'കുരങ്ങന്റെ സ്വഭാവം' പോലെ സ്ഥാപനത്തിന്റെ സംസ്‌കാരവും! സംരംഭകര്‍ തിരിച്ചറിയേണ്ട ചില കാര്യങ്ങള്‍

ചിലര്‍ നമ്മിലേക്ക് ഊര്‍ജം പകരുകയും മറ്റു ചിലര്‍ നമ്മളെ വിഷണ്ണരാക്കുകയും ചെയ്യും. ഇക്കാര്യം സ്ഥാപനത്തെ നയിക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എന്തുപറ്റും?
image to represent
Image: Canva
Published on

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ പ്രയാസമേറിയ ചില അനുഭവങ്ങളിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നു. ആ ദിവസങ്ങളിലൊന്നില്‍ എന്റെ അമ്മയെ കാണാന്‍ ഒരു പഴയ സുഹൃത്ത് വന്നു. അവരുടെ മകന്‍ വളരെ സരസനും ഊര്‍ജസ്വലനുമായിരുന്നു. അവന്‍ ഞങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിച്ച ശേഷം തിരിച്ചുപോയി. അദ്ദേഹവുമായുള്ള സംഭാഷണങ്ങളും ഇടപെടലുകളും എന്റെ മാനസികാവസ്ഥയെ വളരെ അനുകൂലമായി മാറ്റുകയും ഊര്‍ജസ്വലനാക്കുകയും ചെയ്തു.

നേരെ മറിച്ചുള്ള അനുഭവങ്ങളും നമുക്കൊക്കെ ജീവിതത്തില്‍ ഉണ്ടായിക്കാണും. ചിലരോട് ഇടപെട്ട് കഴിയുമ്പോള്‍ നമ്മുടെ ഊര്‍ജം നഷ്ടപ്പെടുന്ന പോലെയും മറ്റേയാളിലുള്ള വിഷാദ ഭാവം നമ്മളിലേക്ക് വന്നതുപോലെ തോന്നുകയും ചെയ്യാറുണ്ട്. ജോലി സ്ഥലത്താവട്ടെ, സാമൂഹ്യ-കുടുംബ വ്യാവഹാരങ്ങളിലാവട്ടെ നമ്മളോടിടപെടുന്ന ഓരോരുത്തരുടെയും വികാരങ്ങളും മാനസിക നിലകളും നമ്മുടെ മാനസിക അവസ്ഥയെ അനുകൂലമായും പ്രതികൂലമായും ബാധിക്കാറുണ്ട്. പലപ്പോഴും ഇവരുടെ ചേഷ്ടകളും വികാരപ്രകടനങ്ങളും നാം അറിയാതെ നമ്മുടെ ഉള്ളിലേക്ക് ആഗിരണം ചെയ്യുകയും അനുകരിക്കുകയും ചെയ്യാറുണ്ട്. ഇതിനെ ശാസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍ നമ്മള്‍ മിറര്‍ ന്യൂറോണുകള്‍ എന്ന അറിവിന്റെ ലോകത്തേക്ക് എത്തിച്ചേരും.

എന്താണ് മിറര്‍ ന്യൂറോണുകള്‍?

1990കളില്‍ ഇറ്റലിയിലെ University of Parmaയില്‍ ന്യൂറോളജിസ്റ്റായ Giacomo Rizzolattiയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലൂടെ കണ്ടുപിടിക്കപ്പെട്ട ശാസ്ത്രീയ വിജ്ഞാനമാണ് മിറര്‍ ന്യൂറോണുകള്‍.

ഒരു വ്യക്തി സ്വയം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ മറ്റൊരാളുടെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ കാണുകയോ ചെയ്യുന്ന വേളകളില്‍ അയാളുടെ മസ്തിഷ്‌കത്തിനകത്ത് വികാരങ്ങള്‍ ഉളവാകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ന്യൂറോണ്‍ കൂട്ടങ്ങളെയാണ് മിറര്‍ ന്യൂറോണ്‍ എന്ന് വിളിക്കുന്നത്.

മനുഷ്യന്റെ പൂര്‍വികര്‍ എന്ന് പറയപ്പെടുന്ന ആള്‍ക്കുരങ്ങിലും മറ്റ് കുരങ്ങുകളിലുമാണ് ഇവയെ വളരെ പ്രകടമായി കാണാവുന്നത്. പലപ്പോഴും നമ്മുടെ സ്വന്തം നിയന്ത്രണത്തിലാണ് എന്ന് നാം കരുതുന്ന നമ്മുടെ തന്നെ പ്രതികരണങ്ങളും വൈകാരിക ഭാവങ്ങളും നാം പോലും അറിയാതെ മറ്റൊരാളുടേതു നാം അനുകരിക്കുകയാണ് എന്നതാണ് സത്യം. ഒരു സംരംഭത്തിലെ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കങ്ങളിലും ആശയവിനിമയങ്ങളിലും ഈ അറിവ് പ്രായോഗികമാമാക്കാന്‍ കഴിയും.

ഒരു സ്ഥാപനത്തിന്റെ മനസ്/സംസ്‌കാരം രൂപപ്പെടുന്നത് അതിന്റെ പ്രധാനപ്പെട്ട സാരഥിയുടെ/സാരഥികളുടെ ആശയങ്ങളുടെയും വ്യക്തിത്വത്തിന്റെയും ദര്‍ശനങ്ങളുടെയും ഒരു വിപുലീകരണം (extension) എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ അവരില്‍ ഉണ്ടാകുന്ന വികാരവിചാരങ്ങളും അതിന്റെ പ്രകടനങ്ങളും ആ സ്ഥാപനത്തിലുള്ള മറ്റുള്ളവരിലേക്ക് വളരെ പെട്ടെന്ന് സംക്രമിക്കുന്നതായി നമുക്ക് കാണാം.

ടോപ് മാനേജ്മെന്റ് ടീമിലുള്ള ആളുകള്‍ക്ക് അതിന്റെ താഴേത്തട്ടിലുള്ള മിഡില്‍ മാനേജ്മെന്റിലേക്കും അതുപോലെതന്നെ മിഡില്‍ മാനേജ്മെന്റിന് അതിന്റെ കീഴിലുള്ള ജീവനക്കാരിലേക്കും ഈ സ്വാധീനം ശക്തമായി നിലനില്‍ക്കുന്നതായി കാണാം. ഇതിനുപുറമെ ഓരോ തലത്തിലുള്ള സഹപ്രവര്‍ത്തകര്‍ തമ്മിലും ഈ സ്വാധീനം നിലനില്‍ക്കുന്നുണ്ട്.

ഈ ശാസ്ത്രീയമായ അറിവിനെ പ്രായോഗികതലത്തില്‍ ഒരു സ്ഥാപനത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ട ചില നിര്‍ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

  • സ്ഥാപനത്തിന്റെ നേതൃത്വം വഹിക്കുന്ന സംരംഭകര്‍ ജീവനക്കാരോടും ഉപഭോക്താക്കളോടും സേവനദാതാക്കളോടും ഇടപെടുമ്പോള്‍ സ്ഥാപനത്തിന്റെ സംസ്‌കാരത്തോടും ലക്ഷ്യങ്ങളോടും യോജിക്കുന്ന ശരീരഭാഷയും ഭാവങ്ങളും പ്രകടമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉദാഹരണത്തിന്: ഉപഭോക്താവിന് നല്ല അനുഭവം ജീവനക്കാരിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാപന ഉടമ ജീവനക്കാരോട് വളരെ പരിഷ്‌കൃതമായും പക്വമായും ഇടപെടേണ്ടതാണ്.

  • ഓരോ വകുപ്പിനും  വ്യത്യസ്തമായ വൈദഗ്ധ്യവും ശരീരഭാഷയും ഊര്‍ജവുമാണ് ഉണ്ടാവുക.

ഉദാഹരണത്തിന്: എക്കൗണ്ടിംഗ് വകുപ്പിലുള്ള ഒരാളുടെ ശരീരഭാഷയോ കാഴ്ചപ്പാടോ പെരുമാറ്റ രീതികളോ ആയിരിക്കില്ല മാര്‍ക്കറ്റിംഗിനോ കസ്റ്റമര്‍ റിലേഷന്‍സിനോ വേണ്ടിവരിക.

  • ഓരോ വകുപ്പിലേക്കുമുള്ള ജീവനക്കാരെയും മേധാവികളെയും തിരഞ്ഞെടുക്കുമ്പോള്‍ ഒരു ടീമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം മനസിലാക്കി മുന്നോട്ടു പോകാനും പറ്റുന്നവരെയാണ് തിരഞ്ഞെടുക്കേണ്ടത്.

ഉദാഹരണത്തിന്: അനലിറ്റിക്കല്‍ മനസുള്ള ഒരാളെ മാര്‍ക്കറ്റിംഗില്‍ പരീക്ഷിക്കുമ്പോള്‍ ഫലം ഊഹിക്കാവുന്നതാണ്. നിസാരം എന്ന് തോന്നാമെങ്കിലും പല സ്ഥാപനങ്ങളിലും ഈ പൊരുത്തക്കേട് പ്രകടമായി കാണാവുന്നതാണ്.

  • മറ്റുള്ളവരില്‍ പ്രതീക്ഷയും ഉത്സാഹവും പ്രചോദനവും കൊണ്ടുവരേണ്ടത് എങ്ങനെയെന്ന് ഓരോ ടീം ലീഡേഴ്സിനെയും പരിശീലിപ്പിേേക്കണ്ടതാണ്. നിരുത്സാഹപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഇവരില്‍ നിന്നും വരുന്നുണ്ട്. എന്ന് അറിയാനായി നിരന്തര നിരീക്ഷണം അത്യാവശ്യമാണ്.
  • മറ്റുള്ളവരില്‍ നെഗറ്റീവ് അനുഭവം ഉണ്ടാക്കുന്ന രീതിയില്‍ സ്ഥിരമായി പെരുമാറുകയോ പ്രതികരിക്കുകയോ ചെയ്യുന്ന ആളുകളെ പ്രത്യേകം ശ്രദ്ധിക്കുകയും തിരുത്തല്‍ സാധ്യമെങ്കില്‍ അതിനുള്ള നടപടികള്‍ എടുക്കേണ്ടതുമാണ്.
  • വ്യക്തിപരമോ സാമൂഹികമായോ ഉള്ള കാരണങ്ങളാല്‍ പ്രത്യേകം മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളെ സപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നടപടികള്‍ തത്സമയങ്ങളില്‍ കൈക്കൊള്ളേണ്ടതാണ്.
  • തൊഴില്‍ ഇടങ്ങളിലും പരിസരങ്ങളിലും ആളുകള്‍ക്ക് ഊര്‍ജവും പ്രവര്‍ത്തനോത്സുകതയും കൈവരാവുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതാണ്. നിറങ്ങള്‍, ചിത്രങ്ങള്‍, ഇന്‍ഡോര്‍ പ്ലാന്റ്സ് എന്നിവയുടെ തിരഞ്ഞെടുപ്പില്‍ ആളുകളുടെ മാനസികാവസ്ഥ ആയിരിക്കും പ്രധാന മാനദണ്ഡം. സൂര്യപ്രകാശത്തിന്റെയും വായു സഞ്ചാരത്തിന്റെയും പരമാവധിയുള്ള ലഭ്യത ഉറപ്പാക്കേണ്ടതാണ്.
  • ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളും വികാര പ്രകടനങ്ങളും മറ്റൊരാളില്‍ ഒരു സ്വാധീനം ഉണ്ടാക്കും എന്ന ബോധത്തോടെ പെരുമാറുമ്പോള്‍ തന്നെ ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനാന്തരീക്ഷം മെച്ചപ്പെടുന്നതായി കാണാന്‍ സാധിക്കും. മുകള്‍തട്ട് മുതല്‍ താഴേത്തട്ടു വരെ ഈയൊരു സംസ്‌കാരത്തില്‍ ഒരു സ്ഥാപനത്തെ ചിട്ടപ്പെടുത്താന്‍ സാധിക്കുമ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യാന്‍ പ്രാപ്തിയുള്ള ഒന്നായി ഒരു സംരംഭം വളരുന്നത്.

ശ്രദ്ധിക്കാന്‍

  • പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലാണെന്ന് കരുതും. പക്ഷേ അങ്ങനെയല്ല!
  • അനലിറ്റിക്കല്‍ മനസുള്ള ഒരാളെ മാര്‍ക്കറ്റിംഗില്‍ പരീക്ഷിക്കുമ്പോള്‍ ഫലം ഊഹിക്കാവുന്നതാണ്!
  • ഉപഭോക്താവിന് ജീവനക്കാരിലൂടെ നല്ല അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാപന ഉടമ ജീവനക്കാരോട് വളരെ പരിഷ്‌കൃതമായും പക്വമായും ഇടപെടണം

(ഹാന്‍ഹോള്‍ഡ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്റ്ററാണ് ലേഖകന്‍. ഇ-മെയ്ല്‍: reachus@hanhold.com, വെബ്സൈറ്റ്: www.hanhold.com, ഫോണ്‍: 6238601079) 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com