ജെഫ് ബെസോസ് പറയുന്നു, ശരിക്കും സ്മാർട്ട് ആയ ആളുകൾ ഇങ്ങനെയിരിക്കും!
സ്മാർട്ട് ആയ ആളുകൾ എങ്ങനെയിരിക്കുമെന്നതിനെക്കുറിച്ച് ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും.ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് ഈയിടെ 'ബേസ്ക്യാംപ്' എന്ന കമ്പനിയുടെ ആസ്ഥാനം സന്ദർശിക്കുന്നതിനിടയിൽ സ്മാർട്ട് ആയ ആളുകളുടെ ലക്ഷണങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി.
ഏറ്റവും സ്മാർട്ട് ആയവർ എപ്പോഴും ശരിയായ തീരുമാനം എടുക്കും, അല്ലേ? എന്നാൽ ബെസോസിന്റെ അഭിപ്രായത്തിൽ ആ ശരിയായ തീരുമാനത്തിലേക്ക് എത്തുന്നതിന് മുൻപ് പല തവണ തെറ്റുകൾ വരുത്തുന്നവരാണ് ഏറ്റവും സ്മാർട്ട് ആയ ആളുകൾ.
'സ്ഥിരതയാർന്ന ചിന്തകൾ' അത്ര നല്ല കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ശരിയായ തീരുമാനം എടുക്കുന്ന പലരും അതിനുമുൻപ് പല തവണ തീരുമാനങ്ങൾ മാറ്റിയിട്ടുണ്ടാകും. പുതിയ അറിവ് സ്വീകരിക്കുകയും സ്വന്തം കാഴ്ചപ്പാടുകളെ പുനഃപരിശോധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ തീരുമാനങ്ങൾ മാറി മറിയുന്നത്.
വിമർശനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കുകയും അവരുടെ തന്നെ ആശയങ്ങളിലെ പാളിച്ചകൾ കണ്ടെത്തുകയും അതിനെ തിരുത്താൻ തയാറാക്കുകയും ചെയ്യുമ്പോഴാണ് തീരുമാനങ്ങൾ മാറുന്നത്.
'ഒരാൾ എപ്പോഴും ശരിയാവണമെന്നില്ല' എന്ന് മനസിലാക്കാൻ കഴിവുള്ളവരാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ഐ.ക്യൂ ഉള്ള ആളുകൾ.
ചില ടീം ലീഡർമാർ അവരുടെ തീരുമാനങ്ങളെ പുനഃപരിശോധിക്കാൻ ഒട്ടും തയ്യാറാകാത്തവരാണ്. മറ്റു ചിലർ സ്വന്തം തീരുമാനങ്ങളിൽ തീരെ വിശ്വാസമില്ലാത്തവരും. ഈ രണ്ടു കൂട്ടരും മറ്റു ജീവനക്കാരെ ആശയക്കുഴപ്പത്തിലാക്കും.
ശരിക്കും സ്മാർട്ട് ആയ ലീഡർ ഈ രണ്ടു കാര്യങ്ങളിലും ഒരു ബാലൻസ് കണ്ടുപിടിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും.