ഒരു രൂപ പോലും ചെലവില്ല, ചക്ക കൊണ്ട് മുജീബ് നേടുന്നത് ലക്ഷങ്ങള്‍

വീട്ടുപറമ്പില്‍ ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞു വീഴുന്ന ചക്ക എന്ത് ചെയ്യുമെന്ന ചിന്തയില്‍ തുടങ്ങിയ സംരംഭം, സ്വന്തം പരീക്ഷണങ്ങളും പ്രയത്‌നവുമായി കരുനാഗപ്പള്ളി സ്വദേശിയായ മുജീബ് ചക്കയുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന രംഗത്തേക്ക് കാലെടുത്തുവെച്ചപ്പോള്‍ രചിച്ചത് തന്റെ ജീവിതത്തിന്റെ വിജയകഥയായിരുന്നു. ഒപ്പം ലഭിച്ചത് പ്രവാസ ജീവിതത്തില്‍നിന്ന് രക്ഷ നേടാനുള്ള അവസരവും. ഇപ്പോള്‍ 40 ഓളം രുചിയൂറും ഉല്‍പ്പന്നങ്ങളാണ് കാച്ചൂസ് എന്ന സ്ഥാപനത്തിലൂടെ മുജീബ് വിപണിയിലെത്തിക്കുന്നത്. അതില്‍ ചക്കപ്പൊടി മുതല്‍ ചക്കക്കാപ്പി വരെ ഉള്‍പ്പെടും.

നിക്ഷേപം പൂജ്യം രൂപ
തങ്ങളുടെ ഉല്‍പ്പന്നത്തിന്റെ പ്രധാന ഘടകമായ ചക്ക സുലഭമായതിനാല്‍ തന്നെ തുടക്കത്തില്‍ ഈ സംരംഭത്തിന് ഒരു രൂപ പോലും നിക്ഷേപം വേണ്ടി വന്നില്ലെന്നാണ് മുജീബ് പറയുന്നത്. ''ഒരു രൂപ പോലും നിക്ഷേപം വേണ്ടി വന്നിട്ടില്ല. വീട്ടുപറമ്പില്‍ വീണ് നശിച്ചുപോകുന്ന ചക്കയെന്ത് ചെയ്യുമെന്ന ചോദ്യത്തില്‍നിന്ന് വന്ന ആശയമാണ് ഈ സംരംഭം. ആദ്യം വീട്ടുപറമ്പിലെ ചക്കയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് സമീപത്തെ വീടുകളില്‍നിന്നും ചക്ക വാങ്ങാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍നിന്ന് ലഭിച്ച വരുമാനങ്ങള്‍ പിന്നീട് ചെറിയ രീതിയില്‍ ഉപകരണങ്ങള്‍ വാങ്ങാനൊക്കെ നിക്ഷേപിക്കുകയായിരുന്നു. ബിസിനസ് വളരുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തുക വരുമാനത്തില്‍നിന്ന് തന്നെയാണ് കണ്ടെത്തിയത്'' മുജീബ് ധനത്തോട് പറഞ്ഞു.


തുടക്കത്തില്‍ ചക്കപ്പൊടി ഉല്‍പ്പാദനത്തില്‍ മാത്രമായിരുന്നു മുജീബ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കേക്ക്, അച്ചാര്‍, മുറക്ക്, പക്കവട, പായസം, പുട്ട് പൊടി, അലുവ, ചപ്പാത്തി പൊടി, ലഡു തുടങ്ങി 40 ഓളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ഇന്ത്യക്കകത്തും പുറത്തും വിപണി
ചക്കയുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന രംഗത്തേക്ക് കടന്നുവരുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളര്‍ച്ചയാണ് മുജീബിന് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നേടാനായത്. ഇതിന്റെ പ്രധാന കാരണം ചക്കയുല്‍പ്പന്നങ്ങളുടെ ഡിമാന്റാണെന്ന് മുജീബ് പറയുന്നു. ''നിലവില്‍ കാച്ചൂസില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള വിപണികളില്‍ ലഭ്യമാണ്. കൂടാതെ, പ്രദര്‍ശന മേളകളും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ഗമാണ്. ഇത്തരം മേളകളിലൂടെ ഉപഭോക്താക്കളെ നമുക്ക് നേരിട്ട് ലഭിക്കും'' ചക്കയുല്‍പ്പന്നങ്ങളുടെ വിപണ സാധ്യതകളെ കുറിച്ച് മുജീബ് പറഞ്ഞു.
പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ
വിവിധ ചക്കയുല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ ലക്ഷങ്ങളാണ് മുജീബ് നേടുന്നത്. പ്രതിമാസവും 1-2 ലക്ഷം രൂപയുടെ വില്‍പ്പന ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ വില്‍പ്പനയുണ്ട്. എങ്ങനെയൊക്കെയാണെങ്കിലും ചുരുങ്ങിയത് ഒരു ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ സുഗമമായി വില്‍ക്കാന്‍ പറ്റുന്നതാണെന്ന് മുജീബ് പറയുന്നു.
നിലവില്‍ 30 ഓളം പേരാണ് മുജീബിന്റെ കാച്ചൂസില്‍ ജോലി ചെയ്യുന്നത്. ഒരു സംരംഭത്തിലൂടെ ഇത്രയും പേര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുന്നതിന്റെ സന്തോഷവും മുന്‍പ്രവാസിയായ മുജീബിന് ഇന്നുണ്ട്.



Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it