ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കലില്‍ ഇന്ത്യയുടെ ഫിന്‍ടെക് ആവാസവ്യവസ്ഥയ്ക്ക് വലിയ പങ്കെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ പൗരന്മാര്‍ക്കും സര്‍ക്കാരിനുമിടയിലുള്ള പരസ്പര വിശ്വാസം പുനഃസൃഷ്ടിക്കുന്നതിനും ജനജീവിതത്തില്‍ കാര്യമായ പരിവര്‍ത്തനം കൊണ്ടുവരുന്നതിനും ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും ഇന്ത്യയുടെ ഫിന്‍ടെക് ആവാസവ്യവസ്ഥ ഏറെ സഹായകമായതായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന, സംരംഭകത്വ വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

''ഡല്‍ഹിയില്‍ നിന്ന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓരോ 100 രൂപയിലും 15 രൂപ മാത്രമാണ് ഗുണഭോക്താവിലേക്ക് എത്തിയതെന്നും ബാക്കി പണം ദുരൂഹമായി തട്ടിയെടുക്കപ്പെടുന്നുവെന്നും ബന്ധപ്പെട്ടവര്‍ തന്നെ തുറന്നു സമ്മതിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാലിന്ന് , സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായതും അനുവദിക്കപ്പെട്ടതുമായ തുക കൃത്യമായി അവരുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ നേരിട്ട് ലഭിക്കുന്ന അവസ്ഥ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഇത് ജനങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനൊപ്പം ചോര്‍ച്ചകള്‍ക്കും അഴിമതിക്കുമുള്ള പഴുതുകള്‍ ഒഴിവാക്കുകയും ചെയുന്നു', പ്രഗതി മൈതാനില്‍ നടന്ന ഫിന്‍ടെക് ഫെസ്റ്റിവല്‍ ഇന്ത്യയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ ശ്രീ. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നിലവില്‍ 6,636 ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫിന്‍ടെക് വിപണികളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ 87% സാമ്പത്തിക ഇടപാടുകളും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി നടന്ന 2021-ല്‍ ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായത്തിന്റെ വിപണി വലുപ്പം 31 ബില്യണ്‍ ഡോളറായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു .
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വളര്‍ച്ചാകാലത്ത് 'രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത് ഏതാനും കുടുംബങ്ങളോ അവരുടെ കമ്പനികളോ ആയിരുന്നു ; ഈ രാജ്യത്തെ
മൊത്തം അവസരങ്ങളും മൂലധനവും ഏതാണ്ട് മൊത്തമായിത്തന്നെ അവരുടെ കൈകളിലുമായിരുന്നു'വെന്നും ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഓര്‍മ്മിപ്പിച്ചു.
ഏതാണ്ട് നിര്‍ജ്ജീവമായി നിലനിന്നു പോന്ന ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ സമൂലമായി മാറ്റിമറിക്കുന്നതില്‍ ഏഴുവര്‍ഷമായി പ്രധാനമന്ത്രി തുടര്‍ന്ന് പോരുന്ന ഡിജിറ്റല്‍ ഇന്ത്യ ദര്‍ശനം ശ്രദ്ധേയമായ പങ്ക് വഹിച്ചു. രാജ്യത്തെ യുവജനങ്ങളുടെ ഊര്‍ജം, കഠിനാധ്വാനം, നൂതന കണ്ടെത്തലുകള്‍ , നവീനമായ ആശയങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ രാജ്യം ഇന്ന് ശരിയായ ദിശയില്‍ മുന്നോട്ടു നയിക്കപ്പെടുന്നു'' , അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണ രംഗത്തെ മികവിന് സാങ്കേതികതയുടെ കരുത്ത് ഉപയോഗപ്പെടുത്തിയ മാതൃകയില്‍ സാമ്പത്തിക മേഖലയിലും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക വഴി രാജ്യത്ത് ശക്തമായ ഒരു സാമ്പത്തിക ആവാസവ്യവസ്ഥക്ക് രൂപം നല്‍കാന്‍ നമുക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. അതേസമയം തന്നെ മറുവശത്ത് ഡ്രോണുകളും ഇതര ബഹിരാകാശ സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സമഗ്ര വികസനത്തില്‍ നമ്മള്‍ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു.
നീതി ആയോഗ്, വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ എന്നിവ സംയുകതമായാണ് പ്രഗതി മൈതാനിയില്‍ രണ്ടു ദിവസത്തെ ഫിന്‍ടെക് ഫെസ്റ്റിവല്‍ ഇന്ത്യ സംഘടിപ്പിച്ചത്.


Related Articles
Next Story
Videos
Share it