നിങ്ങളുടെ ബ്രാന്‍ഡ് വളര്‍ത്താന്‍ വണ്‍ പേജ് പ്ലാന്‍

നിങ്ങളുടെ സംരംഭത്തെ ഒരു മികച്ച ബ്രാന്‍ഡാക്കി എങ്ങനെ മാറ്റും? അതിനുള്ള ലളിതമായ ഒരു വഴിയുണ്ട്, ബിസിനസ് സ്ട്രാറ്റജിസ്റ്റായ പോള്‍ റോബിന്‍സണ്‍ എഴുതിയ 'വണ്‍ പേജ് ബ്രാന്‍ഡിംഗ് പ്ലാന്‍' എന്ന ബുക്കില്‍
brand building
Published on

വണ്‍ പേജ് ബ്രാന്‍ഡിംഗ് പ്ലാന്‍ (OPBP). ഞാനെഴുതിയ പുതിയ ബുക്കാണിത്. ഇതിന് തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച 'മേക്ക് യുവര്‍ ബ്രാന്‍ഡ് റോര്‍' ഒരു ബ്രാന്‍ഡായി ചിന്തിക്കൂ എന്ന ഉണര്‍ത്തു വിളിയായിരുന്നുവെങ്കില്‍, ഒരു ബ്രാന്‍ഡിനെപ്പോലെ പ്രവര്‍ത്തിക്കാന്‍ എല്ലാ ദിവസവും നിങ്ങളെ സഹായിക്കുന്ന ഒരു സംവിധാനമാണ് OPBP. നിങ്ങളുടെ വിഷന്‍ നടപ്പാക്കാനുള്ള വിശദമായ ഒരു 'ആക്ഷന്‍ പ്ലാന്‍'. അതും, സ്ഥാപകരെയും ടീമിനെയും അനാവശ്യമായ കമ്മിറ്റികളില്‍ കുരുക്കിയിടാതെയും അവര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാതെയും.

ഒരു പേജില്‍? അതേ, ഒരു പേജ് മാത്രം- ആറ് ഭാഗങ്ങളുള്ള, വളരെ വ്യക്തമായ ഒരു കാന്‍വാസാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. നിങ്ങളുടെ ആശയം ഫലപ്രാപ്തിയിലെത്തിക്കാന്‍ മാര്‍ഗദര്‍ശിയാകുന്ന ഒരു കാന്‍വാസ്. ഇന്നത്തെ കാലത്ത് ബിസിനസില്‍ ഏറ്റവും കുറവുള്ളത് ഉപഭോക്തൃ ശ്രദ്ധയാണ്. ആരാണോ വ്യക്തമായ പ്ലാനോടെ പ്രവര്‍ത്തിക്കുന്നത്, അവരാണ് ഇക്കാര്യത്തില്‍ വിജയിക്കുന്നത്.

അല്ലാതെ വലിയ കോലാഹലമുണ്ടാക്കുന്നവരല്ല. ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു ബ്രാന്‍ഡ് വളര്‍ത്താന്‍ ഇന്ന് വലിയ ബജറ്റ് നീക്കിവെയ്ക്കേണ്ടതിന്റെ ആവശ്യമില്ല. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ പഴയ രീതികളെല്ലാം ഉടച്ചുകഴിഞ്ഞു. കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന കമ്പനികള്‍ക്ക് മാത്രം ശ്രദ്ധ ലഭിച്ചിരുന്ന കാലവും മാറി. ഇപ്പോള്‍ കേരളത്തിലെ ഒരു സുഗന്ധവ്യഞ്ജന വ്യാപാരിക്കോ ടെക്‌സ്‌റ്റൈല്‍ രംഗത്തെ സംരംഭകനോ ആഗോളതലത്തില്‍ ശ്രദ്ധ നേടാനും വന്‍കിട ബ്രാന്‍ഡുകളോട് മത്സരിക്കാനും വ്യത്യസ്തമായ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും മറ്റ് ഡിജിറ്റല്‍ ക്യാമ്പെയ്‌നുകളും മതി.

അതിനാവശ്യമായ കാര്യങ്ങള്‍ നിങ്ങളുടെ കയ്യില്‍ തന്നെയുണ്ട്- സംരംഭം തുടങ്ങിയ കഥ, ഉപഭോക്താക്കളെക്കുറിച്ചുള്ള അറിവ്, നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള കഴിവ് എന്നിവയാണവ. ബ്രാന്‍ഡിംഗിലൂടെയുള്ള ഈ അവസരങ്ങള്‍ കയ്യെത്തിപ്പിടിക്കാനാണ് OPBP നിങ്ങളെ സഹായിക്കുന്നത്. റിസര്‍ച്ച്, പൊസിഷനിംഗ്, ഐഡന്റിറ്റി, കോപ്പി, കഥകള്‍, ക്യാമ്പെയ്ന്‍, ബജറ്റ്, കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എന്നിങ്ങനെ നൂറായിരം കാര്യങ്ങളുണ്ട് ബ്രാന്‍ഡ് ബില്‍ഡിംഗില്‍. ഇതെല്ലാം ആറ് ഭാഗങ്ങളായി വിഭജിച്ച്, വളരെ പ്രാക്ടിക്കലായ ഒരു റോഡ് മാപ്പുണ്ടാക്കുകയാണ് OPBP ചെയ്യുന്നത്. ബ്രാന്‍ഡ് കണ്‍ഫ്യൂഷനില്‍ നിന്നും ബ്രാന്‍ഡ് കോണ്‍ഫിഡന്‍സിലേക്കുള്ള വഴി.

ഒരു പേജ്, ആറ് ബ്ലോക്കുകള്‍

1 ആശയരൂപീകരണം

എന്താണ് നിങ്ങളുടെ മനസിലുള്ളതെന്ന് കൃത്യമായി നിര്‍വചിക്കുക. ഇനി നടക്കാന്‍ പോകുന്ന എല്ലാ കാര്യങ്ങള്‍ക്കും വേണ്ട വേദിയൊരുക്കുകയാണ് ഇവിടെ. ആരാണ് നിങ്ങള്‍, എന്താണ് ലക്ഷ്യം എന്നൊക്കെയുള്ള കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും. അവ്യക്തവും ചിതറിക്കിടക്കുന്നതുമായ വിഷന് ഫോക്കസും ലഭിക്കും. നിങ്ങള്‍ക്ക് വ്യക്തത നല്‍കുന്നതാണ് ഈ ഭാഗം.

2. ഡിസൈന്‍

ബ്രാന്‍ഡിന് ശ്രദ്ധ നേടിക്കൊടുക്കണം, വ്യക്തത വേണം, ആളുകളുടെ ഓര്‍മയില്‍ നില്‍ക്കണം. ലോഗോ മാത്രമല്ല ഡിസൈന്‍, ഇത് നിങ്ങളുടെ ബ്രാന്‍ഡിന്റെ സമ്പൂര്‍ണമായ ഐഡന്റിറ്റിയാണ്. എല്ലാ ബോധ-ഭാവ തലങ്ങളിലുമെത്തുന്ന ഐഡന്റിറ്റി. ആരും എവിടെയും തിരിച്ചറിയുന്ന രീതിയില്‍ ബ്രാന്‍ഡിന് രൂപം നല്‍കുന്നതിനെക്കുറിച്ചാണ് ഈ ഭാഗം. ഇതിലൂടെ ബ്രാന്‍ഡ് പേഴ്‌സണാലിറ്റി എന്ന അവ്യക്തമായ ആശയത്തെ, ഉപഭോക്താക്കള്‍ക്ക് കാണാനും കേള്‍ക്കാനും അനുഭവിക്കാനും കഴിയുന്ന ഒന്നാക്കി മാറ്റാം.

3 സ്ട്രാറ്റജി/പ്രവര്‍ത്തന തന്ത്രം

അപരിചിതരെ കൂട്ടാളികളാക്കുക. നിങ്ങളുടെ ബ്രാന്‍ഡ് എന്താണ്? എങ്ങനെ ഉപഭോക്താക്കളിലേക്കെത്താം? ഈ രണ്ട് കാര്യങ്ങള്‍ക്കിടയിലുള്ള പാലമാണ് സ്ട്രാറ്റജി എന്ന ഈ ബ്ലോക്ക്. ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും വിശ്വാസം വളര്‍ത്താനും ഈ ബ്രാന്‍ഡിലേക്ക് കൂറുമാറ്റാനും വേണ്ട കാര്യങ്ങള്‍ക്ക് വ്യക്തമായ ചിത്രം നല്‍കി, സങ്കീര്‍ണമായ മാര്‍ക്കറ്റിംഗ് പ്ലാനുകള്‍ ലളിതമാക്കാനും ഇത് സഹായിക്കും. ഒരു ബന്ധവുമില്ലാത്ത നിരവധി കാര്യങ്ങള്‍ക്ക്

പകരം കൃത്യമായി പ്ലാന്‍ ചെയ്ത് മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ അപരിചിതരായവരില്‍ നിന്ന് നിങ്ങളോട് കൂറുള്ള ഉപഭോക്താക്കളെ നേടാം.

കമ്മ്യൂണിക്കേഷന്‍, കണ്‍സിഡറേഷന്‍, കണ്‍വേഷന്‍ എന്നിങ്ങനെ തരംതിരിക്കുന്നതുകൊണ്ട് OPBPയിലെ സ്ട്രാറ്റജി തികച്ചും പ്രാക്ടിക്കലാണ്.

4. സ്റ്റോറി ടെല്ലിംഗ്/ കഥ പറച്ചില്‍

കഥകള്‍ ഉപഭോക്താക്കളുടെ മനസില്‍ തൊടുകയും എന്നും അവരുടെ ഓര്‍മയിലുണ്ടാകുകയും ഈ ബ്രാന്‍ഡിലേക്ക് വീണ്ടും വീണ്ടും വരാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. Facts tell, but stories sell എന്നതാണ് സത്യം. ബ്രാന്‍ഡിനെക്കുറിച്ചുള്ള കാര്യങ്ങളേക്കാള്‍ കഥകളാണ് എപ്പോഴും 'ആക്ഷനി'ലെത്തുന്നത്. ബ്രാന്‍ഡിന്റെ മൂല്യങ്ങള്‍, അതിന്റെ പ്രയോജനങ്ങള്‍, മിഷന്‍ എന്നിവയെല്ലാം ഉപഭോക്താക്കള്‍ ഓര്‍ത്തുവെയ്ക്കുകയും പങ്കിടുകയും ചെയ്യുന്ന മികച്ച കഥകളാക്കി മാറ്റുന്നതെങ്ങനെയെന്ന് മനസിലാക്കാം.

നിങ്ങളുടെ ബ്രാന്‍ഡിനൊരു മാനുഷിക തലം നല്‍കി, ഉപഭോക്താക്കളെ വൈകാരികമായി സ്വാധീനിക്കണം- കാരണം, ബ്രാന്‍ഡിംഗില്‍ അറിവല്ല അനുഭവമാണ് പ്രധാനം. ഉപഭോക്താവിന്റെ ശ്രദ്ധയില്‍ പെടുന്നത് വലിയൊരു വെല്ലുവിളിയായ ഇന്നത്തെ സാഹചര്യത്തില്‍ കഥകള്‍ തന്നെയാണ് നിങ്ങള്‍ പയറ്റേണ്ട തന്ത്രം.

5. ബജറ്റ്

ചെലവുകള്‍ സ്മാര്‍ട്ടായി നിയന്ത്രിച്ച് പ്ലാന്‍ മുന്നോട്ടു കൊണ്ടുപോകണം. ബ്രാന്‍ഡിംഗ് തന്ത്രങ്ങളെ തകര്‍ക്കാനും ബജറ്റിന് കഴിയും. നിങ്ങളുടെ റിസോഴ്‌സുകള്‍ കൃത്യമായി വകയിരുത്താനും ചെലവാക്കുന്ന ഓരോ രൂപയും നിങ്ങളെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണെന്ന് ഉറപ്പുവരുത്താനുമുള്ള ഭാഗമാണിത്. റിസള്‍ട്ട് ലഭിക്കാത്ത കാര്യങ്ങളില്‍ പണം മുടക്കാതെ, കൂടുതല്‍ പണം ചെലവാക്കാത്തപ്പോഴും പ്ലാന്‍ ചെയ്തതു പോലെ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ ഇതിലൂടെ കഴിയും.

6. നിര്‍വഹണം

ബ്രാന്‍ഡുകള്‍ വിജയിക്കുന്നത് (അല്ലെങ്കില്‍ പരാജയപ്പെടുന്നത്) ഇവിടെയാണ്. എല്ലാ പ്ലാനിംഗും ഫലമുണ്ടാക്കേണ്ട സ്ഥലമെത്തി. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ക്കുള്ള കൃത്യമായ രൂപം നമ്മുടെ പേജിന്റെ അവസാന ഭാഗത്തുണ്ട്. സമയപരിധികള്‍, ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യേണ്ട സമയം എന്നിവയെല്ലാം നിശ്ചയിക്കണം. പേപ്പറിലെ പ്ലാനിംഗില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് എത്തുകയാണ് നിങ്ങളുടെ ബ്രാന്‍ഡ്.

ആശയങ്ങളല്ല, കൃത്യമായ നിര്‍വഹണമാണ് ഒരു ബ്രാന്‍ഡിനെ സൃഷ്ടിക്കുന്നത്. യഥാസമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യുന്ന, പുതിയ കാര്യങ്ങള്‍ പഠിക്കുന്ന, മാര്‍ക്കറ്റ് മാറുന്നതിന് മുമ്പേ തന്നെ കൂടുതല്‍ മികവ് നേടുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ഇനി നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. ഒന്നാലോചിച്ചു നോക്കൂ. വളരെ മൂല്യമേറിയ ഒരു ബ്രാന്‍ഡാണ് നിങ്ങള്‍ കെട്ടിപ്പടുക്കുന്നത്- വില പ്രീമിയം റേഞ്ചില്‍, എന്നും കൂടെ നില്‍ക്കുന്ന ഉപഭോക്താക്കള്‍, മത്സരത്തില്‍ എന്നും മുന്‍തൂക്കവും.

നിങ്ങളുടെ എതിരാളികളുടെ സ്ഥിതിയോ? വിലയുടെ കാര്യത്തില്‍ ഇപ്പോഴും വെല്ലുവിളി, മാര്‍ജിന്‍ തീരെയില്ലാതാക്കുന്ന ഡിസ്‌കൗണ്ട് പോരാട്ടങ്ങള്‍... കൂടാതെ പല കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ തമ്മില്‍ വേര്‍തിരിവുമില്ല. ഉയര്‍ന്ന വിലയുടെ കാര്യത്തില്‍ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ലാത്ത, ഉപഭോക്താക്കള്‍ വിലകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ തേടിപ്പോകുമെന്ന് പേടിക്കേണ്ടാത്ത ഒരു സാഹചര്യം ഭാവനയില്‍ കാണൂ. നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക മാത്രമല്ല, അവയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഉപഭോക്താക്കളെ ഉണ്ടാക്കുക. ഇതിലൂടെ മാര്‍ക്കറ്റിംഗിന്റെ ചെലവ് കുറയുകയും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിക്കുകയും ചെയ്യും. നിങ്ങളുടെ സംരംഭവും ഉല്‍പ്പന്നവും ഒരു ബ്രാന്‍ഡായി മാറുമ്പോഴുള്ള വ്യത്യാസം ഇതാണ്.

വെറുമൊരു ബിസിനസ് ബുക്കല്ല One Page Branding Plan. മാര്‍ക്കറ്റില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ സഹായിക്കുന്ന തന്ത്രഗ്രന്ഥമാണിത്. ഇതിലുള്ളത് മാര്‍ക്കറ്റ് യുദ്ധങ്ങള്‍ ജയിച്ച അറിവുകളും വളരെ പ്രാക്ടിക്കലായ മാര്‍ഗങ്ങളുമാണ്. പിന്നെ, നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ നടപ്പില്‍ വരുത്താന്‍ കഴിയുന്ന ഒരുപിടി കാര്യങ്ങളും.

ഒറ്റയ്ക്ക് ഒരു സംരംഭം പടുത്തുയര്‍ത്തുകയാണോ? അതോ ഒരു ടീമിനെ വളര്‍ത്തുകയാണോ? പുതിയൊരു ബിസിനസാണോ തുടങ്ങുന്നത്, അല്ലെങ്കില്‍ പഴയ കമ്പ

നിയെ റീപൊസിഷന്‍ ചെയ്യുകയാണോ? എന്തുതന്നെയായാലും, നിങ്ങള്‍ക്ക് വ്യക്തതയും ആത്മവിശ്വാസവും നല്‍കാന്‍ ഈ ബുക്കിന് കഴിയും. എന്നും എവിടെയും മുന്നിട്ടുനില്‍ക്കുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാനും.

രാജ്യാന്തര തലത്തില്‍ ഏറെ അറിയപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനും ബിസിനസ് സ്ട്രാറ്റജിസ്റ്റുമാണ് പോള്‍ റോബിന്‍സണ്‍. ലീഡര്‍ഷിപ്പ്, ക്രിയേറ്റിവിറ്റി, ഇന്നൊവേഷന്‍ എന്നിവയെ കുറിച്ച് പ്രഭാഷണങ്ങളും രചനകളും ഇദ്ദേഹം നടത്തുന്നു. E-mail: robinosn@paulrobinson.in.

ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com