തീരുമാനമെടുക്കുവാന്‍ ഈ പോസിറ്റീവ് മനോഭാവം സഹായിക്കുന്നു. അത് നമുക്ക് ചുറ്റുമുള്ളവരിലും ഊര്‍ജം പകരുന്നു.

വ്യക്തിപരമായ ശീലങ്ങള്‍

ബിസിനസാണ് എന്റെ പാഷന്‍. സ്വാഭാവികമായും ബിസിനസിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതചര്യ എനിക്കില്ല. ഉദാഹരണത്തിന്, ഞാന്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ, ബിസിനസിന്റെ ഭാഗമായുള്ള യാത്രകളെ ആസ്വദിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു. അതുപോലെ തന്നെ ഫിറ്റ്‌നസ്, വായന എന്നിവയൊക്കെ ജീവിത ചര്യയുടെ ഭാഗമാക്കുവാന്‍ ശ്രമിക്കുന്നു.

ജോലിയും ജീവിതവും

ജീവിതത്തെയും ബിസിനസിനെയും ഒരുമിച്ച് കൊണ്ടു പോകുക എന്നത് ശ്രമകരമായ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും ബിസിനസ് ഒരാളുടെ പാഷനാകുമ്പോള്‍ അതിനൊപ്പം തന്നെ ജീവിതത്തെയും കുടുംബ ബന്ധങ്ങളെയും ചേര്‍ത്ത് മാനേജ് ചെയ്യാന്‍ കഴിയും.

സ്വയം നവീകരിക്കല്‍

എതിരാളികളില്ലല്ല, മറിച്ച് ഉപഭോക്താക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏതൊരു ബിസിനസിന്റെയും വിജയത്തിന്റെ അടിസ്ഥാനം എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

ഉപഭോക്താക്കള്‍ക്ക് വേണ്ടത് എന്തെന്ന് മനസിലാക്കി നിരന്തരം സ്വയം നവീകരിക്കാനും മാറ്റങ്ങള്‍ക്ക് വിധേയമാകാനും ശ്രദ്ധിക്കുന്നു. ഒപ്പം കഠിനാധ്വാനവും അവസരങ്ങളെ പ്രയോജനപ്പെടുത്താനുള്ള മനസും ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.

Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ - http://bit.ly/2IjKw5Z OR send 'START' to +49 1579 2369 680

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it