അഞ്ച് വര്‍ഷത്തിനു ശേഷം നിങ്ങള്‍ ബിസിനസില്‍ നിന്ന് പുറത്തായേക്കാം!

വ്യാപാരത്തിന്റെയും ചില്ലറ വില്‍പ്പനയുടെയും കേന്ദ്രമായിരുന്നു ദുബായ് എങ്കില്‍ക്കൂടി പ്രധാന രണ്ട് കാരണങ്ങള്‍ കൊണ്ട് ഇവിടത്തെ റീട്ടെയ്ല്‍ മേഖലയില്‍ ആശങ്കകള്‍ നിറയുകയാണ്. ഉയര്‍ന്ന തലത്തിലുള്ള മത്സരവും ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിന്നുള്ള മല്‍സരവുമാണ് കാരണങ്ങള്‍. ആ പ്രദേശത്തെ റീട്ടെയ്ല്‍ രംഗത്തുള്ള പ്രമുഖരെല്ലാവരും തന്നെ മീറ്റിംഗില്‍ പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ നിന്ന് ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള വെല്ലുവിളികള്‍ തങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് മിക്ക സംരംഭകരും സമ്മതിച്ചുവെങ്കില്‍ കൂടിയും ഈ മേഖല സ്ഥായിയായ പൊളിച്ചെഴുത്തിലേക്കാണ് നീങ്ങുന്നതെന്ന കാര്യം അംഗീകരിക്കുന്നതില്‍ മടികാണിക്കുന്നു.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ ആഘാതം എങ്ങനെ കുറയ്ക്കാം അല്ലെങ്കില്‍ ഓണ്‍ലൈന്‍ വില്‍പ്പനക്കാരോട് പരമ്പരാഗത റീട്ടെയ്ല്‍ വില്‍പ്പനക്കാര്‍ക്ക് എങ്ങനെ മല്‍സരിക്കാം എന്ന കാര്യങ്ങളാണ് മിക്ക സംരംഭകരും ചര്‍ച്ച ചെയ്തത്. ഇത് എല്ലാ വ്യവസായ മേഖലകളിലും സംഭവിക്കുന്ന കാര്യമാണ്. ബിസിനസില്‍ തളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് മിക്ക ബിസിനസ് ഉടമകളും പരാതിപ്പെടുന്നു. അതിന് അവര്‍ സാമ്പത്തിക മേഖലയുടെ മേല്‍ പഴിചാരുന്നു. സാമ്പത്തിക മാന്ദ്യം പോലുള്ള വലിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

എന്നിരുന്നാലും അവശ്യ വസ്തുക്കളുടെയാകട്ടെ ആഡംബര ഉല്‍പ്പന്നങ്ങളുടെയോ സേവനത്തിന്റെയോ ആകട്ടെ ഉപഭോഗം കൂടിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും എതിരാളി എന്ന ദൃശ്യമായ ശക്തിയെക്കുറിച്ച് വളരെ അവബോധമുള്ളവരാണ്. പക്ഷെ ഇപ്പോഴത്തെ സാങ്കേതിക യുഗത്തില്‍ നിങ്ങളുടെ അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളായിരിക്കില്ല നിങ്ങളുടെ എതിരാളികള്‍. പലപ്പോഴും നിങ്ങളുടെ വ്യവസായ മേഖലയുടെ പുറത്തുനിന്നാകാം മല്‍സരം വരുന്നത്.

കാനണ്‍, നിക്കോണ്‍ എന്ന കമ്പനികള്‍ക്ക് സ്വന്തം മേഖലയുടെ ഉള്ളില്‍ നിന്നല്ല മല്‍സരം ഉണ്ടായത്. അവരുടെ വിപണി മൊബീല്‍ കാമറകള്‍ കൈയടക്കുകയായിരുന്നു. കഴിഞ്ഞ 2-3 വര്‍ഷത്തെ അപേക്ഷിച്ച് വിമാനയാത്ര നടത്തുന്നവരുടെ എണ്ണം 100 ശതമാനത്തിനു മേല്‍ വളരുകയാണ്. എന്നാല്‍ എയര്‍ ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. 'മ്യൂസിക് വേള്‍ഡ്' തങ്ങളുടെ ബിസിനസ് അടച്ചുപൂട്ടിയത് മറ്റൊരാള്‍ അതിനേക്കാള്‍ വലുതും മികച്ചതുമായ മ്യൂസിക് സ്റ്റോറുമായി വന്നതുകൊണ്ടല്ല. പകരം ആളുകള്‍ സൗജന്യമായി പാട്ടുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതുകൊണ്ടാണ്.

തങ്ങളുടെ ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ സംരംഭകര്‍ 'ഈ ബിസിനസ് അഞ്ചു വര്‍ഷത്തിനു ശേഷം എവിടെ എത്തും' എന്ന് എന്നോട് ചോദിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ അത് പ്രവചിക്കുക എളുപ്പമല്ല. ഒരു സംരംഭകന്‍ എല്ലായ്‌പ്പോഴും തന്റെ കണ്ണും കാതും തുറന്നുപിടിക്കേണ്ടത് വളരെ നിര്‍ണായകമാണ്. ഇതു കൂടാതെ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തേക്ക് ചിന്തിക്കുന്നതിനുള്ള കഴിവും (ലാറ്ററല്‍ തിങ്കിംഗ്) വളര്‍ത്തിയെടുക്കണം. ബിസിനസുമായി ബന്ധപ്പെട്ട ധാരാളം പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ പ്രശ്‌നങ്ങളുടെ ഉള്ളിലിരുന്നാകും (വെര്‍ട്ടിക്കല്‍ തിങ്കിംഗ്) ചിന്തിക്കുക.

പുതുമ കണ്ടെത്തുക

ദുബായില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി നടത്തുന്ന ഒരു സംരംഭകന്‍ എന്റെയടുത്ത് കോച്ചിംഗിന് എത്തി. കടുത്ത മല്‍സരം കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍ച്ച നേരിടുന്ന ബിസിനസിനെ ലാഭത്തിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മൂന്നാമത്തെ സിറ്റിംഗില്‍ തന്നെ ഒരു പുതുമയാര്‍ന്ന ബിസിനസ് മാതൃകയുമായി വരാനുള്ള പ്രചോദനം നല്‍കാന്‍ എനിക്കു സാധിച്ചു. മുന്‍നിരയിലുള്ള ഒരു ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയുടെ ബിസിനസ് മോഡല്‍ പഠിക്കാന്‍ ഞാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കി. ആ മോഡല്‍ അദ്ദേഹം സ്വീകരിക്കുകയും തന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ബിസിനസിന് യോജിച്ച രീതിയില്‍ അതിനെ മാറ്റിയെടുത്ത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പിന്നീട് സംഭവിച്ചത് ചരിത്രം.

ഒരു സംരംഭകന്‍ ഇന്നവേറ്റര്‍ അഥവാ പുതുമ കണ്ടെത്തുന്ന ആള്‍ ആയിരിക്കണം. ഒരിക്കല്‍ മാത്രമല്ല എപ്പോഴും പുതുമ കണ്ടെത്തിക്കൊണ്ടിരിക്കണം. ബിസിനസില്‍ നിന്ന് മാറിനിന്ന് ചിന്തിക്കുമ്പോഴാണ് ചട്ടക്കൂടുകള്‍ പൊളിച്ചു മുന്നേറാന്‍ കഴിവുള്ള മികവുറ്റ ആശയങ്ങള്‍ ജനിക്കുന്നത്.

സജീവ് നായര്‍- സീരിയല്‍ എന്‍ട്രപ്രണറും ലൈഫ് കോച്ചും ഗ്രന്ഥകാരനുമാണ് . ബിസിനസ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ വ്യത്യസ്ത ബിസിനസ് മേഖലകളിലെ 200ല്‍ അധികം ചെറുകിട, ഇടത്തരം സംരംഭങ്ങളോടൊത്ത് പ്രവര്‍ത്തിച്ച അനുഭവസമ്പത്ത് ആധാരമാക്കിയാണ് ഈ ലേഖന പരമ്പര. ബിസിനസ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സിന്റെ ചീഫ് മെന്റര്‍ കൂടിയാണ് ലേഖകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sajeevnair.com സന്ദര്‍ശിക്കുക.

Related Articles
Next Story
Videos
Share it