

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് വമ്പന്‍ കമ്പനികളുടെ മാത്രം കുത്തകയല്ല. സ്ഥിരതയുള്ള വളര്‍ച്ചയും സാമ്പത്തിക അച്ചടക്കവും ഉള്ള ചെറിയ കമ്പനികള്‍ക്കും ഇന്ത്യന്‍ ഓഹരി വിപണിയില്‍ സ്ഥാനം പിടിക്കുന്നതിന് അവസരങ്ങളുണ്ട്. ധനം ബിസിനസ് മീഡിയ കോഴിക്കോട് മലബാര്‍ പാലസില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ സമ്മിറ്റ്, ചെറിയ കമ്പനികളുടെ ലിസ്റ്റിംഗ് സാധ്യതകളിലേക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതായിരുന്നു. വന്‍കിട കമ്പനികള്‍ക്ക് മാത്രമുള്ളതാണ് ഓഹരി വിപണിയെന്ന തെറ്റിദ്ധാരണ മാറ്റാന്‍ യുവസംരംഭകര്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു സമ്മിറ്റിലെ ' എസ്.എം.ഇ: ലിസ്റ്റിംഗ് ആന്റ് ഫണ്ടിംഗ് ഫോര്‍ ഗ്രോത്ത്' എന്ന സെഷന്‍. ആഷിഖ് ആന്റ് അസോസിയേറ്റ്‌സിന്റെ സ്ഥാപകനും മാനേജിംഗ് ഡരക്ടറുമായ ആഷിഖ് എ.എം ക്ലാസ് നയിച്ചു.
മൂന്നു വര്‍ഷത്തെ പ്രകടനം പ്രധാനം
ചെറിയ സംരംഭങ്ങള്‍ക്കും മൂന്നു വര്‍ഷത്തെ പ്രകടനം മികച്ചതാണെങ്കില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റിംഗിന് പ്രാഥമിക അര്‍ഹത ലഭിക്കും. നിയമങ്ങളില്‍ 2018 ല്‍ വരുത്തിയ ഭേദഗതിയാണ് ഇതിന് അവസരമൊരുക്കിയത്. എന്‍.എസ്.ഇ യില്‍ ലിസ്റ്റ് ചെയ്യാന്‍ മൂന്നു വര്‍ഷങ്ങളില്‍ രണ്ട് വര്‍ഷമെങ്കിലും കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം. ബി.എസ്.ഇയിലാണെങ്കില്‍ മൂന്നു വര്‍ഷത്തില്‍ ഒരു വര്‍ഷം ലാഭത്തിലാകണമെന്നാണ് ചട്ടം. അതോടൊപ്പം കമ്പനിയുടെ നടത്തിപ്പ്, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലുള്ള നിബന്ധനകളും പാലിക്കണം. മികച്ച മാനേജ്മെന്റ് കാഴ്ചവെക്കുന്ന ചെറിയ കമ്പനികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ലിസ്റ്റിംഗിന് തയ്യാറെടുക്കാവുന്നതാണെന്ന് ആഷിഖ് എ.എം. പറയുന്നു. കമ്പനി പ്രമോട്ടര്‍മാരുടെ പ്രശസ്തി ഐ.പി.ഒക്കുള്ള ജനങ്ങളുടെ പ്രതികരണത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനിയുടെ മൂല്യം അറിയാം
കാലങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഉടമകള്‍ക്കും കമ്പനിയുടെ ഇന്നത്തെ യഥാര്‍ത്ഥ മൂല്യത്തെ കുറിച്ച് വ്യക്തത കുറവായിരിക്കും. ലിസ്റ്റഡ് കമ്പനികളെ അപേക്ഷിച്ച് മൂല്യം വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ കുറവാണ് എന്നതാണ് ഇതിന് കാരണം. വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയുടെ മൂല്യമെത്രയാണെന്ന് കമ്പനി ഉടമകള്‍ക്കും ജനങ്ങള്‍ക്കും എപ്പോഴും അറിയാമെന്നതാണ് ലിസ്റ്റിംഗിനുള്ള ഗുണം. പെട്ടെന്ന് ലിസ്റ്റിംഗിനെ കുറിച്ച് ആലോചിക്കാത്ത കമ്പനികള്‍ക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താം. ഇതിനായി സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കമ്പനി ഡാറ്റകള്‍ ചിട്ടയായി ഒരുക്കി വെക്കാം. ലിസ്റ്റിംഗ് പെട്ടെന്ന് നടത്തുന്നില്ലെങ്കിലും കമ്പനിയുടെ മുന്നോട്ടുള്ള യാത്രയെ ഇത് സുതാര്യവും മികവുറ്റതുമാക്കും. ആഷിഖ് എ.എം ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine