നോര്‍ക്ക വഴി തുടങ്ങിയത് 10,000 പുതുസംരംഭങ്ങള്‍; വിദേശ റിക്രൂട്ട്‌മെന്റിലും വര്‍ധന

നോര്‍ക്ക ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത് 250 പേര്‍ക്ക്
Image courtesy: canva/ norka roots
Image courtesy: canva/ norka roots
Published on

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ മുഖേന കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 10,000 പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞതായി നോര്‍ക്ക റൂട്‌സിന്റെ കണക്ക്. തിരിച്ചെത്തിയ പ്രവാസികള്‍ക്കുള്ള നോര്‍ക്ക പദ്ധതിയായ എന്‍.ഡി.പി.ആര്‍.ഇ.എം (Norka Department Project for Returned Emigrants) മുഖേന 1,400 പദ്ധതികളാണ് തുടങ്ങിയത്. പ്രവാസി ഭദ്രതാ പദ്ധതി പ്രകാരം 8,600 ലേറെ പദ്ധതികളും തുടങ്ങാനായി. സബ്ഡിഡിയുള്ള വായ്പകള്‍ ഉപയോഗപ്പെടുത്തിയാണ് സംരംഭകര്‍ ഈ വ്യവസായങ്ങള്‍ ആരംഭിച്ചത്. കമ്പനികളുടെ പ്രവര്‍ത്തന മൂലധനത്തിനും പലിശയിനത്തിലും സബ്‌സിഡി അനുവദിക്കുന്നത് സംരംഭകരെ ഈ പദ്ധതികളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. പ്രവാസി ഭദ്രതാ പദ്ധതിയില്‍ രണ്ടു ലക്ഷം മുതല്‍ രണ്ടു കോടി രൂപ വരെയാണ് വായ്പ നല്‍കുന്നത്. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയില്‍ 30 ലക്ഷം രൂപ വരെയും നല്‍കുന്നു. മൂലധന സബ്‌സിഡിയായി മൂന്നു ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. പലിശയില്‍ മൂന്നു ശതമാനം സബ്‌സിഡിയുമുണ്ട്.

1,000 പേര്‍ക്ക് വിദേശ റിക്രൂട്ട്‌മെന്റ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,000 പേരെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് നോര്‍ക്ക റൂട്‌സ് വഴി തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തി. യു.കെ, ജര്‍മനി, കാനഡ, സൗദി, കുവൈത്ത്, വെയില്‍സ് എന്നീ രാജ്യങ്ങളിലാണ് ഇവര്‍ക്ക് തൊഴില്‍ ലഭിക്കുന്നത്. കാനഡയിലേക്ക് 180 പേരും വെയില്‍സിലേക്ക് 250 പേരും റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

നോര്‍ക്ക ഡയറക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് കഴിഞ്ഞ വര്‍ഷം 250 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയതായി നോര്‍ക്ക അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കളുടെ തുടര്‍ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

മുന്‍ പ്രവാസികള്‍ക്ക് തൊഴില്‍ ഉറപ്പ് പദ്ധതി

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതി അടുത്തിടെ നോര്‍ക്ക പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 100 ദിവസത്തെ തൊഴിലാണ് ഉറപ്പ് നല്‍കുന്നത്. നോര്‍ക്ക അസിസ്റ്റഡ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് (name) എന്ന പദ്ധതി സ്വകാര്യ കമ്പനികളുടെ കൂടി സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പ്രവാസികളും കമ്പനികളും നോര്‍ക്ക വഴി രജിസ്‌ട്രേഷന്‍ നടത്തണം. തൊഴില്‍ വിന്യാസം നോര്‍ക്ക നിര്‍വ്വഹിക്കും. ഒരാള്‍ക്ക് പ്രതിദിനം പരമാവധി 400 രൂപ വരെ കണക്കാക്കി നോര്‍ക്ക തൊഴില്‍ ഉടമക്ക് നല്‍കും. പരമാവധി 50 പേരെ ഒരു കമ്പനിക്ക് ഈ പദ്ധതി പ്രകാരം നിയമിക്കാം. നോര്‍ക്ക റൂട്ട്‌സ് ലിസ്റ്റ് ചെയ്യുന്ന തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്ക് അവസരമുണ്ടാകും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റ് വഴിയാണ് തൊഴില്‍ അന്വേഷകരും തൊഴില്‍ ദാതാക്കളും രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓട്ടോമൊബൈല്‍, നിര്‍മാണ മേഖല, ഹോസ്പിറ്റാലിറ്റി മേഖല എന്നീ രംഗങ്ങളിലാണ് ആദ്യനിയമനം നടക്കുക. സഹകരണ സ്ഥാപനങ്ങള്‍, എംപ്ലോയ്‌മെന്റ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, ഉദ്യം രജിസ്‌ട്രേഷനുള്ള സ്വകാര്യ, പൊതു, എല്‍.എല്‍.പി കമ്പനികള്‍, അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവക്ക് ഈ പദ്ധതി പ്രകാരം ജീവനക്കാരെ ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com